ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 2,900 കിലോ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതിന് പിന്നാലെ ഡല്‍ഹിയില്‍ സ്‌ഫോടനം; ഡോക്ടര്‍മാരെ ആരും സംശയിക്കില്ലെന്ന ധാരണയില്‍ കഴിഞ്ഞ രണ്ട് ഡോക്ടര്‍മാര്‍ അകത്തായതിന് പിന്നാലെ പൊട്ടിത്തെറി; സ്‌ഫോടനം ഉണ്ടായ ഹ്യൂണ്ടായ് ഐ 20 കാര്‍ ഹരിയാന രജിസ്‌ട്രേഷന്‍; രജിസ്റ്റര്‍ ചെയ്ത ഉടമയെ കിട്ടിയെങ്കിലും നിലവിലെ ഉടമ കാണാമറയത്ത്
ഫരീദാബാദില്‍ നിന്ന് 2,900 കിലോ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതിന് പിന്നാലെ ഡല്‍ഹിയില്‍ സ്‌ഫോടനം
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാര്‍ ഹരിയാന രജിസ്‌ട്രേഷനിലുള്ളതെന്ന് വ്യക്തമായി. കാര്‍ രജിസ്റ്റര്‍ ചെയ്ത ഗുഡ്ഗാവ് സ്വദേശിയെ പോലീസ് ചോദ്യം ചെയ്തു വരികയാണൈന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.താന്‍ വാഹനം മറ്റൊരാള്‍ക്ക് വിറ്റതായി ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നിലവിലെ ഉടമയെ കണ്ടെത്താനായി പോലീസ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുമായി (RTO) ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.
കാര്‍ ഒന്നിലധികം കൈകള്‍ മാറിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഗുഡ്ഗാവ് സ്വദേശിയില്‍ നിന്ന് ആദ്യം ഓഖ്‌ലയിലുള്ള ഒരാള്‍ക്കും, പിന്നീട് അയാളില്‍ നിന്ന് അംബാല (Ambala) സ്വദേശിക്കുമായിരിക്കാം കാര്‍ വിറ്റതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
:വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍, ഈ കാര്‍ അവസാനമായി എ.എന്‍.പി.ആര്‍. (Automated Number Plate Recognition - ANPR) ക്യാമറയില്‍ പതിഞ്ഞത് ജൂണില്‍ സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ബദര്‍പൂരിലാണ്. വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. നിലവിലെ ഉടമയെ കണ്ടെത്താനായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നു.
ഹരിയാനയില്‍ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതിന് പിന്നാലെ ഡല്‍ഹിയില്‍ സ്‌ഫോടനം
ഡല്‍ഹിയില്‍ നടന്ന ഉഗ്ര സ്‌ഫോടനങ്ങള്‍ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് ഹരിയാനയില്‍ നിന്ന് വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയിരുന്നു. ജമ്മു കശ്മീര്‍ പൊലീസ് ഹരിയാനയിലെ ഫരീദാബാദില്‍ നടത്തിയ റെയ്ഡിലാണ് മൂന്ന് ടണ്ണോളം (ഏകദേശം 2,900 കിലോ) സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. ഇതില്‍ 350 കിലോ അമോണിയം നൈട്രേറ്റ് ഉള്‍പ്പെടുന്നു. ഇത് ബോംബ് നിര്‍മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന രാസവസ്തുവാണ്. ഡല്‍ഹി സ്‌ഫോടനത്തില്‍ ഉപയോഗിച്ച ഐ20 കാറും ഹരിയാന രജിസ്‌ട്രേഷനിലുള്ളതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നദീം എന്ന വ്യക്തിയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജമ്മു കശ്മീര്‍ സ്വദേശിയും അനന്തനാഗ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറുമായ ആദില്‍ അഹമ്മദിനെ ഭീകര ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ഈ കണ്ടെത്തലുകളിലേക്ക് നയിച്ചത്. അഹമ്മദിന്റെ അറസ്റ്റ്, ശ്രീനഗറില്‍ ഭീകര സംഘടനകളെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ അഹമ്മദാണ് പോസ്റ്ററുകള്‍ ഒട്ടിച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫരീദാബാദില്‍ റെയ്ഡ് നടത്തിയത്.
മുസമില്‍ ഷക്കീല്‍ എന്ന മറ്റൊരു ഡോക്ടറുടെ വീട്ടില്‍ നിന്ന് 12 സ്യൂട്ട്കേസുകളിലായി സൂക്ഷിച്ചിരുന്ന ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. പുല്‍വാമ സ്വദേശിയായ ഇയാള്‍ ഫരീദാബാദിലെ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. സ്‌ഫോടക വസ്തുക്കള്‍ക്കൊപ്പം സ്‌ഫോടനം നടത്താന്‍ ഉപയോഗിക്കുന്ന ടൈമറുകളും പൊലീസ് കണ്ടെത്തി. അനന്തനാഗിലെ മുറിയിലെ ലോക്കറില്‍ നിന്നും തോക്കുകള്‍ പിടിച്ചെടുത്തിരുന്നു.
സമഗ്രമായ അന്വേഷണമെന്ന് അമിത്ഷാ
അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി. ദൃശ്യങ്ങളെ ആശ്രയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
'സ്‌ഫോടനത്തെക്കുറിച്ചുള്ള വിവരം ലഭിച്ച് 10 മിനിറ്റിനുള്ളില്‍ ഡല്‍ഹി ക്രൈം ബ്രാഞ്ച്, ഡല്‍ഹി സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവയുടെ ടീമുകള്‍ സ്ഥലത്തെത്തി. എന്‍.എസ്.ജി., എന്‍.ഐ.എ. ടീമുകള്‍ എഫ്.എസ്.എല്‍. (FSL) സഹിതം സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തുള്ള എല്ലാ സി.സി.ടി.വി. ക്യാമറകളും പരിശോധിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഡല്‍ഹി പോലീസ് കമ്മീഷണറുമായും സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍ചാര്‍ജുമായും ഞാന്‍ സംസാരിച്ചു,' അദ്ദേഹം പറഞ്ഞു.
ഫൊറന്‍സിക് പരിശോധന: സ്‌ഫോടനത്തിന്റെ സ്വഭാവം, കാരണം എന്നിവ വ്യക്തമാക്കാനായി സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സാംപിളുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പിടിയിലായ ഡോക്ടര്‍മാര്‍ക്ക് ബന്ധം?
രാജ്യത്ത് ഭീകരവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നാലുദിവസത്തിനിടെ വിവിധ സ്ഥലങ്ങളില്‍ നിന്നായി അറസ്റ്റിലായത് നാലുഡോക്ടര്‍മാരാണ്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഭീകരസംഘടനകള്‍ തങ്ങളുടെ ഓപ്പറേഷന്‍ രീതി മാറ്റി എന്നതിന് വ്യക്തമായ തെളിവാണ് ഉന്നത വിദ്യാഭ്യാസം ഉള്ളവരെ വശത്താക്കിയുള്ള നീക്കം.
ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 2,900 കിലോ ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ രണ്ട് ഡോക്ടര്‍മാര്‍ കശ്മീരിലെ തങ്ങളുടെ ഹാന്‍ഡ്ലര്‍മാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ആരെയാണ് തങ്ങള്‍ ലക്ഷ്യമിടേണ്ടത് എന്ന നിര്‍ദ്ദേശങ്ങള്‍ക്കായി ഇവര്‍ കാത്തിരിക്കുകയായിരുന്നു.
ഡോക്ടര്‍മാരെ ആരും സംശയിക്കില്ല എന്ന അമിതആത്മവിശ്വാസത്തിലായിരുന്നു ഡോ. ആദിലും ഡോ. മുസമ്മിലും. ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞതും മറ്റൊന്നല്ല. ഡല്‍ഹി എന്‍.സി.ആര്‍. മേഖലയില്‍ ഡോക്ടര്‍മാരെ ആരും സംശയിക്കില്ല എന്ന ധാരണയിലാണ് തങ്ങളെ ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തതെന്ന് അവര്‍ വെളിപ്പെടുത്തി. പാകിസ്ഥാനിലാണ് ഗൂഢാലോചനയുടെ ഉറവിടം. കശ്മീരിലെ ഹാന്‍ഡ്ലര്‍മാര്‍ വഴിയാണ് നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നത്. ഈ തീവ്രവാദ മൊഡ്യൂളിന് ജെയ്ഷ്-ഇ-മുഹമ്മദ്, അന്‍സര്‍ ഗസ്വത്തുല്‍-ഹിന്ദ് എന്നീ ഭീര സംഘടനകളുമായി ബന്ധമുണ്ടെന്ന് പാലീസ് അറിയിച്ചു.
ഈ ഓപ്പറേഷന്റെ ഭാഗമായി ജമ്മു കശ്മീരിലും മറ്റ് സംസ്ഥാനങ്ങളിലും നടത്തിയ തിരച്ചിലില്‍ പ്രധാന ഓപ്പറേറ്റീവുകളെ അറസ്റ്റ് ചെയ്യുകയും വന്‍തോതില്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുക്കുകയും ചെയ്തു. ഡല്‍ഹി എന്‍.സി.ആര്‍. പ്രദേശത്ത് സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുക എന്നതായിരുന്നു പദ്ധതിയുടെ ഭാഗം. 2018 നും 2021 നും ഇടയില്‍ കശ്മീരില്‍ പരിക്കേറ്റ തീവ്രവാദികള്‍ക്ക് ചികിത്സ നല്‍കുന്നതിലും ഡോക്ടര്‍മാര്‍ ഏര്‍പ്പെട്ടിരുന്നു. ഈ ഡോക്ടര്‍മാരെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചതിന് പിന്നിലെ സൂത്രധാരന്‍ ഇര്‍ഫാന്‍ അഹമ്മദ് എന്ന പള്ളി ഇമാമാണ്. ഇയാള്‍ 2019-ല്‍ വധിക്കപ്പെട്ട ഭീകരന്‍ സാക്കിര്‍ മൂസയുമായി ബന്ധമുള്ളയാളാണ്.
കഴിഞ്ഞ മാസം നൗഗാമില്‍ ജെയ്ഷ്-ഇ-മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ ഒട്ടിച്ചതായും ഡോക്ടര്‍മാര്‍ സമ്മതിച്ചു. ഫരീദാബാദില്‍ ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ ഉപയോഗിച്ച കാറിന്റെ ഉടമയായ മുസമ്മിലിന്റെ സഹപ്രവര്‍ത്തക ഡോ. ഷഹീന്‍ ഷാഹിദിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
