ഇന്ന് ബോംബ് ഭീഷണി തിരുവനന്തപുരം വിമാനത്താവളത്തിലും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും; സന്ദേശം എത്തിയത് ഇമെയിലില്‍; പരിശോധന കര്‍ശനമാക്കി; വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനാവാതെ പൊലീസ്
തിരുവനന്തപുരം വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി. വിമാനത്താവളത്തിലെ മാനേജറുടെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ കളക്ടറേറ്റുകളില്‍ ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ സന്ദേശമാണെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. കൊല്ലം, പാലക്കാട്, കോട്ടയം കളക്ടറേറ്റുകളിലായിരുന്നു ഭീഷണി സന്ദേശം വന്നത്. ഇതിന് പിന്നാലെയാണ് റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും ബോംബ് വച്ചതായി ഭീഷണി സന്ദേശം വന്നത്.
റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. തിരുവനന്തപുരത്തെ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഹോട്ടലിലും ആക്കുളത്തെ ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഹോട്ടല്‍ അധികൃതരാണ് സന്ദേശമെത്തിയ വിവരം പൊലീസിനെ അറിയിച്ചത്.ഇന്നലെ രാവിലെ 11ഓടെയാണ് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഹോട്ടലിലും, ബൈപ്പാസില്‍ ആക്കുളം പാലത്തിന് സമീപത്തുള്ള ഹോട്ടലിലും വ്യാജ ബോംബ് ഭീഷണികളെത്തിയത്.
പൊലീസ് നായ്ക്കളെ കൊണ്ടുവന്ന് ബോംബ് സ്‌ക്വാഡ് പരിശോധിച്ചു. തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിന്റെ മെയിലിലേക്കാണ് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഹോട്ടലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമെത്തിയത്. ഹോട്ടല്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഫയര്‍ഫോഴ്‌സ് വാഹനങ്ങളും സജ്ജമായിരുന്നു. താമസക്കാരുടെ സാധനങ്ങളുള്‍പ്പെടെ പരിശോധിച്ചെങ്കിലും അസ്വഭാവികമായൊന്നും കണ്ടെത്തിയില്ല.ഇതോടെ നേരത്തെ ക്രമീകരിച്ച പരിപാടികള്‍ യഥാസമയം ഹോട്ടലില്‍ നടന്നു. ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയോടെ പൊട്ടുമെന്നുമായിരുന്നു ആക്കുളത്തെ ഹോട്ടലില്‍ വന്ന ഇമെയില്‍ സന്ദേശം. തുടര്‍ന്ന് ഹോട്ടല്‍ പരിസരത്തും മുറികളിലും ബോംബ് സ്‌ക്വാഡും തുമ്പ പൊലീസും പരിശോധന നടത്തി. താമസക്കാരെ ഒഴിപ്പിക്കാതെയായിരുന്നു പരിശോധന.
തിരുവനന്തപുരം കളക്ടറുടെ പേരിലും വ്യാജ മെയില്‍ ഭീഷണി സന്ദേശം അയച്ചതിന് പിന്നാലെയാണ് മാപ്പപേക്ഷ മെയില്‍ അയച്ചത്. കളക്ടറുടെ പേരില്‍ മെയിലുണ്ടാക്കി കളക്ടര്‍ക്ക് തന്നെ മെയില്‍ അയച്ചു. ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറണമെന്ന് മൈക്രോസോഫ്റ്റിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
നിരന്തരമായി എത്തുന്ന വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളില്‍ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. വ്യാജ ഇ മെയില്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇ-മെയില്‍ വിലാസമുണ്ടാക്കിയത് ഡാര്‍ക്ക് വെബില്‍ നിന്നാണ്. പൊലീസിനെ വട്ടം ചുറ്റിക്കുന്നത് സൈബര്‍ സൈക്കോ ആണെന്നാണ് സംശയം. ഇ മെയില്‍ സംബന്ധിച്ച് വിവരങ്ങള്‍ കൈമാറണമെന്ന് മൈക്രോസോഫ്റ്റിനോട് പൊലീസ് ആവശ്യപ്പെട്ടു. വ്യാജ ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് ഒന്‍പത് കേസുകളാണ് ഇതുവരെ എടുത്തത്.
വ്യാജ ഇ മെയില്‍ ബോംബ് ഭീഷണിയില്‍ നട്ടംതിരിയുകയാണ് കേരളാ പൊലീസ്. വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയുന്നില്ല എന്നാണ് ഏറ്റവും വലിയ പ്രതിസന്ധി. ഏറ്റവും കൂടുതല്‍ സന്ദേശമെത്തിയത് തിരുവനന്തപുരത്താണ്. വ്യാജ ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളെടുത്തുവെങ്കിലും അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടില്ല. ഇ-മെയില്‍ ഉണ്ടാക്കിയത് ഡാര്‍ക്ക് വെബ് ഉപയോഗിച്ചാണ്. ഹോട്ട്‌മെയിലില്‍ മെയില്‍ വിലാസമുണ്ടാക്കിയത് ഡാര്‍ക്ക് വെബില്‍ നിന്നാണ്. വ്യാജ ഭീഷണി സന്ദേശം അയച്ച് പൊലീസിനെ വട്ടം ചുറ്റിക്കുന്ന 'സൈബര്‍ സൈക്കോ' ആണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.