പുലർച്ചെ ഷർട്ടും പാന്റും ധരിച്ച് ചെരുപ്പിടാതെ ഒരാളുടെ മതില് ചാട്ടം; എത്തിച്ചാടി ചുറ്റും ഒന്ന് പരതി നോക്കി; ആരും കാണരുതേ..എന്ന് വിചാരിച്ച് അല്പം കുനിഞ്ഞ് പമ്മി നടത്തം; കുടുംബം തിരിച്ചെത്തിപ്പോള്‍ മുൻ വാതിലിൽ കണ്ടത്; കള്ളനെ വലയിൽ കുടുക്കാൻ കെണിവെച്ച് പോലീസ്

Update: 2025-09-28 12:43 GMT

കോഴിക്കോട്: കോഴിക്കോട് ചേവരമ്പലത്ത് രണ്ടാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെയും ഏറ്റവും വലിയതുമായ മോഷണത്തിൽ, കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടറായ ഗായത്രിയുടെ വീട്ടിൽ അതിക്രമിച്ചു കയറി 40 പവൻ സ്വർണാഭരണങ്ങൾ കവർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.

പോലീസ് ലഭ്യമാക്കിയ സിസിടിവി ദൃശ്യങ്ങൾ പ്രകാരം, ഇന്ന് പുലർച്ചെ 1.55-ഓടെ മോഷ്ടാവ് വീട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് ഇയാൾ അകത്ത് കടന്നത്. തുടർന്ന് വീടിനകത്തുള്ള അലമാരകളിലും മേശകളിലുമായി സൂക്ഷിച്ചിരുന്ന ഏകദേശം 40 പവനോളം വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞു.

കഴിഞ്ഞ പതിനൊന്നാം തീയതി മുതൽ ഡോക്ടറുടെ വീട് അടഞ്ഞുകിടക്കുകയായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു ഡോക്ടർ ഗായത്രിയും കുടുംബവും. ഇന്ന് ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഇതിന് രണ്ടാഴ്ച മുൻപും ചേവായൂർ സ്റ്റേഷൻ പരിധിയിൽ സമാനമായ രീതിയിലുള്ള മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസം ആളില്ലാത്ത മറ്റൊരു വീട്ടിൽ നിന്ന് ഏകദേശം 25 പവൻ സ്വർണം കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഡോക്ടറുടെ വീട്ടിൽ ഇത്രയും വലിയ തോതിലുള്ള മോഷണം നടന്നത്.

ഇരുകേസുകളിലും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കവർച്ച നടന്ന വീടിന് സമീപത്തെയും മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മോഷ്ടാവിനെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അടുത്തകാലത്തായി ഈ പ്രദേശത്ത് വർധിച്ചുവരുന്ന മോഷണ പരമ്പരകൾ ജനങ്ങളിൽ ഭീതി പടർത്തിയിട്ടുണ്ട്. ഈ മാസം മാത്രം ചേവായൂർ സ്റ്റേഷൻ പരിധിയിൽ രണ്ട് വലിയ സ്വർണ്ണ മോഷണങ്ങളാണ് നടന്നിരിക്കുന്നത്.  

Tags:    

Similar News