കൊട്ടിയം മൈലാപ്പൂരിൽ യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; അന്വേഷണത്തിൽ നിർണായകമായത് സിസിടിവി ദൃശ്യം; യുവാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത് സുഹൃത്തുക്കൾ; രണ്ട് പേർ പിടിയിൽ
കൊല്ലം: കൊട്ടിയം മൈലാപ്പൂരിൽ യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ പിടികൂടാൻ പോലീസിന് സഹായകമായത് സിസിടിവി ദൃശ്യം. മൈലാപ്പൂർ സ്വദേശികളായ ഷെഫീക്ക്, തുഫൈൽ എന്നിവരാണ് പിടിയിലായത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് റിയാസിനെ പ്രതികൾ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊള്ളലേറ്റ യുവാവ് പോലീസിന് മൊഴി നൽകിയിരുന്നു. ഗുരുതരമായി പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, പൊള്ളലേറ്റ റിയാസിന്റെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. തൻ്റേത് അപകടമല്ലെന്നും സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നുമാണ് മൊഴിയിൽ പറഞ്ഞിരുന്നത്. വ്യക്തി വൈരാഗ്യത്തിന്റെ പുറത്തായിരുന്നു കൊലപാതക ശ്രമം. ഷെഫീക്ക്, സുഹൈൽ എന്നിവർ ചേർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്നാണ് റിയാസ് പോലീസിനോട് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഉമയനല്ലൂർ സ്വദേശിയായ റിയാസിന് ഓട്ടോറിക്ഷയ്ക്ക് ഉള്ളിൽ വെച്ച് തീപ്പൊള്ളലേറ്റത്.
മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കൊലപാത ശ്രമത്തിന് കേസെടുത്തിരുന്നു. ഓട്ടോറിക്ഷയിൽ ഇരുന്ന് മദ്യപിച്ച ശേഷമാണ് പ്രതികൾ കൃത്യം നടത്തിയതെന്നും റിയാസ് മൊഴി നൽകിയിരുന്നു. തീ ആളി കത്തിയതിന് പിന്നാലെ രണ്ട് പേരും ഓടി പോകുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാവുകയും ചെയ്തു. തുടർന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.