പാര്‍ട്‌നര്‍ഷിപ് വേര്‍പിരിഞ്ഞതോടെ സാധനങ്ങള്‍ പങ്കുവെക്കാന്‍ ധാരണ; ആംബുലന്‍സും കാറും രണ്ട് മൊബൈല്‍ ഫ്രീസറും രണ്ട് സ്വര്‍ണക്കുരിശും ജോമോന് നല്‍കാന്‍ ധാരണ; ഈ ധാരണ തെറ്റിച്ചു ബിജുവും; ക്വട്ടേഷന്‍ നല്‍കിയത് ഇതോടെ; ജോമോന്‍ മുമ്പും ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം തേടിയെന്ന് വെളിപ്പെടുത്തലും
പാര്‍ട്‌നര്‍ഷിപ് വേര്‍പിരിഞ്ഞതോടെ സാധനങ്ങള്‍ പങ്കുവെക്കാന്‍ ധാരണ
തൊടുപുഴ: പാര്‍ട്‌നര്‍ഷിപ് വേര്‍പിരിഞ്ഞ ശേഷം വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പങ്കുവയ്ക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ തൊടുപുഴയില്‍ കൊല്ലപ്പെട്ട ബിജു ജോസഫും ക്വട്ടേഷന്‍ നല്‍കിയ ജോമോനും തമ്മില്‍ ധാരണയായിരുന്നു. ഈ ധാരണ തെറ്റിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആംബുലന്‍സ് (ജനറേറ്റര്‍ ഉള്‍പ്പെടെ), കാര്‍, 2 മൊബൈല്‍ ഫ്രീസര്‍, സൗണ്ട് സിസ്റ്റം, ലൈറ്റ് സിസ്റ്റം, ചുമര്‍ ഫാനുകള്‍, 2 സ്വര്‍ണക്കുരിശ് എന്നിവ ജോമോനു നല്‍കാന്‍ ധാരണയായിരുന്നു. 2 വാന്‍ (ജനറേറ്റര്‍ ഉള്‍പ്പെടെ), ആംബുലന്‍സ്, ഒരു മൊബൈല്‍ ഫ്രീസര്‍, 2 സ്വര്‍ണക്കുരിശ് എന്നിവ ബിജുവിനു നല്‍കാനമായിരുന്നു ധാരണ.
ഇതില്‍ ബിജുവും ജോമോനും രണ്ടു സാക്ഷികളും ഒപ്പിട്ടിരുന്നു. ഈ ധാരണ തെറ്റിച്ചതാണു കൊലപാതകത്തിനു കാരണമായി ജോമോന്‍ പറഞ്ഞത്. അതേസമയം ബിജുവിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ സൂചന. ഭീഷണിപ്പെടുത്തി പണം വാങ്ങാനായിരുന്നു നീക്കം. എന്നാല്‍, ഈ ശ്രമം മരണത്തില്‍ കലാശിച്ചിരുന്നു. ജോമോന്‍ മുമ്പും ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരവും. ആദ്യം ക്വട്ടേഷന്‍ നല്‍കിയത് കൊച്ചിയിലെ കണ്ടെയ്‌നര്‍ സാബുവിനാണ്. വീട് ആക്രമിക്കാന്‍ സാബു ലക്ഷ്യമിട്ടതോടെ ജോമന്‍ ക്വട്ടേഷനില്‍ നിന്നും പിന്‍മാറി. ഇതിന് ശേഷമാണ് പുതിയ ക്വട്ടേഷന്‍ വഴി തേടിയത്. അയല്‍വാസിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
അതേസമയം ബിജുവിന്റെ മരണത്തിലേക്ക് നയിച്ചതിന്റെ കാരണവും പുറത്തുവന്നു. തലയ്ക്കുള്ളിലേറ്റ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൈ കൊണ്ടുള്ള മര്‍ദനത്തിലാണു ക്ഷതമേറ്റതെന്നും 3 വാരിയെല്ലുകളും കഴുത്തും ഒടിഞ്ഞിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ട ചുങ്കം മുളയിങ്കല്‍ ബിജു ജോസഫിന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ഇന്ന് ഉച്ചകഴിഞ്ഞ് 2നു ചുങ്കം സെന്റ് മേരീസ് പള്ളിയില്‍ സംസ്‌കാരം നടത്തും.
കേസിലെ ഒന്നാം പ്രതിയും ബിജുവിന്റെ ബിസിനസ് പങ്കാളിയുമായിരുന്ന കലയന്താനി തേക്കുംകാട്ടില്‍ ജോമോന്‍ ജോസഫിനെ (51) ഇന്നലെ രാവിലെ റിമാന്‍ഡ് ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘാംഗങ്ങളും മറ്റു പ്രതികളുമായ മുഹമ്മദ് അസ്‌ലം, ജോമിന്‍ കുര്യന്‍ എന്നിവരുമായി പൊലീസ് ഇന്നലെ തെളിവെടുപ്പു നടത്തി. ബിജുവിനെ തട്ടിക്കൊണ്ടുപോയ കോലാനി പഞ്ചവടിപ്പാലത്തിനു സമീപം എത്തിച്ചു. ബിജുവിനെ പിന്തുടര്‍ന്ന സ്ഥലം മുതല്‍ വാനില്‍ ബലം പ്രയോഗിച്ചു കയറ്റിയ സ്ഥലം വരെ പ്രതികള്‍ കാട്ടിക്കൊടുത്തു. ഇവിടെനിന്നു ബിജുവിന്റെ ചെരിപ്പു കണ്ടെടുത്തു.
പിന്നീട്, മൃതദേഹം കുഴിച്ചിട്ട കലയന്താനിയിലെ കേറ്ററിങ് ഗോഡൗണിലെത്തിച്ചു. തെളിവെടുപ്പു പൂര്‍ത്തിയാക്കിയതോടെ ഇരുവരെയും റിമാന്‍ഡ് ചെയ്തു. മറ്റൊരു പ്രതിയായ ആഷിക് ജോണ്‍സണ്‍ നിലവില്‍ കാപ്പ നിയമപ്രകാരം എറണാകുളത്തു റിമാന്‍ഡിലാണ്. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങും.
ബിസിനസ് പങ്കാളികളായ ബിജുവും ജോമോനും പാര്‍ട്‌നര്‍ഷിപ് വേര്‍പിരിഞ്ഞ ശേഷം നടന്ന തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കൊലപ്പെടുത്തി മാലിന്യക്കുഴിയില്‍ മൃതദേഹം താഴ്ത്തുകയായിരുന്നു. ബിജുവിന്റെ ഭാര്യ മഞ്ജു നല്‍കിയ പരാതി അന്വേഷിച്ചാണു പൊലീസ് പ്രതികളെ കണ്ടെത്തിയത്.
നാടിനെ നടുക്കിയ കൊലപാതകം നടത്തി മാലിന്യക്കുഴിയില്‍ താഴ്ത്തിയത് 3 മണിക്കൂറിനുള്ളിലെന്നു പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. ചുങ്കം മുളയിങ്കല്‍ ബിജു ജോസഫിനെ വ്യാഴാഴ്ച പുലര്‍ച്ചെ 5നു ജോമോന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി. വാനില്‍ വച്ചു മര്‍ദിച്ചതിനെത്തുടര്‍ന്നു ബിജു കൊല്ലപ്പെട്ടു. ജോമോന്റെ ബന്ധുവിന്റെ വാനാണു തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചത്.
സ്‌കൂട്ടറില്‍ സഞ്ചരിച്ച ബിജുവിനെ വാന്‍ ഉപയോഗിച്ചു തടഞ്ഞു. ബലം പ്രയോഗിച്ചു ബിജുവിനെ വാനില്‍ കയറ്റി. തുടര്‍ന്നു ബിജു ശബ്ദം ഉണ്ടാക്കിയതോടെ രണ്ടാം പ്രതി ആഷിക് ജോണ്‍സണ്‍ തലയിലും കഴുത്തിലും ചവിട്ടിപ്പിടിച്ചു. ഇതിനിടെ ബിജു കൊല്ലപ്പെട്ടു. ജോമോന്‍ 12,000 രൂപ ക്വട്ടേഷന്‍ സംഘത്തിനു ഗൂഗിള്‍ പേ വഴി നല്‍കിയ തെളിവും പൊലീസിനു ലഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പരാതി ലഭിച്ചതിനു പിന്നാലെ, സംശയം തോന്നിയ രണ്ടു പേരുടെ നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചു. ഒന്നു ജോമോനും മറ്റൊരാള്‍ മുട്ടം സ്വദേശിയുമായിരുന്നു. ജോമോന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ജോമോന്റെ ബന്ധുവിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ജോമോന് 25,000 രൂപ ഓണ്‍ലൈനായി നല്‍കിയതായി കണ്ടെത്തി. ഇയാളില്‍ നിന്നാണു ബിജു കൊല്ലപ്പെട്ടതും ജോമോനും സംഘവും മുങ്ങിയതും പൊലീസ് അറിഞ്ഞത്. ജോമോന്‍ ആലുവയില്‍ ഉണ്ടെന്നറിഞ്ഞ് എസ്‌ഐ എന്‍.എസ്.റോയിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം അവിടേക്കു തിരിച്ചു.
റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തുന്നതിനിടെ ജോമോന്റെ ഉടമസ്ഥതയിലുള്ള ദേവമാതാ കേറ്ററിങ്ങിന്റെ വാഹനം കണ്ടെത്തുകയും അതിനുള്ളില്‍ കിടന്നുറങ്ങിയിരുന്ന ജോമോനെ പിടികൂടുകയുമായിരുന്നു. ജോമോന്റെ മൊഴി പ്രകാരം നെട്ടൂരിലെ ലോഡ്ജില്‍ നിന്നു മറ്റു രണ്ടു പ്രതികളെയും പിടികൂടി. ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍, എസ്‌ഐ എന്‍.എസ്.റോയി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.