ചെങ്കോട്ട സ്‌ഫോടനത്തിനായി നടത്തിയത് രണ്ട് വര്‍ഷം നീണ്ട പ്ലാനിംഗ്; സ്ഫോടകവസ്തുക്കളും റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണങ്ങളും ശേഖരിക്കാന്‍ ഒരുപാട് സമയമെടുത്തു; ബോംബുണ്ടാക്കാന്‍ പഠിപ്പിച്ചത് ജെയ്ഷെ ഭീകരന്‍; ഉമര്‍ ബോംബുണ്ടാക്കി; 200 ഐ.ഇ.ഡികള്‍ തയ്യാറാക്കിയെന്ന് എന്‍ഐഎ കണ്ടെത്തല്‍

ചെങ്കോട്ട സ്‌ഫോടനത്തിനായി നടത്തിയത് രണ്ട് വര്‍ഷം നീണ്ട പ്ലാനിംഗ്

Update: 2025-11-23 11:25 GMT

ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികളായ ഡോക്ടര്‍മാരുടെ സംഘം ഇന്ത്യയില്‍ പലയിടത്തും ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടു. അതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് ഭീകരര്‍ നടത്തിയത് എന്നാണ എന്‍ഐഎയുടെ കണ്ടെത്തല്‍. രണ്ട് വര്‍ഷത്തിലേറെ ചെലവിട്ടാണ് സ്ഫോടനം നടത്തിയത്. സ്ഫോടകവസ്തുക്കളും റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണങ്ങളും ശേഖരിക്കാന്‍ ഒരുപാട് സമയമെടുത്തു. അവര്‍ ഒറ്റരാത്രികൊണ്ട് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുകയായിരുന്നില്ല; ഇത് ചിട്ടയായ ഒരു പ്രവര്‍ത്തനമായിരുന്നു,' ഒരു എന്‍ഐഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഭീകരാക്രമണങ്ങള്‍ നടത്താനായി 26 ലക്ഷം രൂപയോളം സമാഹരിച്ചതായി എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പ്രധാന പ്രതികളിലൊരാളായ മുസമ്മില്‍ ഗനായിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഗനായി 5 ലക്ഷം രൂപ സംഭാവന നല്‍കിയതായും അദീല്‍ അഹമ്മദ് റാഥറും സഹോദരന്‍ മുസാഫര്‍ അഹമ്മദ് റാഥറും യഥാക്രമം 8 ലക്ഷം രൂപയും 6 ലക്ഷം രൂപയും നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. മറ്റൊരു ഡോക്ടറായ ഷഹീന്‍ ഷാഹിദ് 5 ലക്ഷം രൂപ നല്‍കിയതായും സ്ഫോടക വസ്തുക്കളുമായി കാറോടിച്ചെത്തിയ ഡോക്ടര്‍ ഉമര്‍ ഉന്‍-നബി മുഹമ്മദ് 2 ലക്ഷം രൂപ സംഭാവന ചെയ്തതായും കരുതപ്പെടുന്നു. ശേഖരിച്ച പണമെല്ലാം കൈകാര്യം ചെയ്തത് ഉമറാണ്. സാധനങ്ങള്‍ വാങ്ങുന്നതിലും പദ്ധതി നടപ്പിലാക്കുന്നതിലും അയാള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്.

ഗൂരുഗ്രാമില്‍ നിന്ന് കിന്റെല്‍ കണക്കിന് എന്‍പികെ വളമാണ് ഗനായി സംഘടിപ്പിച്ചത്. കൂടാതെ അമോണിയം നൈട്രേറ്റും യൂറിയയും സംഭരിച്ചിരുന്നു. ഇതില്‍ നിന്ന് സ്ഫോടകവസ്തു നിര്‍മിച്ച പദ്ധതിയുടെ മേല്‍നോട്ടം വഹിച്ചത് ഉമറാണെന്ന് കരുതപ്പെടുന്നു. എല്ലാവര്‍ക്കും ജോലി കൃത്യമായി വിഭജിച്ചു നല്‍കിയിരുന്നു. സാങ്കേതിക വശങ്ങള്‍ ഉമര്‍ കൈകാര്യം ചെയ്തപ്പോള്‍ മറ്റുള്ളവര്‍ പണവും സ്ഫോടനമുണ്ടാക്കാനുള്ള വസ്തുക്കള്‍ വാങ്ങുന്നതിലും അവ സംഭരണ കേന്ദ്രത്തില്‍ ആരുടെയും കണ്ണില്‍ പെടാതെ എത്തിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇതുവരെ ഗനായി, ഷഹിന്‍ സയീദ്, അദീല്‍ റാഥര്‍ എന്നീ മൂന്ന് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ ശൃംഖലയുടെ ഭാഗമാണെന്ന് സംശയിക്കുന്ന മുസാഫര്‍ റാഥര്‍ അഫ്ഗാനിസ്ഥാനിലാണെന്ന് കരുതപ്പെടുന്നു. ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം തുടരുകയാണ്. പ്രതികളില്‍ പലരും ജോലി ചെയ്തിരുന്ന അല്‍-ഫലാഹ് മെഡിക്കല്‍ കോളേജിലെ ഇവരുടെ സഹപ്രവര്‍ത്തകനായ നിസാര്‍ ഉള്‍-ഹസനു വേണ്ടിയും അധികൃതര്‍ തിരച്ചില്‍ നടത്തുന്നുണ്ട്

ചെങ്കോട്ട സ്ഫോടനത്തിലെ പ്രതികളില്‍ ഒരാള്‍ക്ക് ഹന്‍സുള്ള എന്ന പേരില്‍ അറിയപ്പെടുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ബോംബ് നിര്‍മാണ വീഡിയോകള്‍ അയച്ചുകൊടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നിന്നുള്ള പുരോഹിതനായ മൗലവി ഇര്‍ഫാന്‍ അഹമ്മദ് വഴിയാണ് ഹന്‍സുള്ള പ്രതിയെ ബന്ധപ്പെട്ടത്. ഡോക്ടര്‍മാരെ തീവ്രവാദത്തിലേക്കെത്തിക്കുകയും വൈറ്റ് കോളര്‍ ഭീകര മൊഡ്യൂള്‍ രൂപീകരിച്ചതിനും പിന്നില്‍ പ്രവര്‍ത്തിച്ചത് മൗലവി ഇര്‍ഫാന്‍ അഹമ്മദാണെന്ന് അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു. ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലയില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ മുസമ്മിലിനെയാണ് മൗലവി ആദ്യം റിക്രൂട്ട് ചെയ്യുന്നത്. തുടര്‍ന്ന് ഷക്കീല്‍ സര്‍വകലാശാലയിലെ മൂന്ന് ഡോക്ടര്‍മാരെയും പദ്ധതിയുടെ ഭാഗമാക്കി.

സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് അഫ്ഗാനിസ്താനില്‍ പരിശീലനം ലഭിച്ചതായി അന്വേഷണ സംഘം സംശയിക്കുന്നു. ഷക്കീല്‍, തുര്‍ക്കി വഴി അഫ്ഗാനിസ്താനിലേക്ക് പോയതിന്റെ സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഡോക്ടര്‍ മൊഡ്യൂളില്‍ ഉള്‍പ്പെട്ടവര്‍ മാസങ്ങളായി ദേശീയ തലസ്ഥാനത്ത് ആക്രമണം ആസൂത്രണം ചെയ്തിരുന്നുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹി, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലെ ഉന്നത പ്രദേശങ്ങള്‍ ലക്ഷ്യമിടുന്നതിനായി 200 ശക്തമായ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങള്‍ (ഐഇഡികള്‍) സംഘം തയ്യാറാക്കിയിരുന്നു.

മുഖ്യപ്രതി ഡോ. ഉമര്‍ നബി മൂന്നുവര്‍ഷം മുന്‍പ് തുര്‍ക്കി സന്ദര്‍ശിച്ചിരുന്നതായി അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു. ഉമറിന്റെ യാത്രാവിവരങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഇയാളുടെ തുര്‍ക്കി സന്ദര്‍ശനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കണ്ടെത്തിയത്. 2022 മാര്‍ച്ചില്‍ മറ്റു രണ്ടുപേര്‍ക്കൊപ്പമായിരുന്നു ഉമറിന്റെ തുര്‍ക്കി യാത്ര. മുസാഫര്‍ അഹമ്മദ് റാഥര്‍, ഫരീദാബാദില്‍ സ്ഫോടകവസ്തുക്കളുമായി അറസ്റ്റിലായ ഡോ. മുസമ്മില്‍ എന്നിവരാണ് ഉമറിനൊപ്പം തുര്‍ക്കിയിലേക്ക് പോയത്. രണ്ടാഴ്ചയോളം മൂവര്‍സംഘം തുര്‍ക്കിയില്‍ തങ്ങി. തുര്‍ക്കി സന്ദര്‍ശത്തിനിടെ ഏകദേശം 14 പേരുമായി മൂവര്‍സംഘം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം.

പാക് തീവ്രവാദ സംഘടനകളായ ജെയ്ഷെ മുഹമ്മദിനും ഐഎസ് ശാഖയായ അന്‍സാര്‍ ഗസ്വാത് അല്‍ ഹിന്ദിനും വേണ്ടിയാണ് ഉമര്‍ നബിയും അറസ്റ്റിലായ ഡോക്ടര്‍മാരും പ്രവര്‍ത്തിച്ചതെന്ന കാര്യം നേരത്തേ വ്യക്തമായിരുന്നു. തുര്‍ക്കി അങ്കാറയില്‍ നിന്നുള്ള 'ഉകാസ' എന്ന കോഡ് നാമത്തിലറിയപ്പെടുന്ന വ്യക്തി ഡോക്ടര്‍മാരുടെയും ജെയ്ഷിന്റെയും അന്‍സാറിന്റെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

റഷ്യയില്‍ നിന്നുള്‍പ്പെടെയുള്ള ആയുധങ്ങള്‍ വൈറ്റ് കോളര്‍ ഭീകര സംഘം ശേഖരിച്ചതായും ഡോക്ടര്‍ മുസമ്മില്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇതിനായി നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയത് നേരത്തെ അറസ്റ്റിലായ സംഘത്തിലെ വനിതാ ഡോക്ടറായ ഷഹീന്‍ ഷഹീദ് ആണെന്ന് മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനായി ഡീപ്പ് ഫ്രീസര്‍ സംഘടിപ്പിച്ചതായും മുസമ്മില്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം ആക്രമണ രീതി, സാമ്പത്തികം എന്നിവയെ കുറിച്ച് വൈറ്റ് കോളര്‍ ഭീകര സംഘത്തിനിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടന്ന കാറോടിച്ച ഡോക്ടര്‍ ഉമര്‍ മുഹമ്മദ് .ഡോ. ആദില്‍ റാത്തറിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തില്ല .ജമ്മു കാശ്മീരില്‍ മൗലവി ഇര്‍ഫാന്‍ അറസ്റ്റില്‍ ആയതോടെ ഉമര്‍ വീണ്ടും കാശ്മീരില്‍ എത്തി. ഖാസി ഗുണ്ടില്‍ വച്ച് സംഘത്തിലെ അംഗങ്ങളുമായി ഉണ്ടായ അഭിപ്രായ ഭിന്നത പരിഹരിച്ചു. അല്‍ ഖ്വയ്ദയോട് താല്പര്യമുള്ളവര്‍ ആയിരുന്നു അറസ്റ്റിലായ അദില്‍ റാത്തറും ഇര്‍ഫാനും എന്നാല്‍ ഉമര്‍ മുഹമ്മദിന് ഐഎസിനോട് ആയിരുന്നു താല്പര്യം.

Tags:    

Similar News