ഒരാള്‍ അലമാരയില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ കവരുന്നു; മറ്റൊരാള്‍ ഇരുമ്പ് വടിയുമായി കാവല്‍; ഉണര്‍ന്നെങ്കില്‍ ജീവന്‍ പോയേനെ; ഹൈക്കോടതി മുന്‍ ജഡ്ജിയുടെ വീട്ടിലെ കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഹൈക്കോടതി മുന്‍ ജഡ്ജിയുടെ വീട്ടിലെ കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഭോപ്പാല്‍: ഗുവാഹത്തി ഹൈക്കോടതി മുന്‍ ജഡ്ജി രമേശ് ഗാര്‍ഗിന്റെ വീട്ടില്‍ നടന്ന വന്‍ കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളാണ് കവര്‍ച്ച നടത്തിയത്. ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും വിലപിടിപ്പുള്ള വസ്തുക്കളുമാണ് വീട്ടില്‍ നിന്നും കവര്‍ന്നത്. കവര്‍ച്ച സമയത്ത് രമേശും കുടുംബവും ഉറക്കത്തിലായതിനാലാണ് ഇവരുടെ ജീവന്‍ രക്ഷപ്പെട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഏകദേശം 20 മിനിട്ട് സമയമാണ് കവര്‍ച്ചക്കാര്‍ വീട്ടിനുള്ളില്‍ ചെലവഴിച്ചത്. മുഖംമൂടി മാത്രമല്ല കയ്യുറകളും ഇവര്‍ ധരിച്ചിരുന്നു. മൂന്ന് മോഷ്ടാക്കളെയാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. ആദ്യം ജഡ്ജിയുടെ കിടപ്പുമുറിയിലേക്ക് ഒരാള്‍ കയറി അലമാരയില്‍ നിന്നും ഓരോ സാധനങ്ങളായി എടുക്കാന്‍ തുടങ്ങി. മറ്റൊരാള്‍ ഇരുമ്പ് വടിയുമായി രമേശ് ഗാര്‍ഗിന്റെ സമീപത്ത് നില്‍ക്കുന്നുണ്ട്. മൂന്നാമത്തെയാള്‍ പുറത്ത് കാവല്‍ നില്‍ക്കുന്നതും കാണാം.
രമേശും കുടുംബവും നല്ല ഉറക്കത്തിലായതിനാല്‍ മോഷണം നടന്ന വിവരം അറിഞ്ഞിരുന്നില്ല. ഒരുപക്ഷ, ഉണര്‍ന്നിരുന്നെങ്കില്‍ ഇവര്‍ക്ക് ജീവന്‍ പോലും നഷ്ടമായേനെ. ഇതേദിവസം തന്നെ സമീപ പ്രദേശങ്ങളിലെ പല വീടുകളിലും കവര്‍ച്ച നടന്നു. സംഘടിതമായി മോഷണം നടത്തുന്നതിന്റെ നിരവധി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
സംഭവം അന്വേഷിക്കാനായി പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഉമാകാന്ത് ചൗധരി പറഞ്ഞു. കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് ഒന്നിലധികം അന്വേഷണ സംഘങ്ങളെ രൂപീകരിച്ചത്. സംശയം തോന്നിയ പലരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ചൗധരി വ്യക്തമാക്കി.