ഫേയ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്ക്വസ്റ്റ് വന്ന യുവതിയുമായി ചാറ്റിങ്; പ്രണയവും; യുവതി ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍; സഹായം തേടി യുവതിയുടെ സുഹൃത്തുക്കളും; 80 കാരന്റെ കൈയ്യില്‍ നിന്ന് തട്ടിയത് 9 കോടി

Update: 2025-08-09 01:06 GMT

മുംബൈ: സോഷ്യല്‍ മീഡിയയിലെ പ്രണയ വലയില്‍ കുടുക്കി 80 വയസ്സുകാരന്റെ ജീവിതസമ്പാദ്യം തട്ടിയെടുക്കുന്ന സൈബര്‍ തട്ടിപ്പുകാര്‍ 9 കോടി രൂപ കവര്‍ന്ന സംഭവം പുറത്തുവന്നു. രണ്ട് വര്‍ഷത്തിനിടെ വിവിധ ഓണ്‍ലൈന്‍ ഇടപാടുകളിലൂടെയാണ് തുക കൈമാറിയത്. 2023ല്‍ ഫെയ്സ്ബുക്കില്‍ ഒരു യുവതിയുടെ പേരിലും ചിത്രത്തിലും നിന്നു വന്ന ഫ്രണ്ട് റിക്വസ്റ്റ് വഴിയാണ് തട്ടിപ്പ് ആരംഭിച്ചത്. 'ഷാര്‍വി' എന്ന പേരില്‍ പരിചയപ്പെട്ട യുവതി, ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് കുട്ടികളോടൊപ്പം താമസിക്കുന്നതായി മുതിര്‍ന്ന പൗരനോട് പറഞ്ഞു. ബന്ധം വളരുന്നതിനിടെ കുട്ടികള്‍ക്ക് ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടതോടെ ഇയാള്‍ തുക അയയ്ക്കാന്‍ തുടങ്ങി.

ശേഷം, ഷാര്‍വിയുടെ സുഹൃത്താണെന്നു പരിചയപ്പെട്ട 'കവിത'എന്ന സ്ത്രീയും, പിന്നീട് ഷാര്‍വി മരിച്ചതായി പറഞ്ഞ് സഹോദരിയെന്നുമറിയിച്ച മറ്റൊരു സ്ത്രീയും രംഗത്തെത്തി. ഇവര്‍ രണ്ട് പേരും മുതിര്‍ന്ന പൗരനില്‍ നിന്ന് ഓരോ ആവശ്യം പറഞ്ഞ് പണം ചോദിച്ചു. ഇയാള്‍ നല്‍കുകുയും ചെയ്തു. ചികിത്സാ ചിലവുകള്‍, അടിയന്തിര ആവശ്യങ്ങള്‍ തുടങ്ങിയ വ്യാജ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടികളാണ് തട്ടിപ്പ് സംഘങ്ങള്‍ തട്ടിയെടുത്തത്. പണം തിരികെ ചോദിച്ചതോടെ, ഷാര്‍വിയുമായുള്ള സ്വകാര്യ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പണം തീര്‍ന്നതോടെ, മരുമകളില്‍ നിന്ന് 2 ലക്ഷം രൂപയും മകനില്‍ നിന്ന് 5 ലക്ഷം രൂപയും കടമായി വാങ്ങി തട്ടിപ്പുകാര്‍ക്ക് നല്‍കി. മകനോട് കടം ചോദിച്ചതോടെ വീട്ടുകാര്‍ക്ക് സംശയം തോന്നി. വിശദമായി അന്വേഷിച്ചപ്പോഴാണ് വന്‍ തട്ടിപ്പ് നടന്നത് വ്യക്തമായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുതിര്‍ന്ന പൗരന്‍ ഇപ്പോള്‍ ആശുപത്രിയില്‍. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News