സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു; പാലക്കാട് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിക്കെതിരെ കേസ്; യുവാവിന്റെ ഫോണും ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തു പോലീസ്
പാലക്കാട് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിക്കെതിരെ കേസ്
പാലക്കാട്: സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് എന്‍ജിനീയറിംഗ് കോളേജിലെ നാലാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി യദു എസ് കുമാറിനെതിരെയാണ് കേസെടുത്തത്. വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലായിരുന്നു യദു ഫോട്ടോ പങ്കുവച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. പ്രിന്‍സിപ്പലാണ് പരാതി പൊലീസിന് കൈമാറിയത്. യദുവിന്റെ ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. ഐടി ആക്ട് 67എ പ്രകാരം ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അടുത്തകാലത്തായി സമാന സംഭവങ്ങള്‍ അവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞദിവസം സഹപാഠികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങള്‍ ടെലഗ്രാമിലൂടെ വില്‍പന നടത്തിയെന്ന പരാതിയില്‍ പതിനെട്ടുകാരനായ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തിരുന്നു. തിക്കോടി സ്വദേശി ആദിത്യ ദേവിനെതിരെയാണ്(18) കേസെടുത്തത്. ക്ലാസ് മുറികളില്‍ നിന്നും മറ്റും സഹപാഠികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങള്‍ അവരറിയാതെ ആദിത്യ ദേവ് പകര്‍ത്തുകയായിരുന്നു.തുടര്‍ന്ന് ടെലഗ്രാം ചാനല്‍ വഴി 39 രൂപയ്ക്ക് ചിത്രങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചു.
സംഭവം ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് വിഷയം മാനേജ്മെന്റിനെ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസിനെയും വിവരമറിയിച്ചു. സംഭവം അറിഞ്ഞയുടന്‍ തന്നെ കോഴിക്കോട് സൈബര്‍ പൊലീസ് സ്റ്റേഷനിലും കസബ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയെന്ന് മാനേജ്മെന്റ് അറിയിച്ചു. അതോടൊപ്പം തന്നെ വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.