ആദായനികുതി വകുപ്പിന്റെ അപ്പീലില്‍ കമ്പനിയ്ക്ക് അനുകൂലമായ വിധി ലഭ്യമാക്കുന്നതിനായി 70 ലക്ഷം രൂപ കൈക്കൂലി; കേസില്‍ ഇന്‍കംടാക്‌സ് കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐ
മുംബൈ/ഹൈദരാബാദ്: ഹൈദരാബാദ് ഇന്‍കംടാക്‌സ് വിഭാഗത്തില്‍ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. 2004 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനായ ജീവന്‌ലാല്‍ ലാല്‍വിദ്യ, ഷപൂര്‍ജി പല്ലോഞ്ഞി ഗ്രൂപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കാന്തിലാല്‍ മെഹ്ത, സായ്‌റാം പാലിസെട്ടി, നാട്ട വീര നാഗശ്രീറാം ഗോപാല്‍, സാജിദ് മജ്ഹര്‍ ഹുസൈന്‍ ഷാ എന്നിവരാണ് പിടിയിലായത്.
ആദായനികുതി വകുപ്പിന്റെ അപ്പീലില്‍ കമ്പനിയ്ക്ക് അനുകൂലമായ വിധി ലഭ്യമാക്കുന്നതിനായി 70 ലക്ഷം രൂപ കൈക്കൂലി സ്വീകരിച്ചതായാണ് കേസ്. സിബിഐയുടെ വിവരണപ്രകാരം, സായ്‌റാം എന്നയാളാണ് ജീവന്‌ലാലിന്റെ മുഖ്യ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. കൈക്കൂലി തുക കൈമാറുന്നതിനിടെ മുംബൈയില്‍ നടത്തിയ രഹസ്യ പരിശോധനയില്‍ ഇടനിലക്കാര്‍ പിടിയിലാവുകയും തുടര്‍ന്ന് ഹൈദരാബാദില്‍ നിന്നും ജീവന്‌ലാലിനെയും മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മുമ്പ് തെലങ്കാനയിലെ ബിആര്‍എസ് എംഎല്‍എയായിരുന്ന രാമുലു നായ്ക്കിന്റെ മകനാണ് ജീവന്‌ലാല്‍. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ, ഹൈദരാബാദ് ഉള്‍പ്പെടെ 18 ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തി. കേസില്‍ ആകെ 15 പേരെ പ്രതിചേര്‍ത്തിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു.