ചേട്ടാ..നമുക്ക് ഇന്ന് കാണാമോ? നോ..എന്ന് മാത്രം പറയരുത്..!! ഡേറ്റിംഗ് ആപ്പിലൂടെ ഒരു 'ഹൈ' അയച്ച് തുടങ്ങിയ ബന്ധം; ഇരുവരും തമ്മിൽ ചാറ്റ് ചെയ്ത് വിട്ടുപിരിയാൻ കഴിയാത്ത വിധം അടുത്തതും രണ്ടുംകല്പിച്ച് ആ തീരുമാനം; ഒടുവിൽ പ്രണയം തലയ്ക്ക് പിടിച്ച യുവാവ് കണ്ടത് മനുഷ്യരൂപമല്ലാത്ത കാമുകിയെ
ബെംഗളൂരു: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട 'ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) കാമുകി'യുടെ ഭീഷണിക്കിരയായി ബെംഗളൂരുവിലെ 22 വയസ്സുകാരനായ സോഫ്റ്റ്‌വെയർ എൻജിനീയർക്ക് 1.53 ലക്ഷം രൂപ നഷ്ടമായി. തൻ്റെ നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം, അത് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുകാർ പണം കൈക്കലാക്കിയത്. സംഭവത്തിൽ പോലീസ് ഐടി നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജനുവരി അഞ്ചിനാണ് ബെംഗളൂരുവിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ഹാപ്പൻ എന്ന ഡേറ്റിങ് ആപ്പിൽ 'ഇഷാനി' എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സ്ത്രീയുമായി സംസാരിച്ചു തുടങ്ങിയത്. സന്ദേശങ്ങളിലൂടെ വ്യക്തിപരമായ വിവരങ്ങൾ കൈമാറിയതിന് ശേഷം ഇരുവരുടെയും സംഭാഷണം വാട്സ്ആപ്പിലേക്ക് മാറി. തുടർന്ന് ഈ സ്ത്രീയുടെ നമ്പറിൽ നിന്ന് യുവാവിന് ഒരു വിഡിയോ കോൾ ലഭിച്ചു. ഈ വിഡിയോ കോളിനിടെ യുവാവിൻ്റെ നഗ്നചിത്രങ്ങൾ തട്ടിപ്പുകാർ പകർത്തി.
സംഭാഷണം അവസാനിച്ചതിന് പിന്നാലെ, പണം നൽകിയില്ലെങ്കിൽ യുവാവിൻ്റെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അയക്കുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശങ്ങൾ എത്തിത്തുടങ്ങി. ആദ്യമൊക്കെ യുവാവ് ഇത് അവഗണിച്ചെങ്കിലും, തുടർച്ചയായി ഫോൺ കോളുകളും സന്ദേശങ്ങളും ലഭിച്ചതോടെ ഭയന്നുപോയി. ഭീഷണിക്ക് വഴങ്ങി യുവാവ് 60,000 രൂപ തട്ടിപ്പുകാർ ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് കൈമാറി. ജനുവരി ആറിന് വൈകുന്നേരം 93,000 രൂപ കൂടി ഒരു ബാങ്ക് അക്കൗണ്ടിലേക്കും രണ്ട് യുപിഐ ഐഡികളിലേക്കും ഇദ്ദേഹം അയച്ചു. ഇതോടെ ആകെ 1.53 ലക്ഷം രൂപയാണ് യുവാവിന് നഷ്ടപ്പെട്ടത്.
വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങൾ ലഭിച്ചപ്പോൾ യുവാവ് നടന്ന സംഭവങ്ങൾ സുഹൃത്തിനോട് തുറന്നുപറഞ്ഞു. സുഹൃത്തിൻ്റെ നിർദേശപ്രകാരമാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.
ഡേറ്റിങ് ആപ്പിൽ സ്ത്രീയുടെ പ്രൊഫൈൽ സൃഷ്ടിക്കാൻ തട്ടിപ്പുകാർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ചതായി പോലീസ് പറയുന്നു. ഡേറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട ലൈംഗിക ചൂഷണ കേസുകൾ വർധിച്ചുവരുന്നതായും, ഓൺലൈനിൽ അപരിചിതരുമായി ഇടപഴകുമ്പോൾ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. യുവാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.