മുന്‍വിരോധം: അയല്‍വാസിയെ തീര്‍ക്കാന്‍ ന്യൂസിലന്‍ഡില്‍ ഇരുന്നു കൊണ്ട് ക്വട്ടേഷന്‍; വധശ്രമക്കേസിലെ പ്രതി മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്; അവസാന പ്രതിയും പിടിയിലാകുന്നത് ഒരു വര്‍ഷത്തിന് ശേഷം

ന്യൂസിലന്‍ഡില്‍ ഇരുന്ന് കൊലപാതക ക്വട്ടേഷന്‍ നല്‍കിയ പ്രതി പിടിയില്‍

Update: 2024-11-26 16:12 GMT

തിരുവല്ല: അയല്‍വാസിയായ യുവാവിനെ വധിക്കാന്‍ ന്യൂസിലന്‍ഡില്‍ ഇരുന്ന് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയെ ഒരു വര്‍ഷത്തിന് ശേഷം മുംബൈയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര്‍ ആഞ്ഞിലിത്താനം മാകാട്ടി കവല തെക്കേ മാകാട്ടില്‍ അനീഷ് എന്‍. പിള്ള (42) യെയാണ് മുംബൈ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. കവിയൂര്‍ ആഞ്ഞിലിത്താനം പഴമ്പള്ളില്‍ മനീഷ് വര്‍ഗീസിനെ കൊല്ലാന്‍ നാലംഗ സംഘത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് കേസ്. മനീഷിനോടും കുടുംബത്തോടുമുളള മുന്‍വൈരാഗ്യമായിരുന്നു ക്വട്ടേഷന് പിന്നില്‍.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 12 ന് വൈകിട്ട് മൂന്നരക്ക് പഴമ്പള്ളില്‍ ജങ്ഷനിലാണ് സംഭവം. ബൈക്കില്‍ മാകാട്ടി കവല റോഡില്‍ സഞ്ചരിച്ച യുവാവിനെ കാറിലെത്തിയ ഒന്നുമുതല്‍ നാലുവരെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മുഖത്ത് മുളകുപൊടി വിതറിയശേഷം ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ചു വീഴ്ത്തി. തുടര്‍ന്ന് തറയിലിട്ട് മര്‍ദ്ദിച്ചു. മോട്ടോര്‍ സൈക്കിള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

മനപ്പൂര്‍വമല്ലാത്ത നരഹത്യ ശ്രമത്തിനാണ് ആദ്യം കേസെടുത്തതെങ്കിലും തുടരന്വേഷണത്തില്‍ വധശ്രമമാണെന്ന് കണ്ടെത്തി. എസ്.എച്ച്.ഓ ബി.കെ.സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞു. ഒന്നുമുതല്‍ നാലുവരെ പ്രതികളായ അനില്‍ കുമാര്‍, വിഷ്ണു, സതീഷ് കുമാര്‍, റോയ് എന്നിവരെ ഒക്ടോബര്‍ 23 ന് രാത്രി അറസ്റ്റ് ചെയ്തു.

ആറാം പ്രതി അഭിലാഷ് മോഹന്‍, ഏഴാം പ്രതി സജു എന്നിവരെ ജനുവരി 10 നും മാര്‍ച്ച് 12 നുമായി അന്വേഷണസംഘം പിടികൂടുകയും ചെയ്തു. അഭിലാഷ് മോഹന്‍, സജു എന്നിവരുമായി അനീഷ് ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് അനില്‍ കുമാര്‍, വിഷ്ണു, സതീഷ് കുമാര്‍, റോയ് എന്നിവരെ കൃത്യം നടത്താന്‍ ഏല്‍പ്പിച്ചു. പ്രതികള്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ബാങ്ക് രേഖകളും വാട്സ്ആപ് സന്ദേശങ്ങളും പോലീസ് ശേഖരിച്ചു. അനീഷ് അഭിലാഷ് മോഹന്‍, സജു എന്നിവരുമായി നടത്തിയ സാമ്പത്തിക ഇടപാട് പോലീസ് കണ്ടെത്തി. പിന്നീട് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് ഇന്‍സ്പെക്ടര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ന്യൂസിലാന്‍ഡില്‍ കഴിയുന്ന അനീഷിനു വേണ്ടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പോലീസ് പുറപ്പെടുവിപ്പിച്ചു. നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. എയര്‍പോര്‍ട്ട് ഇമിഗ്രേഷനില്‍ നിന്ന് വിവരം അറിയിച്ചതനുസരിച്ച് പോലീസ് സംഘം അവിടെയെത്തി കസ്റ്റഡിയിലെടുത്തു.

എസ്.ഐ മുഹമ്മദ് സാലിഹ്, എസ്.സി.പി.ഓ അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഏറ്റുവാങ്ങിയത്. മുംബൈ സഹര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം അന്ധേരി ജെ എഫ് എം കോടതിയില്‍ ഹാജരാക്കി, ട്രാന്‍സിറ്റ് വാറന്റ് വാങ്ങി പ്രതിയുമായി പോലീസ് സംഘം തിരുവല്ലയിലെത്തി. തുടര്‍ നടപടികള്‍ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News