ശബ്ദരേഖയും ചാറ്റും പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന ആരോപണം ഉന്നയിച്ചു മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവതി; ഡിജിറ്റല്‍ തെളിവുകള്‍ അടക്കം മുഖ്യമന്ത്രിക്ക് പരാതി കൈമാറി; അശാസ്ത്രീയമായി ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നത് അടക്കമുള്ള കാര്യങ്ങള്‍ പരാതിയില്‍; തദ്ദേശ തിരഞ്ഞെടുപ്പ് മുറുകവേ യുഡിഎഫിന് വലിയ തിരിച്ചടി
ശബ്ദരേഖയും ചാറ്റും പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന ആരോപണം ഉന്നയിച്ചു മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവതി
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളില്‍ പരാതി. ശബ്ദരേഖ അടക്കം പുറത്തുവന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഈ പരാതിയിലുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാഹുലിനെതിരെ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും.
പെണ്‍കുട്ടിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് അശാസ്ത്രീയമായി ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചതിലൂടെ പെണ്‍കുട്ടി കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. യുവതി തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറിയെന്നും ഈ പരാതി മുഖ്യമന്ത്രി പൊലീസിന് കൈമാറുമെന്നുമാണ് വിവരം. തന്റെ പ്ലാന്‍ ആയിരുന്നോ ഇത് എന്നും ഇപ്പോഴെന്തിനാണ് ഇങ്ങനെ മാറുന്നത് എന്നുമാണ് യുവതി രാഹുലിനോട് ചോദിക്കുന്നത്. കുഞ്ഞിനെ വേണം എന്ന് പറഞ്ഞോണ്ടിരുന്നത് ആരാണ്? അത് ഞാന്‍ ആണോ എന്നും യുവതി രാഹുല്‍ മാങ്കൂട്ടത്തിലിനോട് ചോദിക്കുന്നു.
നിങ്ങളെന്തിനാണ് എന്നെയിങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് എന്നും രാഹുലിനോട് പെണ്‍കുട്ടി ചോദിക്കുന്നു. എന്തിനാണ് കൊല്ലുന്ന കാര്യം പറഞ്ഞോണ്ടിരിക്കുന്നത് നിങ്ങള്‍ക്കല്ലേ ഇതിനെ വേണം എന്ന് പറഞ്ഞത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്നും പെണ്‍കുട്ടി പറയുമ്പോള്‍ ''നിനക്കില്ലാത്ത പ്രശ്നം എന്തിനാണ് എനിക്ക്'' എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായതിന് പിന്നാലെയാണ് വീണ്ടും ശബ്ദരേഖ പുറത്തുവരുന്നത്. രാഹുലില്‍നിന്ന് ഗര്‍ഭം ധരിച്ചു, അതിന് നിര്‍ബന്ധിച്ചതും ഗര്‍ഭഛിദ്രത്തിന് പിന്നീട് നിര്‍ബന്ധിച്ചതും രാഹുല്‍ മാങ്കൂട്ടത്തിലാണ് എന്ന് ആരോപിക്കുന്ന ശബ്ദരേഖയാണിത്. കുട്ടിവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയോട് പരിഹാസത്തോടെയും ക്രൂരമായും പ്രതികരിക്കുന്ന രാഹുല്‍മാങ്കൂട്ടത്തിന്റേത് എന്ന് പറയുന്ന ശബ്ദരേഖയും കേള്‍ക്കാം. ഇതിനൊപ്പം പുറത്തുവന്ന വാട്സാപ്പ് ചാറ്റില്‍ കുട്ടിവേണമെന്ന് പറയുന്നതടക്കമുള്ള കാര്യങ്ങളാണ്. എന്നാല്‍, ഇവയുടെ ആധികാരികത വ്യക്തമല്ല.
നേരത്തെ പുറത്തുവന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പോലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നല്‍കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. എന്നാല്‍, ഗര്‍ഭഛിദ്രം നടത്തേണ്ടി വന്ന യുവതി ഇതുവരെ മൊഴി നല്‍കുകയൊ പരാതി നല്‍കുകയോ ചെയ്തിട്ടില്ല. യുവതി മുന്നോട്ടു വരാത്തതിനാല്‍ ക്രൈംബ്രാഞ്ച് കേസ് എങ്ങുമെത്താത്ത സ്ഥിതിയിലാണ്. ഈ സമയത്താണ് ശബ്ദരേഖയും വാട്സാപ്പ് ചാറ്റും പറത്തുവരുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടുപിടിച്ചിരുന്നു. അന്ന് അവര്‍ പരാതി നല്‍കാന്‍ സജ്ജമായിരുന്നില്ല. മൊഴി നല്‍കിയിരുന്നെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകള്‍ പോലീസ് ചുമത്തിയേനെ. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ചില ഉറപ്പുകള്‍ നല്‍കിയതിനാലാണ് മൊഴി നല്‍കാതിരുന്നതെന്നാണ് അന്ന് ഉയര്‍ന്ന ആരോപണങ്ങള്‍. ഇപ്പോള്‍ ശബ്ദരേഖ പുറത്തുവന്നതിന് പിന്നില്‍ എന്താണ് കാരണം എന്ന് വ്യക്തമല്ല. അന്ന് നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതാണോ അതോ ഇരുവരുടെയും സമ്മതമില്ലാതെ മറ്റാരെങ്കിലും ഇത് പുറത്തുവിട്ടതാണോ എന്ന് വ്യക്തമല്ല. പുറത്തുവന്ന ശബ്ദരേഖ പ്രകാരം ഇതില്‍ പറയുന്ന ആള്‍ യുവതിയോട് ഗുരുതരമായ കുറ്റം ചെയ്തുവെന്ന് വ്യക്തമാണ്.
