ഭാര്യയെ 'ഞെട്ടിക്കാന്‍' പോലീസ് യൂണിഫോമില്‍ ബോംബെ സലീമിന്റെ വീഡിയോ കോള്‍; മോഷണക്കേസിലെ പ്രതിയുടെ ഫോണിലെ സ്‌ക്രീന്‍ഷോട്ട് കുരുക്കായി; പ്രതിക്ക് ധരിക്കാന്‍ യൂണിഫോം 'കടം കൊടുത്ത' കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍

പ്രതിക്ക് ധരിക്കാന്‍ യൂണിഫോം 'കടം കൊടുത്ത' കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍

Update: 2025-08-08 09:37 GMT

ബെംഗളൂരു: തൊണ്ടിമുതല്‍ വീണ്ടെടുക്കുന്നതിനായുള്ള യാത്രയ്ക്കിടെ കസ്റ്റഡിയിലിരുന്ന മോഷണക്കേസ് പ്രതിക്ക് ധരിക്കാന്‍ പൊലീസ് യൂണിഫോം കൈമാറിയ കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍. പോലീസ് യൂണിഫോമില്‍ ഭാര്യയുമായി മോഷണക്കേസ് പ്രതി നടത്തിയ വീഡിയോ കോളിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നതോടെയാണ് നടപടി. ഗോവിന്ദപുര പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സോനാരെ എച്ച്.ആര്‍. ആണ് സസ്പെന്‍ഷനിലായത്. നിരവധി കേസുകളിലെ പ്രതിയായ സലീം ഷെയ്ഖ് എന്ന ബോംബെ സലീമാണ് ഭാര്യയെ 'ഞെട്ടിക്കാനായി' പോലീസ് യൂണിഫോമില്‍ ഫോണ്‍ വിളിച്ചത്.

50-ല്‍ അധികം മോഷണക്കേസുകളില്‍ പ്രതിയാണ് സലീം. ഒരു മോഷണക്കേസില്‍ കഴിഞ്ഞ വര്‍ഷം ഗോവിന്ദപുര പോലീസ് സലീമിനെ അറസ്റ്റ് ചെയ്തിരുന്നതായി കണ്ടെത്തി. തൊണ്ടിമുതല്‍ വീണ്ടെടുക്കുന്നതിനായി പോലീസ് അയാളെ ബെംഗളൂരുവിന് പുറത്തുകൊണ്ടുപോയി ഒരു ഹോട്ടലില്‍ താമസിപ്പിച്ചു. അവിടെവെച്ച് സലീം സോനാരെയുടെ യൂണിഫോം ധരിച്ച് ഭാര്യയെ വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. ഇത് ഗുരുതരമായ കൃത്യവിലോപമായതിനാല്‍ സോനാരെയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

ജൂണ്‍ 23-ന് ഇന്ദിര നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു മോഷണക്കേസ് അന്വേഷണത്തിനിടെയാണ് പോലീസിന് ഈ ചിത്രം ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി സലീമിന്റെ ഫോണ്‍ പരിശോധിക്കവെയാണ് യൂണിഫോമില്‍ ഭാര്യയോട് സംസാരിക്കുന്ന ഇയാളുടെ ചിത്രം ലഭിച്ചത്. പിന്നാലെയാണ്, പ്രതിയെ യൂണിഫോം ധരിക്കാന്‍ അനുവദിച്ചതിന് സോനാരെയ്ക്കെതിരെ നടപടി എടുത്തത്.

ഇന്ദിര നഗറിലെ മോഷണക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സലീമും ആ സംഘത്തിലുണ്ട് എന്ന് മനസിലായി. സ്ഥിരം കുറ്റവാളിയായതിനാല്‍ പോലീസിന്റെ പക്കല്‍ സലീമിന്റെ ഫോട്ടോയും വിരലടയാളവും മറ്റ് വിവരങ്ങളുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സാങ്കേതിക വിശകലനത്തിലൂടെ അയാള്‍ പൂനെയ്ക്ക് സമീപമുണ്ടെന്ന് പോലീസ് കണ്ടെത്തി. പിന്നാലെ മഹാരാഷ്ട്ര പോലീസിന് ഇയാളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറി.

സലീമിനെ ഇന്ദിര നഗറില്‍ എത്തിക്കുന്നതിനായി ബെംഗളൂരുവില്‍നിന്ന് ഒരു സംഘം പൂനെയിലേക്ക് തിരിച്ചു. മുന്‍പത്തേതില്‍നിന്ന് വ്യത്യസ്തമായി, ഇത്തവണ ആഭരണങ്ങളും സാരികളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമാണ് സലീം മോഷ്ടിച്ചത്. 'കേസ് അന്വേഷിക്കുന്നതിനിടെ ഇന്ദിര നഗര്‍ പോലീസ് സലീമിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍, യൂണിഫോം ധരിച്ച് നില്‍ക്കുന്ന സലീമിന്റെ ഒരു വാട്ട്സ്ആപ്പ് വീഡിയോ കോളിന്റെ സ്‌ക്രീന്‍ഷോട്ട് കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍ ഫോട്ടോയിലുള്ള സ്ത്രീ തന്റെ ഭാര്യയാണെന്ന് അയാള്‍ സമ്മതിച്ചു.' ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (വെസ്റ്റ്) ഡി. ദേവരാജ പറഞ്ഞു.

സോനാരെയും മറ്റൊരു കോണ്‍സ്റ്റബിളും സലീമിനെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട ശേഷം ഷോപ്പിംഗിന് പോയതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ''ഈ സമയത്ത്, ഭാര്യയുടെ മുന്നില്‍ ആളാകാന്‍ വേണ്ടി മുറിയിലുണ്ടായിരുന്ന സോനാരെയുടെ യൂണിഫോം സലീം ധരിക്കുകയായിരുന്നു.' ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News