ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവന്‍ ഹരികുമാര്‍; കുഞ്ഞിനെ ജീവനോടെ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്ന് പോലീസില്‍ മൊഴി നല്‍കി; അമ്മയെയും കൂടുതല്‍ വിശദമായ ചോദ്യം ചെയ്യാന്‍ പോലീസ്; ദേവേന്ദുവിന്റെ മരണത്തില്‍ ചുരുളഴിയാന്‍ ഇനിയും സംശയങ്ങള്‍ ബാക്കി
ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവന്‍ ഹരികുമാര്‍
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അമ്മാവന്‍ ഹരികുമാര്‍. കൊലയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ജീവനോടെ കിണറ്റിലിട്ടുവെന്ന് ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ കുറ്റം ഏല്‍ക്കുന്നതാണോയെന്ന സംശയത്തിലാണ് പൊലീസ്. അതുകൊണ്ട് തന്നെ വസ്തുത ഉറപ്പിക്കാന്‍ ഹരികുമാറിനെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുകയാണ്. കുഞ്ഞിന്റെ അമ്മയും സംശയ നിഴലില്‍ നില്‍ക്കുകയാണ്.
വീട്ടില്‍ ഇന്നലെ കുഞ്ഞിന്റെ അമ്മയ്ക്കും അച്ഛനും പുറമെ അമ്മാവനും അമ്മുമ്മയും ഉണ്ടായിരുന്നു. നാല് പേരേയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അമ്മ ശ്രീതുവിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെയാണ് കുടുംബം താമസിക്കുന്ന വാടകവീടിന്റെ കിണറിയില്‍ രണ്ടു വയസ്സുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഒറ്റയ്ക്ക് മാറ്റിയിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് യഥാര്‍ഥ കൊലപാതകിയിലേക്ക് അന്വേഷണ സംഘമെത്തിയത്. അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചതായാണ് വിവരങ്ങള്‍. ഇന്ന് രാവിലെ മുതല്‍ തന്നെ ശ്രീതുവിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടായിരുന്നു. തനിക്കൊപ്പമാണ് മകള്‍ ദേവേന്ദു കിടന്നുറങ്ങിയതെന്ന അമ്മയുടെ മൊഴി കേസിലെ നിര്‍ണായക വഴിത്തിരിവായി. അമ്മാവനൊപ്പമാണ് കിടന്നുറങ്ങിയതെന്ന മൊഴിയാണ് അച്ഛന്‍ ശ്രീജിത്ത് പൊലീസിന് നല്‍കിയത്.
അന്വേഷണത്തിനൊടുവില്‍ കുട്ടി യഥാര്‍ത്ഥത്തില്‍ അമ്മാവനൊപ്പമാണ് കിടന്നിരുന്നത് എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. അതിനിടെ കുഞ്ഞിനെ കാണാതായ അതേഘട്ടത്തില്‍ വീട്ടില്‍ അമ്മാവന്‍ ഉറങ്ങിയിയിരുന്ന മുറിയില്‍ തീപിടിത്തം ഉണ്ടായതായും വിവരമുണ്ട്. ഇതെല്ലാം വിഷയം കൂടുതല്‍ ദുരൂഹമാക്കുന്നതാണ്.
രണ്ട് ദിവസം മുന്‍പ് ഇതേ വീട്ടുകാര്‍ 30 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്നും സമാനമായ നിലയില്‍ പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. ഇത് വ്യാജ പരാതിയാണെന്നാണ് പോലീസ് വിലയിരുത്തുന്നത്. ശ്രീതുവിന്റെ അച്ഛന്‍ 16 ദിവസം മുന്‍പാണ് മരിച്ചത്. ഇതിന് ശേഷമാണ് വീട്ടുകാര്‍ 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
ബാലരാമപുരത്ത് കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം നടന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കുടുംബമാണിതെന്ന് നാട്ടുകാര്‍ പറയുന്നു. കൊല്ലപ്പെട്ട കുഞ്ഞിന്റെ മുത്തശി നേരത്തെ രണ്ട് വട്ടം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവര്‍ ഞരമ്പ് മുറിക്കുകയും കിണറ്റില്‍ ചാടുകയും ചെയ്തുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഇന്ന് രാവിലെയാണ് കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പുലര്‍ച്ചെ ഇവരുടെ വീട്ടില്‍ തീപിടിത്തമുണ്ടായിരുന്നു. ശ്രീതുവിന്റെ സഹോദരന്റെ മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇതിന് ശേഷമാണ് കുഞ്ഞിനെ കാണാതായത്. തന്റെ സഹോദരന്റെ മുറിയിലാണ് കുഞ്ഞുണ്ടായിരുന്നതെന്നും പുലര്‍ച്ചെ അഞ്ചരയോടെ താന്‍ ശുചിമുറിയിലേക്ക് പോയപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടെന്നും ശ്രീതു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.