എന്‍ എം വിജയനും മകന്‍ ജിജേഷും ജീവനൊടുക്കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഒന്നാം പ്രതി; മുന്‍ പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മുന്‍ ട്രഷറര്‍ കെ കെ ഗോപിനാഥന്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികള്‍

എന്‍ എം വിജയനും മകന്‍ ജിജേഷും ജീവനൊടുക്കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Update: 2025-10-23 07:38 GMT

സുല്‍ത്താന്‍ ബത്തേരി: വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനും മകന്‍ ജിജേഷും ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കിയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് അന്വേഷണ സംഘ തലവനും ബത്തേരി ഡിവൈഎസ്പിയുമായ കെ കെ അബ്ദുല്‍ ഷരീഫ് കുറ്റപത്രം സമര്‍പ്പിച്ചത്.

വയനാട് ഡിസിസി മുന്‍ പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മുന്‍ ട്രഷറര്‍ കെ കെ ഗോപിനാഥന്‍ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. കേസില്‍ നേരത്തെ അറസ്റ്റിലായ മൂന്നു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ബാങ്കില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് നടത്തിയ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് എന്‍എം വിജയന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. നിയമനക്കോഴയുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിലും ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഒന്നാം പ്രതിയാണ്.

2024 ഡിസംബര്‍ 24 നാണ് വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുന്നത്. ചികിത്സയിലിരിക്കെ 27 നാണ് ഇരുവരും മരിച്ചത്. നിയമനക്കോഴയുമായി ബന്ധപ്പെട്ട് വിജയന്റെ കത്തുകളില്‍ പരാമര്‍ശിച്ച സാമ്പത്തിക ഇടപാടുകളും ബാധ്യതകളും വിശദമാക്കുന്ന നൂറോളം സാക്ഷിമൊഴികളും ബത്തേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. ഒന്നര കോടിയോളം രൂപയുടെ ബാധ്യത വിജയന് ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

നേതാക്കളും പണം നല്‍കിയവരുമായി എന്‍എം വിജയന്‍ നടത്തിയ ഫോണ്‍ വിളികളുടെ വിവരങ്ങളും ഓഡിയോ ക്ലിപ്പുകളും ഡിജിറ്റല്‍ തെളിവുകളും വിജയന്റെ ഡയറിക്കുറിപ്പുകളിലെ വിശദാംശങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ പേരുണ്ടായിരുന്നു.

ഐസി ബാലകൃഷ്ണന്‍, എന്‍ഡി അപ്പച്ചന്‍, കെകെ ഗോപിനാഥന്‍, പിവി ബാലചന്ദ്രന്‍ എന്നിവരാണ് മരണത്തിനു കാരണക്കാരെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ഇതില്‍ മുന്‍ ഡിസിസി പ്രസിഡന്റായിരുന്ന പിവി ബാലചന്ദ്രന്‍ 2023ല്‍ അസുഖബാധയെത്തുടര്‍ന്ന് അന്തരിച്ചു. കെപിസിസി മുന്‍ നിര്‍വാഹക സമിതിയംഗം കൂടിയായിരുന്ന അദ്ദേഹം അഭിപ്രായഭിന്നതകളെത്തുടര്‍ന്ന് 2021 ല്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. നിയമനക്കോഴയുമായി ബന്ധപ്പെട്ട് എന്‍എംവിജയന്റെ കുടുംബം ഉയര്‍ത്തിയ ആരോപണ വിവാദങ്ങള്‍ക്കിടെ, വിജയന്റെ സാമ്പത്തിക ബാധ്യത കെപിസിസി നേതൃത്വം ഏറ്റെടുത്തിരുന്നു.

Tags:    

Similar News