ജോലി ബേക്കറിയില്‍; രാത്രികാലത്ത് കച്ചവടം ബ്രൗണ്‍ ഷുഗര്‍; തിരുവല്ലയില്‍ മൂന്ന് ആസാം സ്വദേശികള്‍ പിടിയില്‍; പിടിയിലായത് വന്‍ ലഹരി കടത്തു സംഘത്തിലെ കണ്ണികള്‍
ജോലി ബേക്കറിയില്‍; രാത്രികാലത്ത് കച്ചവടം ബ്രൗണ്‍ ഷുഗര്‍
പത്തനംതിട്ട: ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്, ജില്ലാ പോലീസ് ഡാന്‍സാഫ് ടീമും തിരുവല്ല പോലീസും ചേര്‍ന്ന് ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശികളായ മൂന്നു യുവാക്കളെ പിടികൂടി.ആസ്സാം ഹുജയ് ഡിസ്ട്രിക്ട് ഡാബോക അവലുദ്ധീന്റെ മകന്‍ നിജാമുദ്ധീന്‍ (23 ), ആസ്സാം ഹുജയ് ഡിസ്ട്രിക്ട് ഡാബോക അസറുദ്ധീന്‍(32), ആസ്സാം നാഗൂണ്‍ ഡിസ്ട്രിക്ട് ശിങ്കാരി മദ്രസ്സ ഉദ്മറി പി ഒ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ അബു ബക്കര്‍ (18 ), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും 10.30 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു.
17 ന് രാത്രി 11.20 ഓടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് റോഡ് സിഗ്നലിന് സമീപത്തുനിന്നും പോലീസ് സംഘം വളഞ്ഞുപിടികൂടുകയായിരുന്നു. മൂവരും തിരുവല്ലയിലൊരു ബേക്കറിയിലെ ജീവനക്കാരാണ്. അസാമില്‍ നിന്നും അസറുദ്ദീനും അബൂബക്കറും ബ്രൗണ്‍ഷുഗറുമായി തിരുവല്ലയില്‍ എത്തി. നിജാമുദ്ദീന്‍ ഇവരെ കൂട്ടിക്കൊണ്ടുവരാന്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്തു കാത്തുനിന്നു. താമസസ്ഥലത്തേക്ക് നടന്നു വരുമ്പോഴാണ് പോലീസ് സംഘം സാഹസികമായി വളഞ്ഞു മല്‍ പ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തിയത്.
പ്രതികള്‍ ആസാമില്‍ നിന്നും ഇപ്രകാരം ബ്രൗണ്‍ഷുഗര്‍ ഇവിടെയെത്തിച്ച് കച്ചവടം ചെയ്തു വരുന്നതായി രഹസ്യ വിവരം ഡാന്‍സാഫ് സംഘത്തിന് ലഭിച്ചിരുന്നു. ഇവര്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു. പ്ലാസ്റ്റിക് ബോട്ടിലില്‍ അഞ്ച് മില്ലിഗ്രാംബ്രൗണ്‍ ഷുഗര്‍ 2000 നും 2500 നുമിടയിലുള്ള തുകയ്ക്കാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് വില്പന നടത്തിവരുന്നതെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇത്തരത്തില്‍ കണക്കുകൂട്ടിയാല്‍ ചെറുകിട വില്പനയില്‍ ഇപ്പോള്‍ പിടികൂടിയ ബ്രൗണ്‍ ഷുഗറിന് 5 ലക്ഷം രൂപയ്ക്ക് പുറത്ത് വില വരും.
കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ അസാം സ്വദേശിയായ ഫക്രുദീന്‍ എന്നയാളെ ബ്രൗണ്‍ ഷുഗറുമായി ഡാന്‍സാഫ് ടീം പഴകുളത്ത് നിന്നും പിടികൂടിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘങ്ങളെപ്പറ്റി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നിരീക്ഷണം ശക്തിപ്പെടുത്തിവരികയാണ്. തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തിലാണ് പോലീസ് നടപടികള്‍ കൈക്കൊണ്ടത്. തിരുവല്ല എസ് ഐ ജി ഉണ്ണികൃഷ്ണന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.