ആറ് വര്‍ഷം മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ സൗഹൃദം; 17 കാരിയായ മകളെ ബലാല്‍സംഗം ചെയ്തുവെന്ന് അമ്മയുടെ പരാതിയില്‍ യുവാവ് ജയിലില്‍; പ്രതിയെ വിവാഹം കഴിച്ചതിനാല്‍ കേസ് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് 19കാരി; പോക്‌സോ കേസ് റദ്ദാക്കി ബോംബെ ഹൈക്കോടതി

പോക്‌സോ കേസ് റദ്ദാക്കി ബോംബെ ഹൈക്കോടതി

Update: 2025-09-04 10:09 GMT

മുംബൈ: ബലാത്സംഗ കേസില്‍ പ്രതിയായ യുവാവിനെ വിവാഹം കഴിച്ചുവെന്നും കേസ് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നുമുള്ള അതിജീവിതയുടെ സത്യവാങ്മൂലത്തിന് പിന്നാലെ കേസ് റദ്ദാക്കി ബോംബെ ഹൈക്കോടതി. പ്രതിക്കെതിരെ ക്രിമിനല്‍ നടപടികള്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കേസ് തങ്ങളുടെ സമാധാനപരമായ ദാമ്പത്യ ജീവിതത്തെ തടസ്സപ്പെടുത്തുമെന്നുള്ള 19 കാരിയുടെ സത്യവാങ്മൂലത്തിലാണ് കോടതിയുടെ നടപടി. അതിജീവിതയുടെ സത്യവാങ്മൂലം പരിഗണിച്ച് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ച ബലാത്സംഗ കേസും നടപടിക്രമങ്ങളും ബോംബെ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

ആറ് വര്‍ഷം മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് കേസിലെ പ്രതിയും അതിജീവിതയും പരിചയപ്പെടുന്നത്. സൗഹൃദം വളര്‍ന്ന് തങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനമെടുത്തതായിരുന്നു എന്ന് ഇരുവരും കോടതിയെ അറിയിച്ചു. എന്നാല്‍ ഈ ബന്ധത്തിന് എതിരായിരുന്ന സ്ത്രീയുടെ അമ്മ 2023 ല്‍ പെണ്‍കുട്ടിക്ക് 17 വയസ്സുള്ളപ്പോള്‍ തന്റെ മകളെ ഇയാള്‍ ബലാല്‍സംഗം ചെയ്തുവെന്ന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുകയും യുവാവിനെ ജയിലില്‍ അടയ്ക്കുകയും ചെയ്തു.

ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരും വിവാഹിതരാകുകയായിരുന്നു. കേസ് തുടര്‍ന്നാല്‍ തങ്ങളുടെ ജീവിതം തകരുമെന്നും തങ്ങള്‍ക്ക് ജനിക്കുന്ന കുട്ടികളെ ഒരു കുറ്റവാളിയുടെ കുട്ടികളായി കാണുമെന്നും 19 കാരി കോടതിയെ അറിയിച്ചു. സ്വന്തം ഇഷ്ടപ്രകാരം ഇയാളെ വിവാഹം കഴിക്കാനാണ് താന്‍ ഉദ്ദേശിച്ചിരുന്നതെന്നും ഹൈക്കോടതിയെ ബോധിപ്പിച്ചു. ജീവിതകാലം മുഴുവന്‍ ഇയാളോടൊപ്പം സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. നിലവില്‍ താന്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കുമൊപ്പമാണ് താമസിക്കുന്നതെന്നും ക്രിമിനല്‍ നടപടികള്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം, കേസില്‍ ക്രിമിനല്‍ നടപടികള്‍ തുടരുന്നത് നിരര്‍ത്ഥകമാകുമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹത്തില്‍ സന്തോഷത്തോടെയും സമാധാനപരമായും ജീവിതം നയിക്കുന്നയാളാണ് അതിജീവിതയെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ നടപടിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ദമ്പതികള്‍ക്ക് അവരുടെ ദാമ്പത്യ ജീവിതം തുടരാമെന്നുമാണ് ഹൈക്കോടതി വിധിച്ചത്.


തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.

Tags:    

Similar News