കുട്ടി കരയാതിരുന്നതോടെ വീണ്ടും വീണ്ടും അടിച്ച് രസിച്ച് അധ്യാപിക; യു.കെ.ജി. വിദ്യാര്‍ഥിയെ അതിക്രൂരമായി തല്ലിച്ചതച്ച സംഭവം: ഒളിവില്‍ പോയ അധ്യാപികയ്ക്കായി തിരച്ചില്‍

യു.കെ.ജി. വിദ്യാര്‍ഥിയെ ക്രൂരമായി തല്ലിച്ചതച്ച സംഭവം: ഒളിവില്‍ പോയ അധ്യാപികയ്ക്കായി തിരച്ചില്‍

Update: 2024-10-14 04:07 GMT

തൃശ്ശൂര്‍: യു.കെ.ജി. വിദ്യാര്‍ഥിയെ ചൂരലുകൊണ്ട് ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ ഒളിവില്‍ പോയ അധ്യാപികയ്ക്കായി തിരച്ചില്‍. ബാര്‍ഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകര്‍ത്താതെ കളിച്ചിരുന്നതിനാണ് അഞ്ചു വയസ്സുകാരനെ അധ്യാപിക അതിക്രൂരമായി തല്ലിച്ചതച്ചത്. അടിയേറ്റ കുട്ടിയുടെ കാലില്‍ നിരവധി മുറിവുകളും പാടുകളും ഉണ്ടായി. സംഭവത്തില്‍ കുരിയച്ചിറ സെയ്ന്റ്‌ജോസഫ്‌സ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക തൃശ്ശൂര്‍ തിരൂര്‍ സ്വദേശിനി സെലിനെതിരേ നെടുപുഴ പോലീസ് കേസെടുത്തു.

എന്നാല്‍ ഇവരെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഒളിവില്‍ പോയ അധ്യാപികയ്ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം അധ്യാപികയെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കുരിയച്ചിറ സെയ്ന്റ് ജോസഫ്‌സ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ രണ്ടു കാലുകളിലും ചൂരല്‍ കൊണ്ട് മാരകമായി തല്ലിച്ചതച്ച പാടുകളുണ്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കുട്ടി വീട്ടില്‍ വന്ന് വിവരം പറയുമ്പോഴാണ് കാലിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെടുന്നത്.

തുടര്‍ന്ന് വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കുക ആയിരുന്നു. അധ്യാപികയ്‌ക്കെതിരേ ജുവനെല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കുട്ടിയെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ചതിനും കേസുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് വീട്ടുകാര്‍ പറയുന്നു. കുട്ടി ഡയറിയിലെഴുതാതെ കളിച്ചിരുന്നപ്പോള്‍ അധ്യാപിക ചൂരല്‍ കൊണ്ട് അടിച്ചുവെന്നും കരയാതിരുന്നതിനാല്‍ വീണ്ടും വീണ്ടും അടിച്ചുവെന്നുമാണ് പറയുന്നത്. പരാതി പിന്‍വലിക്കാന്‍ രക്ഷിതാക്കള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടായതായും ആരോപണമുണ്ട്.

പരാതി നല്‍കിയതിന് പിന്നാലെ പോലീസ് കേസെടുത്തെങ്കിലും അധ്യാപികയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തെക്കുറിച്ച് പുറംലോകം അറിയുന്നതും ശനിയാഴ്ചയോടെയാണ്. അതേസമയം ബാലാവകാശ കമ്മിഷനും മറ്റും ഇതിനൊപ്പം പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Tags:    

Similar News