വിമാനങ്ങള്‍ക്ക് പിന്നാലെ രാജ്യത്തെ ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി; ഇ-മെയിലില്‍ വ്യാജ ബോംബ് ഭീഷണി ലഭിച്ചത് മൂന്ന് സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകള്‍ക്ക്; ബോംബ് സ്‌ക്വാഡ് പരിശോധന; എല്ലാ സന്ദേശങ്ങളും ഒരേ ഐ.ഡിയില്‍ നിന്നെന്ന് രാജ്കോട്ട് ഡി.സി.പി

വിമാനങ്ങള്‍ക്കു പിന്നാലെ 23 ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി

Update: 2024-10-27 10:30 GMT

കൊല്‍ക്കത്ത: രാജ്യത്ത് വിമാന സര്‍വീസുകളെയും വിമാനത്താവളങ്ങളെയും ലക്ഷ്യംവച്ചുള്ള വ്യാജ ബോംബ് ഭീഷണികള്‍ക്ക് പിന്നാലെ വിവിധ നഗരങ്ങളിലെ പ്രധാന ഹോട്ടലുകളിലേക്കും ബോംബ് ഭീഷണി സന്ദേശങ്ങള്‍. കൊല്‍ക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലായി ഏകദേശം രണ്ട് ഡസനോളം ഹോട്ടലുകള്‍ക്കാണ് ശനിയാഴ്ച ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഇമെയിലായിരുന്നു സന്ദേശങ്ങള്‍ ലഭിച്ചത്. ദീപാവലി സീസണ്‍ അടുത്തിരിക്കെ എത്തിയ സന്ദേശങ്ങള്‍ ഹോട്ടല്‍ മേഖലയെ സ്തംഭിപ്പിച്ചു. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ സന്ദേശങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

രാജ്യത്തെ 23 ഹോട്ടലുകള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. കൊല്‍ക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നീ നഗരങ്ങളിലെ ഹോട്ടലുകള്‍ക്കാണ് ശനിയാഴ്ച ഇ-മെയിലില്‍ ഭീഷണി സന്ദേശമെത്തിയത്. ഇവ വ്യാജ ബോംബ് ഭീഷണികളാണെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞു. വ്യാജ ബോംബ് ഭീഷണി കാരണം വിമാന കമ്പനികള്‍ പൊറുതി മുട്ടിയതിന് പിന്നാലെയാണ് ഹോട്ടലുകള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചത്.

കൊല്‍ക്കത്ത നഗരത്തിലെ പത്ത് ഹോട്ടലുകള്‍ക്കാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇവയില്‍ ഭൂരിഭാഗവും സ്റ്റാര്‍ ഹോട്ടലുകളായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവമെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിച്ചു. ഉടന്‍ ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും ഹോട്ടലുകളില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ല.

വ്യാജ ഐഡിയില്‍നിന്നാണ് സന്ദേശം ലഭിച്ചത്. ''നിങ്ങളുടെ ഹോട്ടലിലെ താഴത്തെ നിലയില്‍ ബോംബ് വച്ചിട്ടുണ്ട്. കറുത്ത ബാഗിലാണ് ബോംബ്. അത് ഉടന്‍ പൊട്ടിത്തെറിക്കും''ഇങ്ങനെയായിരുന്നു സന്ദേശമെന്ന് പൊലീസ് പറയുന്നു.

തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകള്‍ക്കാണ് ഭീഷണി ലഭിച്ചത്. ഇവയും പിന്നീട് വ്യാജ ബോംബ് ഭീഷണികളാണെന്ന് തെളിഞ്ഞു. മയക്കുമരുന്നുമാഫിയയുടെ സൂത്രധാരനായ ജാഫര്‍ സാദിഖ് എന്നയാളുടെ പേരിലാണ് സന്ദേശങ്ങളെത്തിയത്. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതികയുടേയും തമിഴ്നാട് ഡിജി.പി. ശങ്കര്‍ ജിവാളിന്റേയും പേരുകളും ഭീഷണി സന്ദേശത്തില്‍ ഉണ്ടായിരുന്നു.

ഗുജറാത്തിലെ രാജ്കോട്ടിലെ പത്ത് ഹോട്ടലുകള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12:45-ഓടെയാണ് സന്ദേശം ലഭിച്ചത്. ഹോട്ടലുകള്‍ വിശദമായി പരിശോധിച്ചെന്നും ഒന്നും കണ്ടെത്താനായില്ലെന്നും രാജ്കോട്ട് ഡി.സി.പി. പറഞ്ഞു. എല്ലാ സന്ദേശങ്ങളും ഒരേ ഐ.ഡിയില്‍നിന്നാണ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷമാദ്യം സ്‌കൂളുകള്‍ക്ക് നേരെ ലഭിച്ച വ്യാജ ബോംബ് ഭീഷണിയുടെ അതേ മാതൃകയിലുള്ള മെയിലുകളാണ് ഹോട്ടലുകളിലും ലഭിച്ചതെന്ന് കൊല്‍ക്കത്ത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിമാനങ്ങള്‍ക്ക് നിരവധി സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്ത പൊലീസ് ഇതിനകം കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, 'റിയാലിറ്റി ഈസ് ഫേക്ക്' എന്ന ഓമനപ്പേരാണ് ഇമെയില്‍ അയച്ചയാള്‍ ഉപയോഗിച്ചിരിക്കുന്നത്. 'നിങ്ങളുടെ ഹോട്ടല്‍ പരിസരത്ത് ഞാന്‍ ബോംബ് വച്ചിട്ടുണ്ട്. കറുത്ത ബാഗില്‍ ഒളിപ്പിച്ചിരിക്കുകയാണവ. നിങ്ങള്‍ക്ക് ജീവിക്കാന്‍ ഇനി കുറച്ച് സമയം മാത്രമേയുള്ളൂ, അവ ഉടന്‍ പൊട്ടിത്തെറിക്കും, കഴിയുമെങ്കില്‍ രക്ഷപ്പെട്ടോളൂ' എന്നാണ് ഒരു ഇമെയിലില്‍ പറയുന്നത്.

കഴിഞ്ഞ പത്ത് ദിവസങ്ങളിലായി വിമാനങ്ങള്‍ക്കുനേരെ 250 ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര, ആകാശ, അലയന്‍സ് എയര്‍, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ 95 സര്‍വീസുകള്‍ക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്.

ആകാശയുടെ 25 വിമാനങ്ങള്‍, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര എന്നിവയുടെ 20 വീതം വിമാനങ്ങള്‍, സ്‌പൈസ് ജെറ്റ്, അലയന്‍സ് എയര്‍ എന്നിവയുടെ അഞ്ച് വീതം വിമാനങ്ങള്‍ എന്നിവയ്ക്കു നേരെയാണ് ഭീഷണി ഉയര്‍ന്നത്. സുരക്ഷാ പരിശോധനകള്‍ നടത്തി വിമാനങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

പത്ത് ദിവസങ്ങളായി വ്യോമയാനരംഗത്തെ ആശങ്കയിലാക്കിയും വിമാനക്കമ്പനികളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയും ഉയരുന്ന വ്യാജ ബോംബ് ഭീഷണികളെക്കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം തുടരുകയാണ്. വ്യാജ ഭീഷണി നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി കഴിഞ്ഞദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.

Tags:    

Similar News