വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നു; മൃതദേഹം ചാക്കിലാക്കി ബൈക്കില്‍ കയറ്റി ജയ്പ്പൂരിലെ തിരക്കേറിയ തെരുവിലൂടെ സഞ്ചാരം; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; കാട്ടില്‍ കൊണ്ടുപോയി കത്തിച്ചിട്ടും പ്രതികള്‍ കുടുങ്ങിയത് ഇങ്ങനെ
വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നു
ജയ്പുര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി കാമുകനൊപ്പം യുവതി ബൈക്കില്‍ പോകുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാജസ്ഥാനിലെ ജയ്പ്പൂരിലാണ് സംഭവം. വിവാഹേതര ബന്ധം ചോദ്യംചെയ്ത ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം മൃതദേഹം ചാക്കിലാക്കി വനത്തില്‍ ഉപേക്ഷിക്കാനായി ഇരുവരും ചേര്‍ന്ന് ബൈക്കില്‍ കൊണ്ടുപോകുന്ന ദൃശ്യമാണ് സി സി ടി വിയില്‍ പതിഞ്ഞത്.
സിസി ടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായി മാറി. ഗോപാലി ദേവി എന്ന യുവതിയും കാമുകന്‍ ദീന്‍ദയാല്‍ കുശ്വാഹയും ചേര്‍ന്നാണ് യുവതിയുടെ ഭര്‍ത്താവ് ധന്നലാല്‍ സായ്‌നിയെ വകവരുത്തിയത്. ഇരുവരും ചേര്‍ന്ന് മൃതദേഹം കാട്ടിലെത്തിച്ച് കത്തിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ഗേപാല്‍ ദേവിക്ക് ദീന്‍ദയാല്‍ കുശ്വാഹയുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നു. ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്നുവെന്ന് നുണ പറഞ്ഞാണ് ഇവര്‍ പുറത്തുപോയിരുന്നത്. പച്ചക്കറി വില്‍പനക്കാരനായിരുന്നു ധന്നലാല്‍ സായ്‌നി. കുശ്വാഹ ജോലി ചെയ്യുന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഗോപാല്‍ ദേവി പതിവായി എത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച സംശയം തോന്നി ഭാര്യയെ പിന്തുടര്‍ന്ന ധന്നലാല്‍ ഇരുവരെയും ഒരുമിച്ച് കാണുകയായിരുന്നു.
പ്രശ്‌നം തണുപ്പിക്കാനെന്ന ഭാവേന ഇരുവരും സായ്‌നിയെ വസ്ത്രവ്യാപാര സ്ഥാപനത്തിന് മുകളിലെ മറ്റൊരു കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തില്‍ കുരുക്ക് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ധന്നലാല്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരിക്കാമെന്ന് ജയ്പൂര്‍ സൗത്ത് ഡിസിപി ദിഗന്ദ് ആനന്ദ് പറഞ്ഞു.
കൊലപാതക ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം ചാക്കിലാക്കി കുശ്വാഹയുടെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി. തിരക്കേറിയ മാര്‍ക്കറ്റിലൂടെ വലിയ ചാക്കുമായി ഇരുവരും ബൈക്കില്‍ പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
റിങ് റോഡിന് സമീപം ചാക്കിറക്കി തീയിട്ടു. മൃതദേഹം കണ്ടെടുത്താലും തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയായിരുന്നു കത്തിക്കല്‍. മൃതശരീരം പാതി കത്തിയപ്പോഴേക്കും ഒരു കാര്‍ വരുന്നത് കണ്ട് ഇരുവരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മെയിന്‍ റോഡിന് സമീപം പാതി കത്തിയ മൃതദേഹം കണ്ടെത്തിയെന്നും അതുതിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും ഡിസിപി അറിയിച്ചു.