സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് ഭർത്താവിന്റെ ക്രൂരത; യുവതിയെ മുറിയിൽ പൂട്ടിയിട്ട ശേഷം വിഷപ്പാമ്പിനെ തുറന്നുവിട്ടു; കടിയേറ്റ് വേദനകൊണ്ട് പുളഞ്ഞ യുവതി നിലവിളച്ചു; സഹായത്തിനായി വാവിട്ട് കരഞ്ഞു; എല്ലാം കേട്ട് ചിരിച്ച് ഭർത്താവിന്റെ കുടുംബം
കാൺപൂർ: സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് യുവതിയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. കാൺപൂരിലാണ് സംഭവം. ഭർത്താവ് ഷാനവാസ് ഉൾപ്പെടെ ഏഴുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മുറിയിൽ വിഷപ്പാമ്പിനെ തുറന്നുവിട്ടാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സെപ്റ്റംബർ 18-നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ ഭർത്താവ് ഷാനവാസ്, മാതാപിതാക്കൾ, സഹോദരൻ, സഹോദരി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
രേഷ്മ എന്ന യുവതിയെയാണ് ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞാണ് ഷാനവാസ് രേഷ്മയെ മുറിയിൽ പൂട്ടിയിട്ട് വിഷപ്പാമ്പിനെ തുറന്നുവിട്ടത്. പാമ്പുകടിയേറ്റ രേഷ്മയുടെ നില ഗുരുതരമാണ്. കേണൽ ഗഞ്ചിലെ പൊലീസ് ഇൻസ്പെക്ടർ വിനീത് കുമാർ പറഞ്ഞു. വേദനകൊണ്ട് പുളഞ്ഞ യുവതി നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്തെങ്കിലും കുടുംബാംഗങ്ങൾ പുറത്തിരുന്ന് ചിരിക്കുകയായിരുന്നു. പിന്നീട് രേഷ്മ സഹോദരിയെ ഫോണിൽ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. അവർ എത്തിയപ്പോഴേക്കും അവശനിലയിലായിരുന്നു രേഷ്മ.
2021-ലാണ് ഷാനവാസും രേഷ്മയും വിവാഹിതരായത്. പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ടുള്ള പ്രശ്നങ്ങൾ തുടങ്ങിയെന്ന് രേഷ്മയുടെ കുടുംബം പറയുന്നു. വിവാഹത്തിനു ശേഷം ഒന്നര ലക്ഷം ഷാനവാസിന്റെ കുടുംബത്തിനു നൽകിയിരുന്നു. എന്നാൽ അഞ്ച് ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ പേരിൽ പലതവണ രേഷ്മയെ ഷാനവാസ് കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
കൊല്ലത്ത് സമാനമായ സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം വലിയ വിവാദമായിരുന്നു. ഈ സംഭവത്തിനു സമാനമായ രീതിയിലുള്ള മറ്റൊരു അതിക്രമമാണ് ഇപ്പോൾ കാൺപൂരിൽനിന്നും പുറത്തുവന്നിരിക്കുന്നത്. യുവതിയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.