തസ്ലീമയുടെ ഫോണില്‍ നിന്നും ഓഡിയോ സന്ദേശം അടക്കം എക്‌സൈസിന് കിട്ടി; ശ്രീനാഥ് ഭാസിയ്ക്കും ഷൈന്‍ ടോം ചാക്കോയ്ക്കും വീണ്ടും കുരുക്ക്; തിങ്കളാഴ്ചത്തെ മൊഴി നല്‍കല്‍ നടന്മാര്‍ക്ക് നിര്‍ണ്ണായകം; രണ്ടു പേരും അറസ്റ്റ് ഭീഷണിയില്‍; ഹൈബ്രിഡ് കഞ്ചാവില്‍ മോളിവുഡ് പെടുമോ?
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാര്‍ക്ക് നോട്ടീസ് അയച്ച് എക്‌സൈസ് നല്‍കുന്നത് ശക്തമായ നടപടികളുടെ സന്ദേശം. ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കുമാണ് എക്‌സൈസ് നോട്ടീസ് അയച്ചിരിക്കുന്നത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. വാട്‌സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെ ശേഖരിച്ച ശേഷമാണ് എക്‌സൈസിന്റെ നീക്കം. തസ്ലിമയുടെ ഫോണില്‍ കൂടുതല്‍ ചാറ്റുകള്‍ കണ്ടെത്തിയത് ശ്രീനാഥ് ഭാസിമായിട്ടുള്ളതാണ്. ഓഡിയോ സന്ദേശവും കിട്ടിയെന്നാണ് സൂചന. നടന്മാരുടെ മൊഴി കേസില്‍ നിര്‍ണ്ണായകമാകും. മൊഴി എടുത്ത ശേഷം ഇവരേയും കേസില്‍ പ്രതികളാക്കും. തസ്ലീമയുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതും പിരഗണനയിലാണ്.
ഷൈന്‍ ടോം ചാക്കോയെയും മറ്റ് നടന്‍മാരെയും അറിയാമെന്ന് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ എക്‌സൈസിനോട് വെളിപ്പെടുത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോയുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും തസ്ലിമ എക്‌സൈസിന് മൊഴി നല്‍കിയിരുന്നു. തസ്ലിമയെ അറിയാമെന്ന് ഷൈന്‍ ടോം ചാക്കോയും കൊച്ചിയില്‍ അറസ്റ്റിലായപ്പോള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരും തമ്മില്‍ ഉള്ള ബന്ധത്തില്‍ എക്‌സൈസ് കൂടുതല്‍ വ്യക്തത വരുത്തും. ഇരുവരും തമ്മില്‍ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. നേരത്തെ ഈ കേസില്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. അതേസമയം, ഷൈനിനെതിരായ ലഹരിക്കേസില്‍ പൊലീസ് നടപടി ഊര്‍ജിതമാക്കി. കൂടുതല്‍പേരുടെ മൊഴിയെടുക്കും.
ലഹരി ഉപയോ?ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ഫെഫ്കയുടെ കര്‍ശന താക്കീത് കിട്ടിയിട്ടുണ്ട്. നടനെ വിളിച്ചുവരുത്തി സംസാരിച്ചതായും മയക്കുമരുന്ന് ഉപയോഗം സമ്മതിച്ചെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ദുശ്ശീലങ്ങള്‍ അവസാനിപ്പിക്കാന്‍ ഷൈനിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റ് തിരുത്താന്‍ ഒരവസരംകൂടി നല്‍കണമെന്ന് നടന്‍ അഭ്യര്‍ഥിച്ചു. ഷൈനിന് നല്‍കുന്ന അവസാന അവസരമാണിത്. അതിനെ ദൗര്‍ബല്യമായി കാണേണ്ടെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. വിഷയത്തില്‍ അമ്മ പ്രതിനിധികളായ മോഹന്‍ലാല്‍, ജയന്‍ ചേര്‍ത്തല, സരയു, അന്‍സിബ, വിനു മോഹന്‍ എന്നിവരുമായും സംസാരിച്ചു. തൊഴിലിടം ലഹരിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തുന്നതിനിടെ അമ്മ അംഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തിയിലെ അതൃപ്തി അവരെ അറിയിച്ചു. വിന്‍സിക്ക് ഒപ്പമാണ് ഫെഫ്ക അടക്കമുള്ള സിനിമാ സംഘടനകള്‍. വിന്‍സിയുടെ മേല്‍ ഒരുവിധ സ്വാധീനവും ഒരു സംഘടനയും നടത്തിയിട്ടില്ലെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
വിന്‍സിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ 'സൂത്രവാക്യം' സിനിമയുടെ പരാതിപരിഹാരസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. ലൊക്കേഷനുകളില്‍ ലഹരിമുക്ത ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ലൊക്കേഷനിലെ പൊലീസ് പരിശോധനയില്‍ പരാതിയില്ലെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതി ഒത്തുതീര്‍പ്പിലേക്കെന്ന് സൂചനയുണ്ട്. സിനിമയുടെ ആഭ്യന്തര പരാതിപരിഹാര സമിതിക്കുമുന്നില്‍ ഹാജരായ ഷൈന്‍ നടിയോട് മാപ്പ് പറഞ്ഞതോടെയാണ് ഇതിന് നീക്കം നടക്കുന്നത്. ആഭ്യന്തര പരാതിപരിഹാര സമിതി റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.
ഷൈന്‍ ടോം ചാക്കോയും വിന്‍സിയും കഴിഞ്ഞദിവസമാണ് ആഭ്യന്തര പരാതിപരിഹാര സമിതിക്കുമുന്നില്‍ ഹാജരായി മൊഴി നല്‍കിയത്. ഈ യോഗത്തില്‍വച്ചാണ് നടന്‍ മാപ്പ് പറഞ്ഞത്. ഇനി മോശമായി പെരുമാറില്ലെന്ന് നടിക്ക് ഉറപ്പുനല്‍കിയതായും സൂചനയുണ്ട്. ഒത്തുതീര്‍പ്പിന് നീക്കംനടക്കുന്നതിനാല്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് സിനിമയില്‍ വിലക്ക് അടക്കമുള്ള കടുത്ത നടപടി ഉണ്ടായേക്കില്ല എന്നാണ് സൂചന. ഇതിനിടെയാണ് എക്‌സൈസ് കേസില്‍ പിടിമുറുക്കുന്നത്.