വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയെത്തിയത് ജര്‍മ്മനിയടക്കം രാജ്യങ്ങളുടെ ഐപി വിലാസത്തില്‍; ആശങ്ക പരത്താനുള്ള ആസൂത്രിത നീക്കം; അന്വേഷണത്തിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടി ഇന്ത്യ
വിദേശത്ത് നിന്നടക്കം വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി
ന്യൂഡല്‍ഹി: രാജ്യത്തെ വിമാനങ്ങള്‍ നിരന്തരം ബോംബ് ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടി ഇന്ത്യ. വിദേശത്ത് നിന്നും ഫോണ്‍ കോളുകളെത്തുന്നതോടെയാണ് നീക്കം. യുകെ, ജര്‍മ്മനി രാജ്യങ്ങളുടെ ഐപി വിലാസത്തിലാണ് പല ഭീഷണികളും എത്തിയത്. വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളെ അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ച് കണ്ടെത്താനാകുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ കോഴിക്കോട് ദമാം ഉള്‍പ്പെടെ അന്‍പത് വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.
ഒക്ടോബര്‍ പതിനാല് മുതല്‍ ആകെ 350നടുത്ത് വിമാനങ്ങള്‍ക്കാണ് രാജ്യത്ത് ബോംബ് ഭീഷണി ലഭിച്ചത്. സംഭവത്തില്‍ ഇതുവരെ 2 പേരെ അറസ്റ്റ് ചെയ്തിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നടക്കം ഭീഷണി സന്ദേശങ്ങള്‍ എത്തുമ്പോഴും ഉറവിടം കണ്ടെത്താനോ പ്രതികളിലേക്ക് എത്താനോ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഐബി അടക്കം ഏജന്‍സികള്‍ വിദേശ ഏജന്‍സികളുടെ സഹായം തേടിയത്. ആശങ്ക പരത്താനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ് ഏജന്‍സികളുടെ നിഗമനം. ബോംബ് ഭീഷണി സന്ദേശങ്ങളുടെ ഉറവിടം തേടി എക്‌സ് അടക്കം സാമൂഹിക മാധ്യമങ്ങള്‍ക്ക് പൊലീസ് കത്ത് നല്‍കിയിരുന്നു.
മാത്രമല്ല അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും നിശ്ചിത സമയപരിധിക്കുള്ളില്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കുറ്റകൃത്യമായി കണക്കാക്കുമെന്നും സര്‍ക്കാര്‍ മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനങ്ങള്‍ക്ക് കൂടാതെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഹോട്ടലുകള്‍ക്കും ഭീഷണി സന്ദേശം ലഭിക്കുന്നത് പ്രതിസന്ധിയാകുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 350ലധികം വിമാനങ്ങള്‍ സമാനമായ വ്യാജ ഭീഷണികള്‍ നേരിട്ടിരുന്നു. തങ്ങളുടെ 15 വിമാനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും വിശദമായ പരിശോധനകള്‍ക്ക് ശേഷം എല്ലാ വിമാനങ്ങളും പ്രവര്‍ത്തനത്തിനായി അനുവദിക്കുമെന്നും ആകാശ എയര്‍ അറിയിച്ചിരുന്നു. ഇന്‍ഡിഗോയുടെ 18 വിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടായപ്പോള്‍ വിസ്താരയുടെ 17 വിമാനങ്ങള്‍ക്ക് അലേര്‍ട്ട് നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
6E 11 (ഡല്‍ഹി-ഇസ്താംബുള്‍), 6E 92 (ജിദ്ദ-മുംബൈ), 6E 112 (ഗോവ-അഹമ്മദാബാദ്), 6E 125 (ബെംഗളൂരു-ജാര്‍സുഗുഡ), 6E 127 (അമൃത്സര്‍-അഹമ്മദാബാദ്), 6E 135 (കൊല്‍ക്കത്ത-പൂനെ) 6E 149 (ഹൈദരാബാദ്-ബാഗ്ഡോഗ്ര), 6E 173 (ഡല്‍ഹി-ബെംഗളൂരു), 6E 175 (ബെംഗളൂരു-ഡല്‍ഹി വരെ), 6E 197 (റായ്പൂര്‍-ഹൈദരാബാദ്), 6E 248 (മുംബൈ-കൊല്‍ക്കത്ത), 6E 277 (അഹമ്മദാബാദ്-ലഖ്നൗ) , 6E 312 (ബെംഗളൂരു-കൊല്‍ക്കത്ത), 6E 235 (കൊല്‍ക്കത്ത-ബെംഗളൂരു), 6E 74 (റിയാദ്-മുംബൈ) എന്നിവയാണ് ഇന്‍ഡിഗോ പ്രസ്താവന പ്രകാരം അലേര്‍ട്ടുകള്‍ ലഭിച്ച വിമാനങ്ങള്‍.
വ്യാജ ബോംബ് ഭീഷണി മുഴക്കുന്ന കുറ്റവാളികളെ വിമാനത്തില്‍ നിന്ന് വിലക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കെ. രാംമോഹന്‍ നായിഡു പറഞ്ഞിരുന്നു. വ്യാജ ഭീഷണികളെക്കുറിച്ച് അന്വേഷണം ഗൗരവമായി നടക്കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'എക്സിന്റെ' സഹകരണം തേടുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി സന്ദേശം എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൊല്‍ക്കത്തയിലും ആന്ധ്രപ്രദേശിലും ഗുജറാത്തിലുമായി 24 ഹോട്ടലുകള്‍ക്കാണ് ഭീഷണി സന്ദേശമെത്തിയത്. സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ തകര്‍ക്കുമെന്ന് ശനിയാഴ്ച എത്തിയ സന്ദേശങ്ങളില്‍ പറയുന്നു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കാറില്‍ സ്‌ഫോടകവസ്തു വെക്കുമെന്ന് മുന്നറിയിപ്പുണ്ട്. അഫ്‌സല്‍ ഗുരു പുനര്‍ജനിക്കുന്നുവെന്നായിരുന്നു ഒരു സന്ദേശം. മൂന്നിടങ്ങളിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയെത്തിയത് ജര്‍മ്മനിയടക്കം രാജ്യങ്ങളുടെ ഐപി വിലാസത്തില്‍; ആശങ്ക പരത്താനുള്ള ആസൂത്രിത നീക്കം; അന്വേഷണത്തിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടി ഇന്ത്യ