ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പില്‍ വന്‍തുക സിംഗപ്പുരിലേക്കും കടത്തി; തട്ടിപ്പിന്റെ മാസ്റ്റര്‍ ബ്രെയിന്‍ സിംഗപ്പുര്‍ പൗരന്‍ മുസ്തഫ കമാല്‍; ക്രിപ്‌റ്റോ ഇടപാടുകളില്‍ നിക്ഷേപിച്ച 118 കോടി ചൈനയിലും എത്തി; അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി; തട്ടിപ്പുകാര്‍ക്കായി മലയാളികള്‍ തുറന്നുകൊടുത്തത് 500ലേറെ ബാങ്ക് അക്കൗണ്ടുകള്‍

ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പില്‍ വന്‍തുക സിംഗപ്പുരിലേക്കും കടത്തി

Update: 2025-02-22 10:58 GMT

കൊച്ചി: ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ രണ്ട് പേരെ കൂടി ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നു. വന്‍തോതില്‍ പണം വിദേശത്തേക്ക് ഒഴുക്കിയെന്നാണ് കണ്ടെത്തല്‍. ഇതോടെ അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്. ലോണ്‍ ആപ്പ് തട്ടിപ്പില്‍ സിംഗപ്പൂരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഒരുങ്ങുന്നു.

സംയുക്ത അന്വേഷണം ആവശ്യപ്പെട്ട് സിംഗപ്പുര്‍ സര്‍ക്കാരിനെ വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടു. തട്ടിപ്പിന്റെ മാസ്റ്റര്‍ ബ്രെയിന്‍ സിംഗപ്പുര്‍ പൗരന്‍ മുസ്തഫ കമാലെന്ന് വ്യക്തമാക്കിയ ഇഡി, രാജ്യത്തു നിന്ന് തട്ടിയെടുത്ത കോടികള്‍ എത്തിയത് മുസ്തഫ കമാലിന്റെ അക്കൗണ്ടുകളിലേക്കാണെന്നും സ്ഥിരീകരിച്ചു.

തമിഴ്‌നാട് സ്വദേശികള്‍ കടലാസ് കമ്പനികള്‍ നിര്‍മിച്ചത് മുസ്തഫ കമാലിന്റെ നിര്‍ദേശപ്രകാരമെന്നും സോഫ്റ്റ് വെയര്‍ ഡിജിറ്റല്‍ സേവനങ്ങളുടെ പേരില്‍ വ്യാജ ഇന്‍വോയ്‌സുകള്‍ തയാറാക്കിയാണ് സിംഗപ്പുരിലേക്ക് പണം കടത്തിയതെന്നും ഇഡി കണ്ടെത്തിയിരുന്നു. അതേസമയം, ക്രിപ്‌റ്റോ ഇടപാടുകളില്‍ നിക്ഷേപിച്ച 118 കോടി ചൈനയിലും എത്തിയതായി ഇഡി വ്യക്തമാക്കുന്നു.

പണം കൈമാറ്റത്തിനുപയോഗിച്ച കോഡ് ഭാഷകള്‍ ചൈന ബന്ധത്തിന് തെളിവുകളായി ഇഡി കണ്ടെത്തി. ഡമ്മി അക്കൗണ്ടുകള്‍ നിയന്ത്രിച്ചവര്‍ക്ക് ചൈനീസ് ബന്ധമുള്ളതായും ഇഡി കണ്ടെത്തി. തട്ടിപ്പിന് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുത്ത കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ടിജി വര്‍ഗീസ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇതേ കേസില്‍ ജനുവരിയില്‍ 4 പേര്‍ ഇഡിയുടെ പിടിയിലായിരുന്നു.

സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഏറ്റവും വലിയ സാമ്പത്തിക കൊള്ളകളിലൊന്നാണ് ലോണ്‍ ആപ്പ് തട്ടിപ്പ്. ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ ഫോണിലേക്ക് നുഴഞ്ഞു കയറിയുള്ള പിടിച്ചുപറി. പൊലീസ് അന്വേഷണത്തിന് പുറമെയാണ് കേസില്‍ ഇഡി പിടിമുറുക്കിയത്. ചെന്നൈ കാഞ്ചീപുരം സ്വദേശികളായ ഡാനിയേല്‍ സെല്‍വകുമാര്‍, കതിരവന്‍ രവി, ആന്റോ പോള്‍ പ്രകാശ്, അലന്‍ സാമുവേല്‍ എന്നിവരെ ജനുവരിയില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദും ഫോര്‍ട്ട് കൊച്ചി സ്വദേശി ടിജി വര്‍ഗീസും പിടിയിലായത്. തട്ടിപ്പിന് ഇടനിലക്കാരായി നിന്നവരാണ് ഇരുവരുമെന്ന് ഇഡി പറയുന്നു. 500ലേറെ ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ തുറന്നത്. 289 അക്കൗണ്ടുകളിലായി 377 കോടി രൂപയുടെ ഇടപാട് നടന്നു. ഇതില്‍ രണ്ട് കോടി രൂപ സയ്യിദിന് ലഭിച്ചു. വര്‍ഗീസ് 190 അക്കൗണ്ടുകളാണ് തുറന്നുകൊടുത്തതെന്ന് ഇഡി പറയുന്നു. ഇതിലൂടെ 341 കോടി രൂപയുടെ കൈമാറ്റം നടന്നു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ നാല് ദിവത്തേക്ക് ഇഡിക്ക് കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്.

ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. പുറമെ ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫോണിന്റെ നിയന്ത്രണം പ്രതികള്‍ കൈക്കലാക്കും. മോര്‍ഫിങ്ങിലൂടെ നഗ്നചിത്രങ്ങള്‍ കാട്ടി ഇടപാടുകാരില്‍ നിന്നും വലിയ തുക തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.

ചൈനീസ് ആപ്പുകള്‍ ഉപയോഗിച്ച് 1650 കോടിയിലേറെ രൂപയാണ് രണ്ട് വര്‍ഷത്തിനിടെ സംഘം തട്ടിയെടുത്തത്. തൃശൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 10 എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിന്റെ അന്വേഷണം. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശികളായ ഡാനിയേല്‍ ശെല്‍വകുമാര്‍, കതിരവന്‍ രവി, ആന്റോ പോള്‍ പ്രകാശ്, അലന്‍ സാമുവല്‍ എന്നിവരാണ് നേരത്തെ തമിഴ്‌നാട്ടില്‍ പിടിയിലായവര്‍.

2023ലാണ് സംഘത്തിന്റെ തട്ടിപ്പുകളുടെ തുടക്കം. വിവിധ ലോണാപ്പുകള്‍ തുടങ്ങി അതിലൂടെ ലോണ്‍ നേടുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ മൊബൈലില്‍ നിന്ന് ചോര്‍ത്തിയെടുത്ത് ഭീഷണിപ്പെടുത്തിയും സംഘം തട്ടിപ്പ് നടത്തി. വായ്പയെടുത്തവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തുള്ള ഭീഷണിയെ തുടര്‍ന്ന് പലരും ജീവനൊടുക്കിയിരുന്നു.

Tags:    

Similar News