പോത്തുണ്ടിയിലെ തെളിവെടുപ്പിനിടെ പുഷ്പയെ കണ്ടപ്പോള്‍ ചെന്താമര കാട്ടിയത് 'പുഷ്പാ 2'ലെ അല്ലു അര്‍ജുന്‍ ആക്ഷന്‍! പുഷ്പയെ വെറുതെ വിട്ടതില്‍ ചെന്താമരയ്ക്ക് നിരാശ; നിലവിളിച്ചപ്പോള്‍ ലക്ഷ്മിയെ തീര്‍ത്തതും സുധാകരനെ കൊന്നതും വിശദീകരിച്ചത് കൂസലില്ലാതെ; നെന്മാറയിലെ വില്ലന്‍ ഇനി പുറത്തിറങ്ങരുത്
പാലക്കാട്: ചെന്താമരയ്ക്ക് കൂസലില്ല. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസിനോട് തെളിവെടുപ്പിനിടെ ഒരു സങ്കോചവുമില്ലാതെ പറഞ്ഞത് കൊലയ്ക്ക് പിന്നിലെ സംഭവങ്ങളാണ്. 'സുധാകരനെ മാത്രമാണ് കൊല്ലാന്‍ ശ്രമിച്ചത്, നിലവിളിച്ച് ഓടിവന്നപ്പോള്‍ ലക്ഷ്മിയെ പൂശിക്കളഞ്ഞു'. കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പ്രതി നടത്തിയ വെളിപ്പെടുത്തല്‍ ഏവരേയും ഞെട്ടിച്ചു. പോത്തുണ്ടി തിരുത്തന്‍പാടം ബോയന്‍കോളനിയില്‍ സുധാകരന്‍ (54), അമ്മ ലക്ഷ്മി (76) എന്നിവരെയാണ് ചെന്താമര (58) ജനുവരി 27ന് വെട്ടിക്കൊലപ്പെടുത്തിയത്. 2019 ആഗസ്ത് 31ന് സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തി ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ട് കൊലപാതകങ്ങള്‍കൂടി നടത്തിയത്.
ഒരാളെ കൂടി കൊല്ലാന്‍ താന്‍ പദ്ധതിയിട്ടിരുന്നതായാണ് ചെന്താമര പോലീസിനോട് വെളിപ്പെടുത്തിയത്. അയല്‍വാസിയായ പുഷ്പയെ കൂടി കൊല്ലാനായിരുന്നു പദ്ധതി. പുഷ്പയെ കൊല്ലാതെ വിട്ടതില്‍ മാത്രമാണ് തനിക്ക് നിരാശയുള്ളതെന്നും ചെന്താമര പോലീസിനോട് പറഞ്ഞു. ഇനി ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ പുഷ്പ രക്ഷപ്പെട്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. തന്റെ കുടുംബം തകരാന്‍ പുഷ്പയും പ്രധാന കാരണക്കാരിയായിരുന്നു. തനിക്കെതിരേ പോലീസില്‍ പരാതി നല്‍കിയതിലും പുഷ്പയ്ക്ക് പങ്കുണ്ട്. അതിനാല്‍ പുഷ്പയെകൂടി കൊല്ലാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും ചെന്താമര പോലീസിനോട് പറഞ്ഞു. തെളിവെടുപ്പിനിടെ വകവരുത്തുമെന്നരീതിയില്‍ ചെന്താമര ആംഗ്യം കാണിച്ചതായി അയല്‍വാസിയായ പുഷ്പ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ സൂപ്പര്‍ ഹിറ്റ് സിനിമയായ പുഷ്പയില്‍(പുഷ്പാ 2) കഴുത്തറുക്കുന്ന തരത്തിലെ നടന്‍ അല്ലു അര്‍ജുന്റെ ആക്ഷന്‍ ഹിറ്റായിരുന്നു. ഇതിന് സമാനമായ ആക്ഷനാണ് പോത്തുണ്ടിയിലെ വില്ലന്‍ പുഷ്പയെന്ന അയല്‍വാസിയെ ഭീതിപ്പെടുത്താന്‍ കാട്ടിയത്.
''അയാളെ കണ്ടപ്പോള്‍ തന്നെ കൈയും കാലും വിറച്ചു. ഏതെങ്കിലും ഒരു പഴുത് കിട്ടിയിരുന്നെങ്കില്‍ അയാള്‍ എന്നെയും തീര്‍ത്തേനെ. അയാള്‍ക്ക് ഒരു കുറ്റബോധവുമില്ല. ഇപ്പോള്‍ ഇവിടെ താമസിക്കാന്‍ ഭയമാണ്. ഇനി മാറിത്താമസിക്കുകയാണ്. എനിക്ക് മടുത്തു. ഇവിടെ വെറുത്തുപോയി'', പുഷ്പ പ്രതികരിച്ചു. ഇരട്ടക്കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ ചെന്താമരയെ 35 മണിക്കൂറിന് ശേഷമാണ് പോലീസിന് പിടികൂടാനായത്. മലമുകളില്‍ ഒളിവില്‍കഴിഞ്ഞിരുന്ന പ്രതി വിശപ്പ് സഹിക്കാന്‍ വയ്യാതായതോടെ മലയിറങ്ങി വീട്ടിലേക്ക് വരുന്നതിനിടെ പോലീസ് കാത്തിരുന്ന് പിടികൂടുകയായിരുന്നു. ഇനി പുറത്തിറങ്ങിയാലും താന്‍ കൊല ചെയ്യുമെന്ന സൂചനകളും വിലയിരുത്തലുകളുമാണ് ചെന്താമരയുടെ മൊഴിയിലുള്ളത്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ഇനി ചെന്താമര പുറത്തിറങ്ങരുതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സുധാകരന്റെ അമ്മ ലക്ഷ്മിയെ കൊലപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ചെന്താമരയുടെ മൊഴിയിലുണ്ട്. സുധാകരനെ ആക്രമിച്ചപ്പോള്‍ ലക്ഷ്മി ഓടിയെത്തി ബഹളംവെച്ചു. അവര്‍ പറഞ്ഞ ചില വാക്കുകള്‍ വേദനിപ്പിച്ചു. അതിനാലാണ് ലക്ഷ്മിയെ കൊന്നതെന്നുമാണ് പ്രതിയുടെ മൊഴി. ദൗത്യം നിറവേറ്റിയപോലെയാണ് ചെന്താമര തെളിവെടുപ്പില്‍ സംസാരിച്ചത്. തന്റെ ലക്ഷ്യം നിറവേറ്റിയെന്നരീതിയിലായിരുന്നു പെരുമാറ്റം. യാതൊരു കുറ്റബോധവും ഇല്ലാത്ത പ്രതി, ശബ്ദം പോലും ഇടറാതെയാണ് മൊഴി നല്‍കിയത്. ചെന്താമരയുടെ വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി.
ആലത്തൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരന്‍ തിങ്കളാഴ്ച നല്‍കിയ കസ്റ്റഡി അപേക്ഷയെ തുടര്‍ന്നാണ് തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യലിനും രണ്ടു ദിവസത്തേക്ക് പ്രതിയെ കോടതി കസ്റ്റഡിയില്‍ കൈമാറിയത്. ബുധന്‍ പകല്‍ മൂന്നുവരെയാണ് കസ്റ്റഡി അനുവദിച്ചത്. വിയ്യൂര്‍ ജയിലില്‍നിന്ന് ചൊവ്വ പകല്‍ 11ന് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷം ആലത്തൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇവിടെനിന്ന് പൊലീസ് വാനില്‍ പകല്‍ പോത്തുണ്ടി ബോയന്‍ കോളനിയില്‍ തെളിവെടുപ്പിന് എത്തിച്ചു. വന്‍ പൊലീസ് സന്നാഹം സുരക്ഷ ഒരുക്കി.
നാട്ടുകാര്‍ വൈകാരികമായി പ്രതികരിക്കുമെന്ന് കരുതിയെങ്കിലും അങ്ങനെയുണ്ടായില്ല. തുടര്‍ന്ന് ചെന്താമരയുടെ വീട്ടില്‍ പരിശോധന നടത്തി. കൃത്യം നടത്തിയ ശേഷം സമീപത്തെ മലയിലേക്ക് ഓടി രക്ഷപ്പെട്ട വഴിയും ചെന്താമര കാണിച്ചുകൊടുത്തു. ഡ്രോണ്‍ ഉപയോഗിച്ച് വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് പകര്‍ത്തി. 35 മിനിറ്റ് തെളിവെടുപ്പിനുശേഷം ചോദ്യം ചെയ്യലിന് ആലത്തൂര്‍ സ്റ്റേഷനില്‍ എത്തിച്ചു. ആയുധങ്ങള്‍ വാങ്ങിയ എലവഞ്ചേരിയിലെ കടയിലെത്തിച്ചും തെളിവെടുക്കും. പിന്നീട് വിയ്യൂര്‍ ജയിലിലേക്ക് മാറ്റും.