കേസ് കൊടുത്തത് 25 ലക്ഷം പോയെന്ന്; പോലീസ് ഒന്നര കോടി പിടിച്ചപ്പോള്‍ എല്ലാം എന്റേതെന്ന് പറഞ്ഞ ധര്‍മരാജന്‍; പരാതി നല്‍കാന്‍ വൈകിയതിന് കാരണവും രാഷ്ട്രീയം; ഹവാലക്കാരന്റെ മൊഴിയില്‍ കേസിനുള്ള സാധ്യതകള്‍ മാത്രം; നിയമോപദേശം നിര്‍ണ്ണായകമാകും; എഡിജിപി മനോജ് എബ്രഹാം പരിശോധനകളില്‍
തൃശൂര്‍: വാജ്പേയി സര്‍ക്കാരിന്റെ കാലം മുതല്‍ കെ സുരേന്ദ്രനുമായി നല്ല ബന്ധമുണ്ടെന്നും സാമ്പത്തിക സഹായങ്ങള്‍ ചെയ്തിരുന്നതായും കുഴല്‍പ്പണം കടത്തിയ ധര്‍മരാജന്റെ മൊഴിയില്‍ ഇനി കേരളാ പോലീസ് വിശദ പരിശോധന നടത്തും. ബിജെപി സംസ്ഥാന- ജില്ലാ നേതാക്കളുമായും അടുപ്പമുണ്ട്. ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ട്. ബിജെപിക്കുവേണ്ടി പലഘട്ടങ്ങളില്‍ ബംഗളൂരുവില്‍നിന്ന് കുഴല്‍പ്പണം ഇറക്കി. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കുഴല്‍പ്പണക്കടത്ത് പുറത്തായാല്‍ പാര്‍ടിക്ക് ക്ഷീണമാകുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞതിനാലാണ് പൊലീസില്‍ പരാതി നല്‍കാന്‍ വൈകിയതെന്നും മൊഴി. ഇതെല്ലാം ക്രമസമാധാനചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം പരിശോധിക്കും. വിശദ നിയമോപദേശവും തേടും. അതിന് ശേഷം കള്ളപ്പണത്തില്‍ എഫ് ഐ ആര്‍ ഇടാനാണ് തീരുമാനം.
അമിത് ഷാ തിരുവനന്തപുരത്തും കോന്നിയില്‍ സുരേന്ദ്രന്റെ പ്രചാരണത്തിനും വന്നപ്പോള്‍ ധര്‍മരാജന്‍ പോയിരുന്നു. മൂന്നു തവണ കോന്നിയില്‍ പോയി. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന പി രഘുനാഥിന്റെ നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് ചുമതലക്കാര്‍ക്ക് 15,000 മുതല്‍ 20,000 രൂപവരെ വിതരണം ചെയ്തുവെന്നും ധര്‍മ്മരാജന്‍ പറയുന്നു. എന്നാല്‍ ധര്‍മരാജന്റെ മൊഴിക്ക് തെളിവുകളില്ല. ഈ മൊഴി കോടതിയില്‍ തള്ളി പറയുമെന്നും പോലീസിന് അറിയാം. എന്നാല്‍ 25 ലക്ഷം രൂപ കവര്‍ച്ച പോയെന്നായിരുന്നു ധര്‍മ്മരാജന്റെ മൊഴി. പിന്നീട് പോലീസ് ഒരു കോടിയില്‍ അധികം പിടിച്ചെടുത്തു. അപ്പോള്‍ ഇതെല്ലാം തന്റേതാണെന്ന് പറഞ്ഞ് ധര്‍മരാജന്‍ കോടതിയെ സമീപിച്ചു. ഇതോടെ തന്നെ കേസിലെ കള്ളപ്പണ സ്വാധീനം തെളിഞ്ഞു. പക്ഷേ പോലീസ് അന്വേഷിച്ചില്ല. ഈ സാഹചര്യത്തിലാണ് ധര്‍മരാജന്റെ മൊഴി എഡിജിപി മനോജ് എബ്രഹാം പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
25 ലക്ഷം മാത്രമായിരുന്നില്ല ആ കാറിലുണ്ടായിരുന്നത്. ആദ്യം നല്‍കിയ പരാതിയില്‍ ഗൂഡാലോചനയുണ്ടെന്ന് വ്യക്തമായ കേസാണ് ഇത്. അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കുഴല്‍പ്പണക്കടത്ത് പുറത്തായാല്‍ പാര്‍ടിക്ക് ക്ഷീണമാകുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞതിനാലാണ് പൊലീസില്‍ പരാതി നല്‍കാന്‍ വൈകിയതെന്നും മൊഴി വിശ്വസിക്കാന്‍ കഴിയുന്നതുമാണ്. ഇരിങ്ങാലക്കുട കോടതിയില്‍ പോലീസ് പിടിച്ചെടുത്ത മുഴുവന്‍ പണവും വിട്ടു നല്‍കാന്‍ ധര്‍മരാജന്‍ നല്‍കിയ കേസ് അതിനിര്‍ണ്ണായകമാണ്. ഈ കേസില്‍ പണത്തിന്റെ ഉറവിടം വിശദീകരിക്കാന്‍ ധര്‍മരാജന് കഴിയുന്നുമില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്റെ അറിവോടെ ബിജെപി കര്‍ണാടക എംഎല്‍എയുടെ നേതൃത്വത്തിലാണ് കേരളത്തിലേക്ക് 41.4 കോടി കുഴല്‍പ്പണം ഇറക്കിയന്നൊണ് ആക്ഷേപം. സംഘടനാ സെക്രട്ടറി എം ഗണേഷിന്റെയും ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായരുടെയും നേതൃത്വത്തില്‍ വിതരണത്തിന് പദ്ധതി ഒരുക്കി. ആലപ്പുഴക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടിയാണ് 2021 ഏപ്രില്‍ മൂന്നിന് കൊടകരയില്‍ നിന്ന് കവര്‍ന്നത്. സംഭവം നടന്നയുടന്‍ സുരേന്ദ്രനെയാണ് വിളിച്ചതെന്നും ധര്‍മരാജന്‍ മൊഴി നല്‍കിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പരാതി കൊടുത്താല്‍ കുടുങ്ങുമെന്ന് നേതാക്കള്‍ പറഞ്ഞതായാണ് ധര്‍മരാജന്റെ മൊഴി. കുഴല്‍പ്പണം ആയതിനാലും ഉറവിടം കാണിക്കാന്‍ നിവൃത്തിയില്ലാത്തതിനാലും വിവരം പുറത്തായാല്‍ പാര്‍ടിക്ക് ക്ഷീണമുണ്ടാകും. ബിജെപി സ്ഥാനാര്‍ഥികളായി മത്സരിച്ചിരുന്ന ഇ ശ്രീധരനും ജേക്കബ് തോമസും വിട്ടുപോകുമെന്നും പറഞ്ഞു. അതിനാലാണ് മൂന്നിന് സംഭവമുണ്ടായിട്ടും എഴിന് പരാതി നല്‍കിയത്. സംഖ്യ മൂന്നരകോടിക്കു പകരം 25 ലക്ഷമാക്കി ചുരുക്കിയതും നേതാക്കളുടെ നിര്‍ദേശപ്രകാരമെന്നാണ് മൊഴി. പിടിച്ചെടുത്ത പണത്തിന് ധര്‍മരാജന്‍ അവകാശ വാദം ഉന്നയിച്ചത് തെളിവുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ 25 ലക്ഷം കളവാണെന്നും വ്യക്തം. ഈ പോയിന്റില്‍ പിടിച്ചാകും പോലീസ് അന്വേഷണം.
അതിനിടെ കൊടകര കുഴല്‍പ്പണ കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വെളിപ്പെടുത്തി. കേരള പൊലീസ് എടുത്ത കേസിലെ എല്ലാ പ്രതികളെയും ഇഡി ചോദ്യം ചെയ്തിട്ടുണ്ടെന്ന് സുരേന്ദ്രന്‍ കല്‍പ്പറ്റയില്‍ പറഞ്ഞു. ഏത് അന്വേഷണവും നേരിടും. ഇഡി വിളിച്ചാല്‍ പോകാന്‍ തയ്യാറാണ്. കൊടകര കേസില്‍ അഞ്ചുതവണയും ബത്തേരി കേസില്‍ മൂന്നുതവണയും പൊലീസ് വിളിപ്പിച്ചു. നാല് മണിക്കൂര്‍ ചോദ്യംചെയ്തു. കൈകള്‍ ശുദ്ധമാണ്. ഇഡി അന്വേഷണം എന്തായെന്ന് ആര്‍ക്ക് വേണമെങ്കിലും ഹൈക്കോടതിയില്‍ ചോദ്യംചെയ്യാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.