പാഞ്ഞെത്തിയ 'ഇന്നോവ'യെ പിടിച്ചു നിർത്താൻ ശ്രമിക്കവേ ആക്രമണം; ഉദ്യോഗസ്ഥരെ വരെ ഇടിച്ച് തെറിപ്പിച്ചു; രക്ഷപ്പെടാൻ പഠിച്ച പണി പതിനെട്ടും നോക്കി; പിന്നാലെ യുവാവിനെ കീഴ്‌പ്പെടുത്തി വണ്ടിയുടെ ഡോർ തുറന്നതും ട്വിസ്റ്റ്; വാടാ..മോനെ വന്ന് ജീപ്പിൽ കേറെന്ന് എക്സൈസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി പരിശോധന വ്യാപിച്ചിരിക്കുകയാണ്. ലഹരി ഉപയോഗത്തിൽ കുറ്റകൃത്യങ്ങൾ വർധിച്ചതിനെ പിന്നാലെയാണ് അധികൃതർ പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്. ഇപ്പോഴിതാ, നെയ്യാറ്റിൻകരയിൽ വൻ ലഹരി വേട്ട നടന്നിരിക്കുകയാണ്. റോഡിലൂടെ പാഞ്ഞെത്തിയ 'ഇന്നോവ'യെ പിടിച്ചു നിർത്താൻ ശ്രമിക്കവേ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഉദ്യോഗസ്ഥരെ വരെ ഇടിച്ച് തെറിപ്പിച്ചു. ഒടുവിൽ കാർ അതിസാഹസികമായി പിടിച്ചുനിർത്തി പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തിലായത്.
ഇന്നോവ കാറിൽ കടത്തിക്കൊണ്ട് വന്ന 700 കിലോഗ്രാമോളം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എക്സൈസ് പിടിച്ചെടുത്തത്. കാരയ്ക്കമണ്ഡപം സ്വദേശി റഫീഖ് (38) എന്നയാളാണ് പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ട് വന്നത്. ഇയാളെ എക്സൈസ് പിടികൂടി. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഐബി ടീമിന്റെയും കെഇഎംയു ടീമിന്റെയും സഹായത്തോടെയാണ് എക്സൈസ് സംഘം റഫീഖിനെ പിടികൂടിയത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. പരിശോധനക്കിടെ എത്തിയ ഇന്നോവ കാറിന് ഉദ്യോഗസ്ഥർ കൈ കാണിച്ചു. എന്നാൽ എക്സൈസ് ഉദ്യോഗസ്ഥരെ വാഹനം ഇടിച്ച് പരിക്കേൽപ്പിക്കുകയും തുടർന്ന് ഓടി പോകാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ സാഹസികമായി എക്സൈസ് സംഘം കീഴ്‌പ്പെടുത്തുകയായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ബാലരാമപുരത്ത് കാറിൽ കടത്തിക്കൊണ്ട് വന്ന 9 കിലോയിലധികം കഞ്ചാവും എക്സൈസ് പിടികൂടിയിരുന്നു. വെങ്ങാനൂർ സ്വദേശികളായ ആദർശ്, വൈഷ്ണവ് എന്നിവരാണ് കഞ്ചാവ് കടത്തിക്കൊണ്ട് വന്നത്. ആദർശിനെ എക്സൈസ് അറസ്റ്റ് ചെയ്യുകയും രക്ഷപ്പെട്ടോടിയ രണ്ടാം പ്രതി വൈഷ്ണവിനായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.