ഷെയര്‍ ട്രേഡിങില്‍ നിക്ഷേപിച്ചാല്‍ മാസം തോറും വമ്പന്‍ ലാഭം വാഗ്ദാനം; തട്ടിപ്പുകാരന് കൊടുത്തത് 2.65 കോടി; ബില്യണ്‍ ബീസ് തട്ടിപ്പിലെ പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍; ഇരിങ്ങാലക്കുടയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 11 കേസുകള്‍; തട്ടിപ്പ് അന്വേഷിക്കാന്‍ ഇഡിയും

ഷെയര്‍ ട്രേഡിങില്‍ നിക്ഷേപിച്ചാല്‍ മാസം തോറും വമ്പന്‍ ലാഭം വാഗ്ദാനം

Update: 2025-03-24 02:51 GMT

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ ബില്യണ്‍ ബീസ് സാമ്പത്തിക തട്ടിപ്പില്‍ പ്രധാന പ്രതികളിലൊരാളായ നടവരമ്പ് കിഴക്കേ വളപ്പില്‍ സുബിന്‍ (37) അറസ്റ്റില്‍. കാരുമാത്ര സ്വദേശി 2,65,33,000 രൂപ ഷെയര്‍ ട്രേഡിങ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതായി കാണിച്ച് നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. കേസില്‍ പ്രതിയായതോടെ സുബിന്‍ ഒളിവില്‍ പോയിരുന്നു.

നടവരമ്പ് കിഴക്കേവളപ്പില്‍ ബിബിന്‍, ഭാര്യ ജയ്ത, ബിബിന്റെ സഹോദരന്‍ സുബിന്‍ എന്നിവര്‍ ചേര്‍ന്ന് ഷെയര്‍ ട്രേഡിങ് ബിസിനസ് നടത്തി മാസംതോറും ലാഭവിഹിതം കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് 2018 ഏപ്രില്‍ മൂന്നു മുതല്‍ 2023 ജനുവരി 20 വരെയുളള കാലയളവില്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയപ്പിച്ച് 2,65,33,000 രൂപ തട്ടിയെടുത്തത്. ലാഭവിഹിതമോ വാങ്ങിയ പണമോ തിരികെ ലഭിക്കാതെവന്നപ്പോഴാണ് പരാതി നല്‍കിയത്.

ബില്യണ്‍ ബീസ് ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തിയതിന് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത 11 കേസുകളില്‍ നാലിലും സുബിന്‍ പ്രതിയാണ്. ഇതില്‍ ഒരു കേസ് മാര്‍ച്ച് 22നാണ് രജിസ്റ്റര്‍ ചെയ്തത്. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശിയില്‍നിന്ന് 2019 ജനുവരി മുതല്‍ 2022 ഒക്ടോബര്‍ വരെ ഷെയര്‍ ട്രേഡിങ് നടത്തി ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് 28 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍, 2023 ഒക്ടോബറിന് ശേഷം ലാഭവിഹിതമോ വാങ്ങിയ പണമോ തിരികെ നല്‍കാതെ തട്ടിപ്പ് നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തിയശേഷം പ്രതികള്‍ ഒളിവിലായിരുന്നു. പ്രതിയായ സുബിന്‍ കോലോത്തുംപടിയില്‍ വന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിന്റെ മേല്‍നോട്ടത്തില്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്. ഷാജന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ദിനേഷ് കുമാര്‍, രാജു, സതീശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിജോഷ്, മുരുകദാസ്, രജീഷ്, സിജു എന്നിവര്‍ ചേര്‍ന്നാണ് സുബിനെ അറസ്റ്റ് ചെയ്തത്.

അതിനിെ ബില്യണ്‍ ബീസ് ഷെയര്‍ ട്രേഡിങ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിക്കാരുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ബന്ധപ്പെട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ചില്‍ നിന്ന് പരാതിക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചത്. പരാതിക്കാരുടെ വാട്‌സാപ് കൂട്ടായ്മയിലെ അഡ്മിന്‍ ആയ അംഗങ്ങളോടാണ് ആശയവിനിയമം നടത്തിയത്. 55 പരാതികളാണ് പൊലീസില്‍ ലഭിച്ചിരിക്കുന്നത്. ഈ പരാതിക്കാര്‍ക്കെല്ലാംകൂടി ആകെ നഷ്ടപ്പെട്ടിരിക്കുന്നത് പത്തേകാല്‍ കോടി രൂപ.

പണം നഷ്ടപ്പെട്ടവരുണ്ടാക്കിയ വാട്‌സാപ് ഗ്രൂപ്പുകളില്‍ 145 പേരുണ്ടെന്നാണ് വിവരം. പലരും പരാതി നല്‍കാന്‍ തയാറായിട്ടില്ല. ഒരു ലക്ഷം മുതല്‍ രണ്ടരക്കോടി വരെ നിക്ഷേപിച്ചവര്‍ ഉണ്ട്. ഇരിങ്ങാലക്കുട നടവരമ്പ് കിഴക്കേവളപ്പില്‍ ബിബിന്‍ (35), ഭാര്യ ജൈത വിജയന്‍ (33), സുബിന്‍, സ്ഥാപനത്തിന്റെ ജനറല്‍ മാനേജര്‍ ആയിരുന്ന സജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍.

Tags:    

Similar News