ചിതറയില്‍ പൊലീസുകാരനെ കൊന്നത് 'ജിന്ന് ' എന്ന് സുഹൃത്ത് സഹദ്; വീട്ടില്‍ ദുര്‍മന്ത്രവാദത്തിനുള്ള സാമഗ്രികളും ആയുധങ്ങളും; ചടയമംഗലത്ത് നഗ്നപൂജ നടത്തിയതിന് പിടിയിലായവരുമായി അടുത്ത ബന്ധം; ഇര്‍ഷാദിനെ വകവരുത്തിയത് ലഹരിയുടെ പിടിയിലും
ചിതറയില്‍ പൊലീസുകാരനെ കൊന്നത് 'ജിന്ന് '
കൊല്ലം: ചിതറയില്‍ പൊലീസുകാരനെ സുഹൃത്ത് കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നില്‍ ആഭിചാരക്രിയകളും, ദുര്‍മന്ത്രവാദവും. പ്രതി സഹദിന്റെ വീട്ടില്‍ നിന്ന് ആയുധങ്ങളും, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും പൊലീസ് കണ്ടെത്തി. വീട്ടില്‍ മന്ത്രവാദം നടന്നിരുന്നെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അമാനി ഫൈസല്‍ പറഞ്ഞു. ജിന്നാണ് ഇര്‍ഷാദിനെ കൊന്നതെന്നാണ് പ്രതി സഹദിന്റെ മൊഴി. പ്രതി സഹദ് മന്ത്രവാദം പഠിക്കാന്‍ പോയിട്ടുള്ളതായി പൊലീസ് പറഞ്ഞു. ചടയമംഗലത്തെ മന്ത്രവാദിയെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ചടയമംഗലത്ത് നഗ്‌നപൂജ നടത്തിയെന്ന പരാതിയില്‍ പിടിയിലായവരും പ്രതി സഹദും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. അരും കൊലയ്ക്ക് പിന്നില്‍ മയക്കുമരുന്ന് ലഹരിയും സാമ്പത്തിക തര്‍ക്കവുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
കേരള ആംഡ് പോലീസ് (കെ.എ.പി.) അടൂര്‍ ക്യാമ്പിലെ ഹവില്‍ദാര്‍ നിലമേല്‍ വളയിടം ചരുവിള പുത്തന്‍വീട്ടില്‍ ഇര്‍ഷാദിനെയാണ് (26) കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ഇര്‍ഷാദും സഹദും സുഹൃത്തുക്കളായിരുന്നു.
ഒരാഴ്ചയായി ഇര്‍ഷാദ് സഹദിന്റെ വീട്ടില്‍ വന്നുപോകുന്നത് പതിവായിരുന്നു. എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ക്ക് ഇരുവരും അടിമയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ലഹരിയുടെ പുറത്താണ് സഹദ് ഇര്‍ഷാദിന്റെ കഴുത്തറുത്തത്. ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കവും ഉണ്ടായിരുന്നു.
ഇര്‍ഷാദിന്റെ വീട്ടിലെ ഫര്‍ണിച്ചറുകള്‍ വിറ്റ പണം സഹദ് ആവശ്യപ്പെട്ടെന്നും ഇത് നല്‍കാത്തതിലുള്ള വൈരാഗ്യവും കൊലപാതകത്തിന് കാരണമായെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നിരവധി ലഹരിമരുന്ന് കേസുകളിലെ പ്രതിയാണ് സഹദ്. കൊലപാതകശേഷം പിടിയിലായ സമയത്തും പ്രതി ലഹരിയിലായിരുന്നു. ഒരു ദിവസമെടുത്താണ് പ്രതിയെ ലഹരിയില്‍ നിന്നും മുക്തനാക്കിയത്. തുടര്‍ന്ന് വിശദമായ മൊഴിയെടുത്തു.
കോടതിയില്‍ ഹാജരാക്കിയ സഹദിനെ റിമാന്‍ഡ് ചെയ്തു.സ്പോര്‍ട്സ് കോട്ട വഴിയാണ് ഇര്‍ഷാദ് പൊലീസ് ജോലിയില്‍ പ്രവേശിച്ചത്. അടൂര്‍ പൊലീസ് ക്യാമ്പിലെ ഹവില്‍ദാറായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തി. നാലുമാസം മുമ്പ് സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള നടപടി തുടങ്ങിയെങ്കിലും തിരികെ ജോലിയില്‍ പ്രവേശിച്ചില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇര്‍ഷാദിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.