യുവതി തൂങ്ങി മരിച്ചത് ഭര്‍ത്താവ് ഫോണ്‍ കോള്‍ വിവരം ചോര്‍ത്തിയതോടെ? യുവതിയും സുഹൃത്തുമായുള്ള ഫോണ്‍ കോള്‍ വിവരം ചോര്‍ത്തിയത് ഭര്‍ത്താവിന്റെ സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന്‍; വിവരം പുറത്തുവന്നത് വിഗ്രഹ മോഷണ കേസ് അന്വേഷിച്ചപ്പോള്‍; വിചിത്രമായ കേസ് ഇങ്ങനെ

യുവതി തൂങ്ങി മരിച്ചത് ഭര്‍ത്താവ് ഫോണ്‍ കോള്‍ വിവരം ചോര്‍ത്തിയതോടെ?

Update: 2024-11-06 12:23 GMT

തിരുവനന്തപുരം: യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫോണ്‍ കോള്‍ വിവരം ചോര്‍ത്തി കൊടുത്തത് വിവാദമാകുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവതി തൂങ്ങി മരിച്ച സംഭവമാണ് കേസിന് ആധാരം. ഭര്‍ത്താവിന് എതിരെ യുവതി കുറിപ്പും എഴുതിവച്ചിരുന്നു. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയില്‍ ആത്മഹത്യയില്‍ ഭാര്യയുടെ സുഹൃത്തായ യുവാവിന് പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചു ഭര്‍ത്താവ് രംഗത്തുവന്നു.

തന്റെ ആരോപണത്തില്‍, യുവാവിനെതിരെ പൊലീസ് കേസ് എടുക്കാതായതോടെ ഭര്‍ത്താവ് യുവാവിന്റെ ഫോണ്‍വിളി വിവരങ്ങള്‍ നിരത്തി അന്വേഷണ ഉദ്യോഗസ്ഥരോട് തട്ടിക്കയറാന്‍ തുടങ്ങി. ഒടുവില്‍ സംശയം തോന്നി വട്ടിയൂര്‍ക്കാവ് പൊലീസ് യുവാവിന്റെ കോള്‍ ലിസ്റ്റ് പരിശോധിക്കാനായി സൈബര്‍ സെല്ലിന് നമ്പര്‍ കൈമാറിയപ്പോഴാണ് ഈ നമ്പര്‍ വിഗ്രഹ മോഷണക്കേസുമായി ബന്ധപ്പെട്ട് പൂന്തുറ പൊലീസ് നല്‍കി കോള്‍ ലിസ്റ്റ് എടുത്ത കാര്യം അറിയുന്നത്.

മോഷണക്കേസില്‍ ഈ യുവാവിന് ബന്ധമില്ലെന്നും നമ്പര്‍ എങ്ങനെ കടന്നുകൂടിയെന്ന് അറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ സംശയം കൂടി. പിന്നീട്, ഭര്‍ത്താവും സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനും അടുത്ത സുഹൃത്തുക്കളാണെന്നു കണ്ടെത്തുക കൂടി ചെയ്തതോടെ കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

വിഗ്രഹ മോഷണക്കേസില്‍ ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ കോള്‍ ലിസ്റ്റ് എടുക്കാന്‍ സൈബര്‍ സെല്ലിന് കൈമാറിയ പട്ടികയില്‍ തിരിമറി നടത്തി കോള്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സംശയിക്കുന്നത്. ഭര്‍ത്താവിന്റെ സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനിലെ മേലുദ്യോഗസ്ഥരുടെ അറിവോടെ യുവാവിന്റെ ഫോണ്‍നമ്പര്‍ കൂടി എഴുതിച്ചേര്‍ത്തു സൈബര്‍ സെല്ലിന് കൈമാറിയെന്നാണു സംശയിക്കുന്നത്.


Full View

ഫോണ്‍ നമ്പര്‍ എഴുതുമ്പോള്‍ ഉണ്ടായ പിഴവെന്ന് പൊലീസ്

ജൂണ്‍ 24നാണ് പൂന്തുറ ഉച്ചമാടന്‍ ദേവീക്ഷേത്രത്തില്‍ നിന്ന് ഒരു കോടിയോളം രൂപ വിലയുള്ള പഞ്ചലോഹവിഗ്രഹം മോഷണം പോയത്. മുന്‍ പൂജാരിയെ സംശയിച്ചു ക്ഷേത്ര സെക്രട്ടറി നല്‍കിയ പരാതിയില്‍ അന്വഷണം നടത്തിയെങ്കിലും പൂജാരിയുടെ ടവര്‍ ലൊക്കേഷന്‍ മോഷണദിവസം സംഭവസ്ഥലത്തെ പരിധിയില്‍ ഇല്ലെന്നു കണ്ടെത്തി. എന്നാല്‍ ഇതിനു രണ്ടു ദിവസം മുന്‍പ് പൂജാരി പൂന്തുറയില്‍ എത്തിയിരുന്നതായി വ്യക്തമായി.

തുടര്‍ന്നു പൂജാരിയുടെ ഫോണ്‍ വിളികളുടെ ലിസ്റ്റ് എടുക്കാനായി സൈബര്‍ സെല്ലിന് അപേക്ഷ നല്‍കി. ഇതിലാണ് വട്ടിയൂര്‍ക്കാവില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ സുഹൃത്തിന്റെ നമ്പര്‍ തിരുകിക്കയറ്റിയത്. സംഭവം ഒതുക്കിത്തീര്‍ക്കാനാണ് പൂന്തുറ പൊലീസിന്റെ നീക്കമെന്നാണ് ആരോപണം. ഫോണ്‍ നമ്പര്‍ എഴുതുമ്പോള്‍ സംഭവിച്ച പിഴവാണെന്നാണ് പൊലീസ് വിശദീകരണം.

Tags:    

Similar News