പല്ലില്‍ കമ്പിയിട്ടതിന്റെ 'ഗം' മാറ്റാനെത്തി; യുവതിയുടെ നാക്കില്‍ ഡ്രില്ലര്‍ തുളച്ചുകയറി; ആലത്തൂര്‍ ഡെന്റല്‍ കെയര്‍ ക്ലിനിക്കില്‍ ഗുരുതര ചികിത്സാപ്പിഴവ്; 21കാരിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്
യുവതിയുടെ നാക്കില്‍ ഡ്രില്ലര്‍ തുളച്ചുകയറി
പാലക്കാട് : പാലക്കാട് ആലത്തൂര്‍ ഡെന്റല്‍ കെയര്‍ ക്ലിനിക്കില്‍ ഗുരുതര ചികിത്സാപ്പിഴവ്. പല്ലില്‍ കമ്പിയിട്ടതിന്റെ ഭാഗമായി ഗം എടുക്കാന്‍ എത്തിയ യുവതിയുടെ നാക്കില്‍ ഡ്രില്ലര്‍ തുളച്ചു കയറി. മുറിവ് വലുതായതോടെ ഗായത്രി സൂരജ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഗുരുതരചികിത്സാപ്പിഴവുണ്ടാക്കിയ ഡെന്റല്‍ ക്ലിനിക്കിന് എതിരെ ആലത്തൂര്‍ പൊലീസ് കേസെടുത്തു.
മാര്‍ച്ച് 24നാണ് സംഭവം. പല്ലില്‍ കമ്പിയിട്ടതിന്റെ ഭാഗമായി ഗം എടുക്കാന്‍ ആശുപത്രിയില്‍ എത്തിയ 21കാരിയായ യുവതിക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഡ്രില്ലര്‍ നാക്കില്‍ തട്ടി നാവിന്റെ അടിഭാഗത്ത് മുറിവേല്‍ക്കുകയായിരുന്നു. പരുക്ക് സാരമുള്ളതാണ്. പിന്നാലെ യുവതി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ചികിത്സക്കിടെ ഡ്രില്ലര്‍ ഉപയോഗിച്ച് നാക്കിനടിയിലേക്ക് തുളക്കുകയായിരുന്നു. മുറിവ് വലുതായെന്ന് അറിയിച്ചിട്ടും ചെറിയ മുറിവാണെന്ന് പറഞ്ഞ് ക്ലിനിക്കില്‍ നിന്ന് വിടുകയായിരുന്നുവെന്ന് യുവതി പറയുന്നു. സീനിയര്‍ ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും നോക്കാന്‍ തയാറായില്ലെന്ന് യുവതി പറയുന്നു. മുറിവ് ഗുരുതരമാണെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
2022 മുതല്‍ മൂന്ന് വര്‍ഷമായി ക്ലിനിക്കില്‍ ചികിത്സ തേടിവരുവായിരുന്നു യുവതി. ഗം എടുക്കുന്നതിനിടെ ഡ്രില്ലര്‍ കൈത്തട്ടി നാക്കിനടിയിലേക്ക് കയറിയെന്നാണ് യുവതി പറയുന്നു. നിയമപരമായ കാര്യങ്ങള്‍ ഉള്ളതിനാല്‍ പ്രതികരിക്കാനില്ലെന്നാണ് ആലത്തൂര്‍ ഡെന്റല്‍ കെയര്‍ ക്ലിനിക്കിലെ ഡോക്ടര്‍ പ്രതികരിച്ചത്.