ബാലരാമപുരത്തെ രണ്ടവയസുകാരിയുടെ കൊലപാതകം; കൊന്നത് ആരെന്നറിഞ്ഞിട്ടും എന്തിന് എന്നതില്‍ വ്യക്തത ഇല്ല; ശ്രീതുവിനെതിരെയും കേസ്; ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കും
തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെതിരെ കൂടുതല്‍ പരാതി. ജോലി വാദ്ഗാദം ചെയ്ത് പണം തട്ടിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന പേരിലാണ് ഇവര്‍ പണം തട്ടിയതെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മൂന്ന് പേരുടെ മൊഴി രേഖപ്പെടുത്തി. ശ്രീതുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. എന്നാല്‍ കരാര്‍ അടിസ്ഥാനത്തില്‍ പോലും ശ്രീതു ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ മാതാവിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് കൊലപാതകവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കൊലപാതക കാരണത്തില്‍ വ്യക്തത വരുത്താനാകാതെ പോലീസ്. ശ്രീതുവിനോടുള്ള സഹോദരന്‍ ഹരികുമാറിന്റെ പ്രത്യേക താത്പര്യം എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ശ്രീതുവിന് കൊലയുമായി പങ്കുണ്ടെന്ന് കണ്ടെത്താനും പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കൊന്നത് ആരെന്നു തിരിച്ചറിഞ്ഞിട്ടും എന്തുകൊണ്ടെന്ന ചോദ്യത്തിനാണ് ഇനിയും വ്യക്തത വരാത്തത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ സഹോദരിക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിന്റെ കരച്ചില്‍ പോലും പ്രതിക്ക് അരോചകമായെന്നും കണ്ടെത്തലുണ്ട്. പെട്ടെന്നുണ്ടായ പ്രകോപനം മാത്രമാണോ കൊലയ്ക്ക് കാരണമെന്നാണ് അറിയേണ്ടത്. ശ്രീതുവിനോ ഇവരുമായി ബന്ധമുള്ള ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്നതടക്കം കണ്ടെത്തണം.