ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍; ബിജെപിയെ പിന്തുണച്ചതിന് കൊലപ്പെടുത്തിയതെന്ന് ആരോപിച്ചു കുടുംബം; രണ്ട് സമജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ഉപതിരഞ്ഞെടുപ്പിനിടെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച് യുവതിയുടെ കൊലപാതകം
ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍
ലഖ്നൗ: ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ കര്‍ഹാല്‍ നിയോജക മണ്ഡലത്തില്‍ 23-കാരിയായ ദളിത് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍. ഈ പകല്‍ യുപിയില്‍ സജീവമായി ചര്‍ച്ചയായതും ദളിത് യുവതിയുടെ കൊലപാതകമായിരുന്നു. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്യുന്നതിനെതിരേ സമജ്വാദി പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം അറിയിച്ചതോടെയാണ് രംഗം കൊഴുത്തത്.
യുവതിയുടെ പിതാവിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് സമജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരായ പ്രശാന്ത് യാദവ്, മോഹന്‍ കതേരിയ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരാണോ യഥാര്‍ഥ പ്രതികള്‍ എന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതിനാണ് പ്രതികള്‍ മകളെ കൊലപ്പെടുത്തിയതെന്ന് യുവതിയുടെ മാതാപിതാക്കള്‍ മൊഴി നല്‍കിയതായി മെയിന്‍പുരി ജില്ലാ പോലീസ് മേധാവി വിനോദ് കുമാര്‍ പറഞ്ഞു.
പ്രശാന്ത് യാദവ് മൂന്ന് ദിവസം മുമ്പ് വീട്ടില്‍ വന്ന് ഏത് പാര്‍ട്ടിക്കാണ് വോട്ടുചെയ്യുകയെന്ന് ചോദിച്ചിരുന്നു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച വീട്ടിലാണ് തങ്ങള്‍ താമസിക്കുന്നത്. അതിനാല്‍ തന്നെ ബിജെപിയുടെ താമര ചിഹ്നത്തിനാണ് വോട്ടുചെയ്യുകയെന്ന് മകള്‍ മറുപടി നല്‍കി. ഇതോടെ പ്രശാന്ത് അവളെ ഭീഷണിപ്പെടുത്തുകയും സമാദ്വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിന് വോട്ടുചെയ്യാന്‍ ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് യുവതിയുടെ പിതാവ് നല്‍കിയ മൊഴിയില്‍ പറയുന്നു.
യുവതിയുടെ മരണത്തില്‍ സമാജ്വാദി പാര്‍ട്ടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ബിജെപിക്ക് വോട്ടുചെയ്യുമെന്ന് പറഞ്ഞതിനാണ് ദളിത് യുവതിയെ സമാജ്വാദി പാര്‍ട്ടിയുടെ പ്രശാന്ത് യാദവും സഹായികളും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് ബിജെപി അധ്യക്ഷന്‍ ഭൂപേന്ദ്ര സിങ് ചൗധരി എക്‌സില്‍ കുറിച്ചു. സംഭവത്തില്‍ സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ തന്നെ നല്‍കണമെന്ന് പാര്‍ട്ടിയുടെ കര്‍ഹാല്‍ സ്ഥാനാര്‍ത്ഥി തേജ് പ്രതാപ് യാദവ് പറഞ്ഞു.
മരണപ്പെടുന്നതിന് മുന്‍പ് മകള്‍ പീഡനത്തിനിരയായിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നുണ്ട്. നവംബര്‍ 19നാണ് ഇയാള്‍ ഭീഷണിമുഴക്കിയത് സംഭവ ദിവസം രാത്രി രണ്ട് പേര്‍ യുവതിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയെന്ന് ചില നാട്ടുകാര്‍ പറഞ്ഞു. പിന്നാലെയാണ് ഇന്ന് ചാക്കിലാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞതോടെ പൊലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.