വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീട്ടുകാരെ ആക്രമിച്ചത് പണി സിനിമയുടേതിന് സമാനമായി; കാറും വീടും തല്ലിത്തകര്‍ത്തു; വീട്ടുകാരെ മര്‍ദിച്ചു; ലഹരി മരുന്ന് കടത്ത് അടക്കമുള്ള കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

വീട് തല്ലി തകര്‍ത്ത് വീട്ടുകാരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

Update: 2025-02-13 15:40 GMT

പത്തനംതിട്ട: വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീട്ടുകാരെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയെ പോലീസ് പിടികൂടി. അങ്ങാടിക്കല്‍ ചന്ദനപ്പള്ളി ചിറക്കോണില്‍ വീട്ടില്‍ വിമല്‍ (23)ആണ് പിടിയിലായത്. രണ്ടാം പ്രതി അഭിജിത് നേരത്തെ അറസ്റ്റിലായിരുന്നു. വള്ളിക്കോട് പി.ഡി.യു.പി സ്‌കൂളിന് സമീപം കൃഷ്ണകൃപ വീട്ടില്‍ ബിജു (54) വിന്റെ വീടിനു മുന്‍വശം കഴിഞ്ഞ എട്ടിന് രാത്രി 9.30 ന് ശേഷമാണ് ആക്രമണമുണ്ടായത്.

വീടിനു സമീപത്തെ വഴിയിലിരുന്ന് സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുകയും അസഭ്യം വിളിക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രതികള്‍ വീട്ടില്‍ ആക്രമണം നടത്തിയത്. വിമല്‍ ബിജുവിന്റെ 17 വയസുള്ള മകന്റെ ചെകിട്ടത്ത് അടിക്കുകയും ഭാര്യയുടെ കൈയില്‍ കടന്നുപിടിക്കുകയും ചെയ്തു. വസ്ത്രം വലിച്ചു കീറാനും ശ്രമിച്ചു.

ചെടിച്ചട്ടിയെടുത്ത് പോര്‍ച്ചില്‍ കിടന്ന കാറിന്റെ പിന്നിലെയും വീടിന്റെ മൂന്ന് ജനാലയുടെയും ചില്ലുകള്‍ അടിച്ചു പൊട്ടിച്ചു. കുഴവി അടുക്കളവാതിലില്‍ എറിഞ്ഞു. അടുക്കള ഭാഗത്തെ സ്റ്റെപ്പിന്റെ ടൈല്‍സ് പൊട്ടിച്ചു. വീടിന് സമീപത്തെ പച്ചക്കറി കൃഷിയും നശിപ്പിച്ചു.

ചന്ദനപ്പള്ളിയില്‍ നിന്നാണ് വിമലിനെ കസ്റ്റഡിയിലെടുത്തത്.

തുടര്‍നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. കൊടുമണ്‍ പോലീസ് സ്റ്റേഷനിലും പത്തനംതിട്ട എക്സൈസ് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലും രജിസ്റ്റര്‍ ചെയ്ത, കഞ്ചാവ് വില്‍പ്പനക്കായി കൈവശം സൂക്ഷിച്ചതിന് എടുത്ത കേസുകളില്‍ പ്രതിയാണ് വിമല്‍. കൂടാതെ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ 2023 ല്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലും ഉള്‍പ്പെട്ടു.

Tags:    

Similar News