രാത്രി നല്ല ഉറക്കം കിട്ടാതെ ഓരോ രണ്ടുമണിക്കൂറിലും ഉണര്‍ന്നുപോകും; ദിവസം 10 തവണ വരെ കൊക്കെയ്ന്‍ ഉപയോഗിക്കും; ഉറക്കം കിട്ടാന്‍ ഉറക്കഗുളിക കൂടിയായതോടെ എല്ലാം തകിടം മറിഞ്ഞു; മയക്കുമരുന്ന് വാങ്ങാന്‍ 1 കോടിയുടെ സ്വത്തും വിറ്റുതുലച്ചു; ഡോ.നമ്രതയെ മയക്കുമരുന്ന് വിഴുങ്ങിയത് ഇങ്ങനെ

ഡോ.നമ്രതയെ മയക്കുമരുന്ന് വിഴുങ്ങിയത് ഇങ്ങനെ

Update: 2025-05-12 15:32 GMT

ഹൈദരാബാദ്: കൊക്കെയ്ന്‍ കൈമാറ്റത്തിനിടെ, പിടിയിലായ ഡോക്ടര്‍ നമ്രത ചിഗുരുപതിക്ക് മയക്കുമരുന്നിനോടുള്ള അടിമത്തം കാരണം ഉറക്കം പോലും ഇല്ലായിരുന്നുവെന്ന് പൊലീസ്. നല്ല ഉറക്കം എന്നത് നമ്രതയ്ക്ക് സ്വപ്‌നം മാത്രമായിരുന്നു. ഓരോ രണ്ടുമണിക്കൂറിലും ഉണര്‍ന്നുപോകും. ഉറക്കം കിട്ടാന്‍ വേണ്ടി ഉറക്ക ഗുളിക കൂടി കഴിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലായി.

കഴിഞ്ഞ ദിവസമാണ്, വാട്സ് ആപ് വഴി അഞ്ചുലക്ഷം രൂപയുടെ കൊക്കെയ്ന്‍ ഓര്‍ഡര്‍ ചെയ്തതിന്് ഡോക്ടര്‍ അറസ്റ്റിലായത്. ഈ കേസില്‍ ഡോക്ടര്‍ കുറ്റസമ്മതം നടത്തിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കൊക്കെയ്ന്‍ വിതരണക്കാരനായ വന്‍ഷ് ധക്കറുടെ ഏജന്റ് ബാലകൃഷ്ണ രാംപ്യാര്‍ റാമാണ് 53 ഗ്രാം ഡോക്ടര്‍ നമ്രതയുടെ മിനികൂപ്പറില്‍ വച്ച് കൈമാറിയത്. വളരെ ശ്രദ്ധാപൂര്‍വ്വം 57 ചെറിയ പാക്കറ്റുകളിലായിട്ടാണ് കൊക്കെയ്ന്‍ കൈമാറിയത്. തുക ധക്കറുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി കൈമാറുകയായിരുന്നു. പോലീസ് ഇവരുടെ പിന്നാലെ തന്നെയുണ്ടായിരുന്നു. 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ടു സെല്‍ഫോണുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

അടിമയായത് ഇങ്ങനെ

ചോദ്യം ചെയ്യലില്‍ താന്‍ 70 ലക്ഷത്തോളം രൂപ മയക്കുമരുന്ന് വാങ്ങാന്‍ ചെലവഴിച്ചതായി ഡോ.നമ്രത പറഞ്ഞു. 2021 നും 2022നുമിടെ എം.ബി.എ ചെയ്യാനായി സ്പെയിനില്‍ എത്തിയപ്പോഴാണ് കൊക്കെയ്ന് അടിമപ്പെട്ടത്. 2014 ലാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. റേഡിയേഷന്‍ ഓങ്കോളജിയില്‍ എം ഡി പൂര്‍ത്തിയാക്കിയത് 2017 ലും. വിവാഹമോചിതയായ നമ്രത രണ്ടുകുട്ടികളുടെ അമ്മയാണ്.




നേരത്തെ നാട്ടുകാരനായ ഒരു ഡിജെയില്‍ നിന്നാണ് ഇവര്‍ കൊക്കെയ്ന്‍ വാങ്ങിയിരുന്നത്. അതിനുശേഷം വന്‍ഷ് ധാക്കറുമായി നേരിട്ട് ബന്ധം സ്ഥാപിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഏജന്റ് ബാലകഷ്ണ, താന്‍ ധക്കറിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്ന് സമ്മതിച്ചിട്ടുണ്ട്. ഡോ.നമ്രതയുടെ ഐഫോണില്‍ നിന്ന് ബാലകൃഷ്ണയുമായുള്ള വാട്‌സാപ്പ് ചാറ്റുകളുടെ തെളിവുകള്‍ കിട്ടി. ഡീലുകള്‍ പുറത്തറിയാതിരിക്കാന്‍ ധക്കര്‍ വാട്‌സാപ്പില്‍ ഡിസ്സപ്പിയറിങ് മെസേജുകള്‍ ഉപയോഗിച്ചിരുന്നതായും വ്യക്തമായി. ധക്കര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ദിവസം പത്തുതവണ വരെ കൊക്കെയ്ന്‍

നമ്രത, ദിവസവും പത്തുതവണ വരെ കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് വാങ്ങാനായി ഒരുകോടിയോളം രൂപ വിലയുള്ള വസ്തു ഇവര്‍ വിറ്റു. ഡോ. നമ്രത ഏറെനാളായി പോലീസിന്റെയും തെലങ്കാന ആന്റി നാര്‍ക്കോട്ടിക്സ് ബ്യൂറോയുടെയും നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലാകുന്നതിന് 20 ദിവസം മുമ്പ് പോലീസ് സംഘം ഇവരുടെ വീട്ടിലെത്തി മുന്നറിയിപ്പ് നല്‍ക.ി വനിതാ ഡോക്ടര്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും എത്രയുംവേഗം ഇവരെ ഡീ-അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റണമെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടുകാരാട് പറഞ്ഞത്. എന്നാല്‍, താന്‍ നിരീക്ഷണത്തിലാണെന്ന കാര്യം ലഹരിക്കടിമയായ ഡോക്ടര്‍ ഗൗനിച്ചതേയില്ല.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആശുപത്രി ശൃംഖലയായ 'ഒമേഗ ഹോസ്പിറ്റല്‍സി'ന്റെ സിഇഒയായിരുന്നു ഡോ. നമ്രത. ഒമേഗ ഹോസ്പിറ്റല്‍സ് സ്ഥാപകനും എംഡിയുമായ ഡോ. മോഹനവംശിയുടെ മകളാണ്. കാന്‍സര്‍ ചികിത്സ നല്‍കിയിരുന്ന ഒമേഗ ആശുപത്രിയിലെ റേഡിയോളജിസ്റ്റ് കൂടിയായിരുന്നു ഇവര്‍. എന്നാല്‍, ഡോ.നമ്രതയ്ക്ക് ഇപ്പോള്‍ ആശുപത്രിയുമായി ബന്ധമൊന്നും ഇല്ലെന്ന് ഒമേഗ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് വ്യക്തമാക്കി.

കോടതിയില്‍ ഹാജരാക്കിയ ഇരുപ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയില്‍ നിന്ന് 2017ലാണ് ഇവര്‍ റേഡിയേഷന്‍ ഓങ്കോളജിയില്‍ എം.ഡി എടുത്തത്.

Tags:    

Similar News