കടവന്ത്രക്കാരന്‍ നിമേഷിന്റെ 25 കോടി തട്ടിയെടുത്തത് സൈപ്രസിലെ മാഫിയ; അമേരിക്കന്‍ കമ്പനിയെങ്കിലും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് യൂറോപ്പില്‍; അധോലോക സംഘത്തിനൊപ്പം നിരവധി മലയാളികള്‍ ഉണ്ടെന്നും സൂചന; 'കാപിറ്റലിക്‌സ്' ഓഹരി തട്ടിപ്പില്‍ കരുതലോടെ നീങ്ങാന്‍ അന്വേഷണ സംഘം

Update: 2025-09-06 03:37 GMT

എറണാകുളം: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ എറണാകുളം സ്വദേശിയില്‍നിന്ന് 25 കോടി രൂപ തട്ടിയെടുത്തത് സൈപ്രസിലെ മാഫിയാ സംഘം. തട്ടിപ്പിന് ഉപയോഗിച്ച കമ്പനി രജിസ്റ്റര്‍ ചെയ്തത് അമേരിക്കയിലാണെങ്കിലും തട്ടിപ്പുകാര്‍ തമ്പടിച്ചത് യൂറോപ്യന്‍ രാജ്യമായ സൈപ്രസിലാണ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധമാണ് സൈപ്രസ്. ഈ തട്ടിപ്പ് കേസില്‍ ഇൗ പണം എത്തിയ അക്കൗണ്ടുകളെക്കുറിച്ച് വിശദ അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ത്തന്നെയുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമറിഞ്ഞുപോയതായാണ് പ്രാഥമിക കണ്ടെത്തല്‍. ഇതെല്ലാം എത്തിയത് സൈപ്രസിലേക്കാണെന്നതാണ് നിഗമനം. ഈ സംഘത്തില്‍ ഒന്നിലേറെ മലയാളികളുമുണ്ട്. സൈപ്രസിലെ കോള്‍ സെന്ററിനെ കുറിച്ച് പോലീസിന് സൂചന കിട്ടിയിട്ടുണ്ട്. ഈ കോള്‍ സെന്ററില്‍ മലയാളികളും ഉണ്ടെന്നാണ് കണ്ടെത്തല്‍.

കൊച്ചിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വ്യവസായിക്ക് നഷ്ടമായത് 25 കോടി രൂപയാണ്. കടവന്ത്ര സ്വദേശി നിമേഷിനാണ് ഷെയര്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ പണം നഷ്ടമായത്. 23 അക്കൗണ്ടുകളില്‍ നിന്നായി 96 ഇടപാടുകളാണ് നടന്നത്. രാജ്യത്തിന് പുറത്തുള്ള അക്കൗണ്ടുകളിലേക്കും പണം കൈമാറിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പാണ് കൊച്ചിയില്‍ നടന്നത്. ഡാനിയല്‍ എന്ന് പരിചയപ്പെടുത്തിയ ആളാണ് ക്യാപിറ്റാലിക്‌സ് എന്ന തട്ടിപ്പ് വെബ്‌സൈറ്റിലേക്ക് നിമേഷിനെ എത്തിച്ചത്. ഇയാളെ പൊലീസ് പ്രതി ചേര്‍ത്തെങ്കിലും പേര് തന്നെ വ്യാജമാണെന്ന് കണ്ടെത്തി.

കാലിഫോര്‍ണിയയിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് വ്യവസായിയെ തട്ടിപ്പുകാര്‍ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. വാട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവ വഴിയാണ് ആശയവിനിമയം നടന്നത്. ആദ്യമൊക്കെ വാഗ്ദാനം ചെയ്ത തുക തന്നെ ലാഭമായി നല്‍കുകയും ചെയ്തു. ഇതോടെ കൂടുതല്‍ തുക നിക്ഷേപിക്കുകയായിരുന്നു. പണം നിക്ഷേപിച്ചത് ഒരു ബാങ്കിന്റെ വിവിധ അക്കൗണ്ടിലേക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.ഇനി വീണ്ടും പരാതിക്കാരന്റെ മൊഴി എടുക്കും. അതിന് ശേഷം സൈപ്രസിലെ അന്വേഷണ ഏജന്‍സികളേയും സമീപിക്കും.

കൊച്ചി സിറ്റി സൈബര്‍ സെല്‍ പ്രത്യേകസംഘമാണ് അന്വേഷണം ആരംഭിച്ചത്. അധികലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്. ഡാനിയേല്‍ എന്നയാളെയാണ് പ്രതിചേര്‍ത്തത്. ഇത് വ്യാജ പേരാണെന്നാണ് സംശയിക്കുന്നത്. മലയാളത്തിലാണ് ഡാനിയേല്‍ സംസാരിച്ചത്. ഓഹരിവിപണിയില്‍ സജീവമായി ഇടപെടുന്ന നാല്‍പ്പത്തൊന്നുകാരനായിരുന്നു നിമേഷ്. വാട്സാപ് വഴിയാണ് പ്രതികള്‍ ആദ്യം ബന്ധപ്പെട്ടത്. പിന്നീട് ടെലിഗ്രാംവഴിയും സമ്പര്‍ക്കം പുലര്‍ത്തി. വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരി ചെറിയ തുകയ്ക്ക് വാങ്ങിനല്‍കാമെന്നും വന്‍തുക ലാഭമായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.

ടെലിഗ്രാം വഴി 'കാപിറ്റലിക്‌സ്' എന്ന വ്യാജ ട്രേഡിങ് സൈറ്റിന്റെയും ആപ്പിന്റെയും മറവിലായിരുന്നു തട്ടിപ്പ്. വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകള്‍ വഴി 2023 മെയ് മുതല്‍ 2025 ആഗസ്ത് 29 വരെ പല തവണയായി തുക കൈമാറുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഒന്നരക്കോടി രൂപ ലാഭവിഹിതമായി പരാതിക്കാരന് തിരികെ കിട്ടി. ഇതില്‍ വിശ്വസിച്ച് 25 കോടി രൂപയോളം വീണ്ടും നിക്ഷേപിച്ചു. പിന്നീട് ലാഭവിഹിതവും നിക്ഷേപവും തിരികെ ലഭിക്കാതെ വന്നതോടെയാണ് പൊലീസില്‍ അറിയിച്ചത്. രാജ്യത്ത് ഓണ്‍ലൈന്‍ സൈബര്‍ നിക്ഷേപ തട്ടിപ്പിലൂടെ ഒരാളില്‍നിന്ന് തട്ടിയെടുത്ത ഏറ്റവും വലിയ തുകയാണിത്.

സൈപ്രസിലെ കോള്‍ സെന്ററില്‍ നിന്നാണ് നിമേഷിനെ തട്ടിപ്പുകാര്‍ ബന്ധപ്പെട്ടതെന്നാണ് വിലയിരുത്തല്‍. ഈ കോള്‍ സെന്ററില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. പല മലയാളികളേയും പറഞ്ഞ് പറ്റിച്ച് വിദേശത്ത് എത്തിച്ച ശേഷം ഭീഷണിപ്പെടുത്തി കോള്‍ സെന്ററുകളില്‍ ജോലി ചെയ്യിക്കാറുണ്ട്. അത്തരത്തിലെ മാഫിയകളാണോ ഇതിന് പിന്നിലെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Similar News