വരുമാനവും വിദ്യാഭ്യാസ യോഗ്യതയും മറച്ചുവെച്ച് വിവാഹം കഴിച്ചു; ഭർത്താവ് കഷണ്ടിയാണെന് മനസ്സിലാക്കിയത് വളരെ വൈകി; സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിച്ചു; വിദേശത്ത് നിന്നും കഞ്ചാവ് കടത്താൻ നിർബന്ധിച്ചു; പരാതിയുമായി യുവതി
ഗ്രേറ്റർ നോയിഡ: കഷണ്ടി മറച്ചുവെച്ച് വിവാഹം കഴിച്ചെന്നും, വിവാഹശേഷം മർദ്ദിക്കുകയും മയക്കുമരുന്ന് കടത്തിന് നിർബന്ധിക്കുകയും ചെയ്തെന്നും ആരോപിച്ച് ഭർത്താവിനും കുടുംബത്തിനും നേരെ പരാതി നൽകി യുവതി. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ഭർത്താവിനും കുടുംബത്തിലെ നാല് പേർക്കുമെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗൗർ സിറ്റി അവന്യൂ-1 നിവാസിയായ ലാവിക ഗുപ്തയാണ് ഗുരുതര ആരോപണങ്ങളുമായി പോലീസിനെ സമീപിച്ചത്.
ഭർത്താവ് സന്യം ജെയിനിന്റെ വിദ്യാഭ്യാസ യോഗ്യത, സാമ്പത്തിക സ്ഥിതി എന്നിവയെക്കുറിച്ച് വിവാഹത്തിന് മുമ്പ് തെറ്റിദ്ധരിപ്പിച്ചെന്നാണ് യുവതിയുടെ പ്രധാന ആരോപണം. 2024 ജനുവരി 16-നായിരുന്നു ലാവികയുടെയും സന്യം ജെയിനിന്റെയും വിവാഹം. വിവാഹത്തിന് മുമ്പ് സന്യമിന് 'നല്ല മുടിയുണ്ടായിരുന്നു' എന്ന് തന്നോട് പറഞ്ഞിരുന്നതായി ലാവിക ഗുപ്ത പരാതിയിൽ പറയുന്നു. എന്നാൽ, വിവാഹശേഷം ഭർത്താവ് കഷണ്ടിക്കാരനാണെന്നും വിഗ്ഗ് ധരിക്കുകയാണെന്നും താൻ കണ്ടെത്തുകയായിരുന്നു.
സന്യം ജെയിൻ തന്റെ യഥാർത്ഥ വരുമാനവും വിദ്യാഭ്യാസ യോഗ്യതയും മറച്ചുവെച്ചതായും യുവതി ആരോപിച്ചു. വിവാഹശേഷം ഭർത്താവ് തന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. വിദേശയാത്രയ്ക്കിടെ ഭർത്താവ് തന്നെ ആക്രമിക്കുകയും തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് കഞ്ചാവ് കൊണ്ടുവരാൻ നിർബന്ധിക്കുകയും ചെയ്തതായി ബിസ്രാഖ് പോലീസ് സ്റ്റേഷൻ ഇൻചാർജ്ജ് മനോജ് കുമാർ സിംഗ് സ്ഥിരീകരിച്ചു.
ബിസ്രാഖ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, ഭർത്താവും നാല് വീട്ടുകാരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.) പ്രകാരമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ബി.എൻ.എസ്. സെക്ഷൻ 85 ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. കേസിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്.