ഭര്‍ത്താവിന്റെ സംശയരോഗത്തെ തുടര്‍ന്ന് യുവതിയുടെ കൊലപാതകം; കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുക്കാന്‍ പ്രതിയുടെ ട്രെയിന്‍ യാത്ര പല തവണ പുനരാവിഷ്‌കരിച്ച് പോലീസ്; വലിച്ചെറിഞ്ഞെന്ന് പറഞ്ഞ സ്ഥലത്ത് സംഘം ചേര്‍ന്ന് തെരച്ചില്‍; ഒടുവില്‍ കത്തി കണ്ടെടുത്തു
യുവതിയുടെ കൊലപാതകത്തില്‍ കത്തി കണ്ടെടുത്തു
പത്തനംതിട്ട: ഭാര്യയെ കുത്തിക്കൊല്ലുകയും ഭാര്യാപിതാവിനെയും സഹോദരിയെയും കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതി ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കാന്‍ കോയിപ്രം പോലീസിന്റെ ഭഗീരഥ പ്രയത്നം. കവിയൂര്‍ കോട്ടൂര്‍ സ്വദേശി അജിയെന്ന ജയകുമാര്‍ (42) ആണ് ഭാര്യ ശാരി മോളെ (34)കുത്തിക്കൊന്നത്. ശാരിയുടെ പിതാവ് കെ. ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവരെ കുത്തി ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
ദിവസങ്ങള്‍ക്ക് ശേഷം ജയകുമാറിനെ പോലീസ് പിടികൂടിയെങ്കിലും കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. താന്‍ ട്രെയിന്‍ യാത്രയ്ക്കിടെ കത്തി വലിച്ചെറിഞ്ഞുവെന്നായിരുന്നു ജയകുമാറിന്റെ മൊഴി. ജില്ലാ പോലീസ് മേധാവി ആനന്ദിന്റെ നിര്‍ദേശപ്രകാരം കത്തി കണ്ടെത്താനുള്ള തെരച്ചിലിന്റെ ഭാഗമായി ജയകുമാറിന്റെ യാത്ര പുനരാവിഷ്‌കരിച്ചു. കൃത്യം നടത്തിയ ശേഷം നാടുവിട്ട പ്രതി ട്രെയിനില്‍ കായംകുളം മുതല്‍ ചെങ്ങന്നൂര്‍ വരെ സഞ്ചരിച്ചത് പല തവണ പോലീസ് പുനരാവിഷ്‌കരിച്ചു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പില്‍ ഈ വഴിയിലൂടെ പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥര്‍ പലതവണ യാത്ര ചെയ്തു. സ്വതന്ത്ര സാക്ഷി എന്ന നിലയ്ക്ക് കോയിപ്രം വില്ലേജ് അസിസ്റ്റന്റിനെയും പോലീസ് ഫോട്ടോഗ്രാഫറെയും കൂട്ടിയാണ് യാത്ര നടത്തിയത്. ഇതിലൂടെ പ്രതി കത്തി ഉപേക്ഷിച്ച സ്ഥലം പോലീസ് സംഘം കൃത്യമായി മനസ്സിലാക്കി. കൂടാതെ പല ഘട്ടങ്ങളിലായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ 20 കിലോമീറ്ററോളം നടന്നു നിരീക്ഷിച്ച് പരിശോധന നടത്തുകയും ചെയ്തു.
ആവര്‍ത്തിച്ചുള്ള ട്രെയിന്‍ യാത്രകളിലൂടെ തഴക്കരയിലെ പൊന്തക്കാടിനുള്ളില്‍ നിന്നും കത്തി കണ്ടെടുത്തു. ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തിലും കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ പി എം ലിപിയുടെ നേതൃത്വത്തിലും നടത്തിയ ദൗത്യത്തില്‍ എസ്.ഐ സുരേന്ദ്രന്‍, എ.എസ്.ഐ ഷിബുരാജ്, എസ്.സി.പി.ഓ സുരേഷ്, സി.പി.ഓമാരായ ഇര്‍ഷാദ്, കേശു, അരവിന്ദ് റഷാദ് എന്നിവര്‍ പങ്കെടുത്തു.