ഇന്‍സ്റ്റായില്‍ കണ്ട ലോണ്‍ പരസ്യത്തില്‍ ക്ലിക് ചെയ്തു; യുവതിയില്‍ നിന്നും പണം തട്ടി; പണം നല്‍കാതിരുന്നാല്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ അയച്ച് ഭീഷണി; പ്രതിയെ സാഹസികമായി പിടികൂടി പോലീസ്

Update: 2025-09-06 08:39 GMT

കോഴിക്കോട്: സൈബര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിഹാറില്‍ നിന്നും പിടിയില്‍. ഔറങ്കാബാദ് ജില്ലയിലെ മാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് 22 കാരനായ അഭിമന്യു കുമാറിനെ ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ കണ്ട ലോണ്‍ പരസ്യത്തില്‍ ക്ലിക്ക് ചെയ്ത അഴിയൂര്‍ സ്വദേശിയായ യുവതിയുടെ ഫോണ്‍ ഐഡി കൈവശപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു പ്രതി. തുടര്‍ന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും നല്‍കാത്തതിനെത്തുടര്‍ന്ന് യുവതിയുടെയും 13 കാരിയായ മകളുടെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങള്‍ നിര്‍മ്മിച്ച് അയച്ചു ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജു ഐ.പി.എസ്. നല്‍കിയ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ ജെഫിന്‍ രാജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജിത്ത് പി.ടി., സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് എം.കെ. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നക്‌സല്‍ ഭീഷണിയുള്ള പ്രദേശമായതിനാല്‍ പ്രത്യേക സുരക്ഷ ഒരുക്കിയാണ് നടപടി. പോലീസ് സാന്നിധ്യം മനസ്സിലാക്കി പ്രതി രക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ വാഹനം ഉപേക്ഷിച്ച് ആയുധധാരികളായ ഇരുപതോളം അംഗങ്ങളടങ്ങിയ സേന അര്‍ദ്ധരാത്രിയില്‍ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് വീട്ടില്‍ വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ കോഴിക്കോട് കൊണ്ടുവന്ന് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയതായി പൊലീസ് അറിയിച്ചു.

Tags:    

Similar News