ഇന്റര്‍പോള്‍ തേടുന്ന കുറ്റവാളി ഉല്ലസിച്ചു കഴിഞ്ഞത് വര്‍ക്കലയില്‍; ലിത്വാനിയ സ്വദേശി ബെസ്സിയോക്കോവ് റഷ്യന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പിലെ പ്രധാനി; അന്തര്‍ദേശീയ ഭീകരസംഘടനകള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായം ചെയ്തു; വര്‍ക്കല പോലീസ് അറസ്റ്റു ചെയ്തത് കുടുംബത്തൊപ്പം അവധി ആഘോഷിക്കവേ
ഇന്റര്‍പോള്‍ തേടുന്ന കുറ്റവാളി ഉല്ലസിച്ചു കഴിഞ്ഞത് വര്‍ക്കലയില്‍
തിരുവനന്തപുരം: ഇന്റര്‍പോള്‍ നോട്ടീസുള്ള വിദേശ പൗരന്‍ തിരുവനന്തപുരത്ത് പിടിയില്‍. ലിത്വാനിയ സ്വദേശി ബെസ്സിയോക്കോവ് ആണ് പിടിയിലായത്. വര്‍ക്കല കുരയ്ക്കണ്ണിയിലെ ഹോം സ്റ്റേയില്‍ താമസിക്കുകയായിരുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ബെസ്സിയോക്കോവ് റഷ്യന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പിലെ പ്രധാനിയാണ്. രാജ്യാന്തര ക്രിമിനല്‍ സംഘടനകള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം ഒരുക്കി എന്നാണ് കേസ്.
യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് (ഡിഒജെ) തിരയുന്ന അമേരിക്കയില്‍ കോടിക്കണക്കിന് ഡോളിന്റെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വ്യക്തിയാണ് ലിത്വാനിയന്‍ പൗരന്‍. 2022 ല്‍ യുഎസ് സര്‍ക്കാര്‍ നിരോധിച്ച ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ ഗാരന്റക്‌സിന്റെ സഹസ്ഥാപകന്‍ കൂടിയാണ് ഇയാാള്‍. ചൊവ്വാഴ്ച വൈകുന്നേരം കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ വര്‍ക്കലയില്‍ നിന്ന് അറസ്റ്റിലായത്.
അന്തര്‍ദേശീയ ഭീകരസംഘടനകള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായം ചെയ്ത ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ച് നടത്തിയതിനാണ് ഇയാള്‍ക്കെതിരെ കുറ്റം. ഇയാളെ പിടികൂടാന്‍ ന്യൂഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റില്‍ നിന്ന് വര്‍ക്കല പോലീസിന് നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഇയാളെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. കുറ്റവാളിയെ പിടികൂടി കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് ഉണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പ്രകാരം രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയിലേക്ക് ട്രെയിന്‍ മാര്‍ഗം മാറ്റും.
കോടതി രേഖകള്‍ അനുസരിച്ച്, 2019 മുതല്‍ 2025 വരെ, റഷ്യന്‍ പൗരനായ അലക്‌സാണ്ടര്‍ മിറ സെര്‍ഡയും ഇപ്പോള്‍ പിടിയിലായ അലക്‌സെജ് ബെസ്സിയോക്കോവും, അന്തര്‍ദേശീയ ക്രിമിനല്‍ സംഘടനകള്‍ക്ക് (ഭീകര സംഘടനകള്‍ ഉള്‍പ്പെടെ) കള്ളപ്പണം വെളുപ്പിക്കുന്നതിനും ഉപരോധ ലംഘനങ്ങള്‍ക്കും സഹായിച്ചതായി ആരോപിക്കപ്പെടുന്ന ഒരു ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ ഗാരന്റക്‌സിനെ നിയന്ത്രിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്തുവെന്നതാണ് ഇയാളുടെ പേരിലുള്ള കുറ്റം. ഏപ്രില്‍ 2019 മുതല്‍, ഗാരന്റക്സ് ക്രിപ്‌റ്റോകറന്‍സി ഇടപാടുകളില്‍ കുറഞ്ഞത് 96 ബില്യണ്‍ ഡോളര്‍ (എട്ടുലക്ഷം കോടി രൂപയുടെ) ഇടപാടുകളാണ് ഇവര്‍ നടത്തിയതെന്നാണ് കോടതി രേഖകള്‍.
ഭീകരസംഘടനകള്‍ക്ക് സഹായം ചെയ്യുന്നതുവരെ ഗരാന്റക്‌സിന് ദശലക്ഷക്കണക്കിന് ക്രിമിനല്‍ വരുമാനം ലഭിച്ചു, ഹാക്കിംഗ്, തീവ്രവാദം, മയക്കുമരുന്ന് കടത്ത് എന്നിവയുള്‍പ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങള്‍ സുഗമമാക്കാന്‍ ഇവരുടെ സേവനം ഉപയോഗിക്കുകയായിരുന്നു. മീര സെര്‍ഡയ്ക്കും ബെസ്സിയോക്കോവിനുമെതിരെ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഗൂഢാലോചനയുടെ കുറ്റമാണ് ചുമത്തിയിരിക്കുന്നത്, ഇതിന് പരമാവധി 20 വര്‍ഷം തടവ് ശിക്ഷ ലഭിക്കും.