ഒരേ വീട്ടില്‍ തൊട്ടടുത്ത മുറികളില്‍ ഇരുന്ന് ശബ്ദസന്ദേശങ്ങളും വീഡിയോ കോളുകളും; ശ്രീതുവും ഹരികുമാറും തമ്മിലുള്ള ബന്ധത്തില്‍ വ്യക്തതയില്ലാതെ പൊലീസ്; അന്തര്‍മുഖനായ ഹരി തനിക്ക് മൂത്തമകനെ പോലെയെന്ന് ശ്രീതു; പൊലീസിനെ വട്ടംകറക്കി ബാലരാമപുരം കൊലപാതക കേസ്
അന്തര്‍മുഖനായ ഹരി തനിക്ക് മൂത്തമകനെ പോലെയെന്ന് ശ്രീതു
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ് പൊലീസിനെ കുഴപ്പിക്കുന്നു. കുഞ്ഞിനെ കൊന്നതായി സമ്മതിച്ച അമ്മാവന്‍ ഹരികുമാറിന്റെ പരസ്പര വിരുദ്ധമായ മൊഴികളാണ് വ്യക്തമായ നിഗമനത്തില്‍ എത്താന്‍ തടസ്സമാകുന്നത്.
കുഞ്ഞിന്റെ അമ്മ ശ്രീതുവും ഹരികുമാറും തമ്മിലുളള ബന്ധം സംബന്ധിച്ചും വ്യക്തതയില്ല. പരസ്ത്രീ ബന്ധം എതിര്‍ത്തതില്‍ സഹോദരിയോടുള്ള വിരോധം, കുഞ്ഞിനെ കൊല്ലാന്‍ തോന്നിയെന്ന ഉള്‍വിളി, തുടങ്ങിയ കാരണങ്ങള്‍ ഹരികുമാര്‍ പറയുന്നുണ്ടെങ്കിലും മാനസിക സ്ഥിരതയില്ലാത്ത ആളെന്ന പരിഗണനയോടെയാണ് ഈ മൊഴികളെ പൊലീസ് കണക്കാക്കുന്നത്. എന്നാല്‍, ഹരികുമാറിന് മാനസിക സ്ഥിരതയില്ലെന്ന പൊലീസ് വാദത്തില്‍ കഴമ്പില്ലെന്ന് നാട്ടുകാരും പറയുന്നു.
സംഭവത്തില്‍ ശ്രീതുവിനോട് അകന്ന് കഴിയുന്ന ഭര്‍ത്താവ് ശ്രീജിത്ത് ഭാര്യയുടെ പങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരിയായ ശ്രീതുവിനോടുള്ള വൈരാഗ്യമാണ് കുഞ്ഞിനെ കൊല്ലാനുള്ള കാരണമെന്ന് ഹരികുമാര്‍ പറയുന്നുണ്ടെങ്കിലും പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഹരികുമാര്‍ തനിക്ക് മൂത്തമകനെ പോലെയായിരുന്നുവെന്നാണ് ശ്രീതു പൊലീസിനോടു പറഞ്ഞത്. അന്തര്‍മുഖനായിരുന്ന ഹരിക്ക് സുഹൃത്തുക്കളും പുറത്ത് ബന്ധങ്ങളുമൊക്കെ കുറവായിരുന്നു. അതുകൊണ്ട് കൂടുതല്‍ സമയവും വീട്ടിലായിരുന്നു. അപ്പോഴൊക്കെ മൂത്തമകനെപ്പോലെ അവനെ നോക്കിയിട്ടുണ്ട്. മക്കളുണ്ടായ ശേഷവും മക്കളെക്കാള്‍ സ്നേഹം അവനാണ് നല്‍കിയതെന്നും ശ്രീതു പറഞ്ഞു. തിരുവനന്തപുരത്ത് പൂജപ്പുര മഹിളാ മന്ദിരത്തിലാണ് ശ്രീതു ഇപ്പോള്‍ കഴിയുന്നത്. ഇവിടെ വച്ചാണ് പൊലീസ് മൊഴിയെടുത്തത്. ഇരുവരും തമ്മിലുള്ള വാട്സാപ് ചാറ്റുകളും പൊലീസ് പരിശോധിച്ചിരുന്നു.
നിഗൂഢസ്വഭാവമാണ് രണ്ടു പേര്‍ക്കുമെന്നാണ് പൊലീസും പറയുന്നത്. ഒരേ വീട്ടില്‍ തൊട്ടടുത്ത മുറികളില്‍ ഇരുന്ന് രാത്രിയും പകലുമൊക്കെ ഇവര്‍ പരസ്പരം അയച്ച ശബ്ദസന്ദേശങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. പല മെസേജുകളും ഡിലീറ്റ് ചെയ്തിട്ടുമുണ്ട്. ഈ വാട്സാപ് ചാറ്റ് കേന്ദ്രീകരിച്ചാണ് കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.