പള്ളിയില്‍ നിന്ന് മടങ്ങിയ വയോധികയെ മറിച്ചിട്ടു മാല പൊട്ടിച്ചു; കിട്ടിയ കാശുമായി അടിച്ചു പൊളി; പുലര്‍കാലത്തെ ഗാഢനിദ്രയില്‍ ലോഡ്ജ് മുറിയില്‍ നിന്ന് പൊക്കി പോലീസ് സംഘം; കോഴഞ്ചേരിയില്‍ വയോധികയുടെ മാലപറിച്ച കേസില്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയെ പിടികൂടി
വയോധികയുടെ മാലപറിച്ച കേസില്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയെ പിടികൂടി
പത്തനംതിട്ട: പള്ളിയില്‍ പോയശേഷം തിരികെ വീട്ടിലേക്ക് നടന്നുപോയ വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന കേസില്‍ ഒരു പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി കള്ളിക്കാട്ടില്‍ വീട്ടില്‍ ബിനു തോമസ്(34) ആണ് പിടിക്കപ്പെട്ടത്. ബൈക്ക് ഓടിച്ച ഇയാളാണ് ഒന്നാം പ്രതി. രണ്ടാം പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചു. കോഴഞ്ചേരി മേലെപ്പീടികയില്‍ ഉഷാ ജോര്‍ജി(72)ന്റെ കഴുത്തില്‍ നിന്നും 3 പാവനോളം തൂക്കം വരുന്ന മാല പൊട്ടിച്ചുകടന്ന ഇയാളെ പത്തനംതിട്ട അമല ബാറിനു സമീപമുള്ള ലോഡ്ജില്‍ നിന്നും 6 ന് പുലര്‍ച്ചെയാണ് പിടികൂടിയത്. പ്രതിക്ക് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി പതിനാറോളം മോഷണം കേസുകളുള്ളതായി അന്വേഷണത്തില്‍ വ്യക്തമായി. മാലയ്ക്ക് 2,20,000 രൂപയുടെ നഷ്ടം സംഭവിച്ചു.
കഴിഞ്ഞ മൂന്നിന് രാവിലെ 7.30 നാണ് സംഭവം. സ്ഥിരമായി ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകാറുണ്ടെന്ന് അറിവുള്ള പ്രതികള്‍ ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ച് വയോധികയുടെ എതിര്‍ദിശയിലെത്തി. വ്യവസായകേന്ദ്രത്തിന് അടുത്ത് ബൈക്ക് നിര്‍ത്തി, പിന്നിലിരുന്നയാള്‍ അരികിലെത്തി കയ്യില്‍ പിടിച്ചുവലിച്ചു. പരിഭ്രമിച്ച് നിലവിളിച്ചപ്പോള്‍ പിടിച്ചു തള്ളി താഴെയിട്ടു. നിലവിളികേട്ട് അയല്‍വാസി ജോജി ഓടിയെത്തി മോഷ്ടാവിനെ വട്ടത്തില്‍ കയറിപ്പിടിച്ചു. എന്നാല്‍ ഇദ്ദേഹത്തെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് മാല പറിച്ചെടുത്ത് കോഴഞ്ചേരി മാര്‍ത്തോമ്മ സ്‌കൂള്‍ റോഡിലൂടെ ഓടി പോകുകയും ചെയ്തു. അവിടെ കാത്തുനിന്ന കൂട്ടുപ്രതി ഓടിച്ച ബൈക്കില്‍ കയറി രക്ഷപ്പെട്ടു. താഴെവീണ വയോധികയുടെ വലതു കൈമുട്ടിലും ഇടതുകൈ ചെറുവിരലിനു താഴെ കൈപ്പത്തിയിലും കഴുത്തിലും മുറിവുണ്ടായി.
പരാതിപ്രകാരം സിപിഓ മനുകുമാര്‍ മൊഴിയെടുത്തു, എസ് ഐ വിഷ്ണു കേസെടുത്തു. ആറന്മുള പോലീസ് സമീപത്തെ കടയിലെയും ലാബിലെയും മറ്റും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്കായുള്ള തെരച്ചില്‍ വ്യാപകമാക്കിയിരുന്നു.മോഷ്ടാക്കള്‍ സഞ്ചരിച്ച ബൈക്ക് റാന്നിയില്‍ ഉപേക്ഷിച്ച നിലയില്‍ പിന്നീട് കണ്ടെത്തി. പ്രതികള്‍ക്കായി വിവിധയിടങ്ങളില്‍ പോലീസ് വലവിരിച്ചു . ഒടുവില്‍ പത്തനംതിട്ട അമല ബാറിനു സമീപമുള്ള ലോഡ്ജില്‍ നിന്നും പുലര്‍ച്ചയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.കട്ടിലില്‍ കിടന്ന ഇയാള്‍ പോലീസ് എന്ന് മനസ്സിലാക്കിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു, തുടര്‍ന്ന് മല്‍പ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തി, സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു, തുടര്‍ന്ന് 6 ന് വൈകിട്ട് 4.45 ന് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മാല രണ്ടാം പ്രതിയുടെ കയ്യിലാണെന്നും വിറ്റോ പണയം വച്ചോ കിട്ടിയ തുകയില്‍ 80,000 രൂപ രണ്ടാം പ്രതി നല്‍കിയതായും, അത് മദ്യപിക്കാനും ആഹാരം കഴിക്കാനും ഉപയോഗിച്ചതായും പോലീസിനോട് സമ്മതിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട, മാവേലിക്കര തിരുവല്ല ചെങ്ങന്നൂര്‍ കോയിപ്രം ആറന്മുള പുളിക്കീഴ് റാന്നി എന്നീ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഇയാള്‍.