ഡല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വീണ്ടും ബോംബ് ഭീഷണി; ഭീഷണി സന്ദേശം ലഭിച്ചത് ഡല്‍ഹിയിലെ അഞ്ച് സ്‌കൂളുകളില്‍; സന്ദേശം ലഭിച്ചത് ഇ-മെയില്‍ വഴി; ബോംബ് സ്‌ക്വാഡ് അന്വേഷണം നടത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വീണ്ടും ബോംബ് ഭീഷണി. ബുധനാഴ്ച ഡല്‍ഹിയിലെ അഞ്ച് സ്‌കൂളുകള്‍ക്കാണ് ഇ-മെയില്‍ മുഖേന ഭീഷണി സന്ദേശം ലഭിച്ചത്. ദ്വാരകയിലെ സെന്റ് തോമസ് സ്‌കൂള്‍, വസന്ത് വിഹാറിലെ വസന്ത് വാലി സ്‌കൂള്‍ ഉള്‍പ്പെടെ അഞ്ച് സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം പോയത്. സെന്റ് തോമസ് സ്‌കൂളില്‍ മാത്രം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്.
ഇതേ തുടര്‍ന്ന് പോലീസ് ടീമുകളും ബോംബ് സ്‌ക്വാഡും അടിയന്തിരമായി സ്‌കൂളുകളിലെത്തി വിശദമായ പരിശോധന നടത്തി. എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ഇ-മെയില്‍ സ്പൂഫിംഗ്, ഐപി അഡ്രസ് മാസ്‌കിങ് തുടങ്ങിയ സാങ്കേതിക തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതെന്ന് സൈബര്‍ സെല്‍ അധികൃതര്‍ വ്യക്തമാക്കി. ഇതോടെ സന്ദേശത്തിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തുന്നത് പ്രതിസന്ധിയായിരിക്കുകയാണ്.
മുന്നറിയിപ്പുകള്‍ ഗൗരവത്തില്‍ എടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഡല്‍ഹിയിലെ പത്ത് സ്‌കൂളുകളിലും ഒരു കോളേജിലും ഇത്തരത്തില്‍ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. പൊതുജനങ്ങളില്‍ ഭയം പരത്താനുള്ള ശ്രമമാണെന്നു കരുതുന്ന പൊലീസ്, ഇത്തരമൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.