വിവിധ ജില്ലകളിലെ പോസ്റ്റ് ഓഫിസുകള്‍ വഴി ലഹരി മരുന്ന് അയച്ചു; ലഹരി പായ്ക്കറ്റുകളിലാക്കിയിരുന്നത് എഡിസന്റെ വീട്ടില്‍ വെച്ച്; എല്‍എസ്ഡിയും കെറ്റമിനും പോസ്റ്റ് ഓഫിസുകളും സ്വകാര്യ കുറിയര്‍ സര്‍വീസും വഴി അയച്ചത് ആഴ്ചയില്‍ 4 തവണ; പണമുണ്ടാക്കി യുകെയിലേക്ക് കുടിയേറാനുള്ള എഡിസന്റെ പദ്ധതിയില്‍ ഭാര്യയ്ക്കും പങ്ക്? അന്വേഷണവുമായി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ
കൊച്ചി: ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബുവിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മിക്ക പോസ്റ്റ് ഓഫിസുകൾ വഴിയും ലഹരിമരുന്ന് അയച്ചിട്ടുണ്ടെന്നാണ് വിവരം. എഡിസണെ പിടികൂടുന്നതിനു മുൻപു തന്നെ ഇക്കാര്യം നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് മനസ്സിലാക്കിയിരുന്നതായാണ് സൂചന. മയക്ക് മരുന്ന് വില്പന വഴി പണമുണ്ടാക്കി വിദേശത്ത് പോകാനായിരുന്നു എഡിസന്റെ പദ്ധതി. ഇതിനായി യുകെയിൽനിന്ന് വൻതോതിൽ എത്തിക്കുന്ന എൽഎസ്ഡിയും കെറ്റമിനും പോസ്റ്റ് ഓഫിസുകളും സ്വകാര്യ കുറിയർ സര്‍വീസും വഴി ഇവർ അയച്ചിരുന്നെന്ന് എൻസിബി പറയുന്നു.
എഡിസൻ, മൂവാറ്റുപുഴ സ്വദേശി അരുൺ തോമസ്, മറ്റൊരു കേസിൽ അറസ്റ്റിലായ ഇവരുടെ സഹപാഠിയും സുഹൃത്തുമായ പറവൂർ സ്വദേശി ഡിയോൾ കെ.വർഗീസ് എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോഴും ഇക്കാര്യത്തിൽ എൻസിബി വ്യക്തത തേടിയിരുന്നു. നാലു ദിവസത്തെ കസ്റ്റഡിക്കു ശേഷം ഇവരെ വീണ്ടും റിമാൻഡ് ചെയ്തിരിക്കുകയാണ്. വളരെ കൃത്യതയോടെയാണ് എഡിസൺ ലഹരി ഇടപാടുകൾ നടത്തിയിരുന്നത്. എഡിസന്റെ വീട്ടിൽ വച്ചായിരുന്നു ലഹരി പായ്ക്കറ്റുകളിലാക്കിയിരുന്നത്. ആഴ്ചയിൽ 4 തവണയെങ്കിലും എഡിസൺ ഇത്തരത്തിൽ പാഴ്സലുകൾ അയച്ചിരുന്നു. ഓരോ പാക്കറ്റുകളിലും രണ്ടോ മൂന്നോ എൽഎസ്ഡി സ്റ്റാമ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും എൻസിബി വൃത്തങ്ങൾ പറയുന്നു.
വ്യാജ ആധാർ വിവരങ്ങളാണോ പാഴ്സലുകൾ അയയ്ക്കാനും സ്വീകരിക്കാനും ഉപയോഗിച്ചിരുന്നത് എന്നതും എൻസിബി അന്വേഷിക്കുന്നുണ്ട്. ലഹരി സംഘത്തിൽ ഒരിക്കൽ ഉൾപ്പെട്ടാൽ പിന്നീട് പുറത്തു കടക്കാനാവില്ലെന്നും അതാണു തനിക്കു സംഭവിച്ചതെന്നും എഡിസൺ മൊഴി നൽകിയതായി സൂചനയുണ്ട്. അരുൺ തോമസ് പാഴ്സലുകൾ അയയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് കൂടുതലും പ്രവര്‍ത്തിച്ചിരുന്നത്. ഡിയോളിനും ഭാര്യ അഞ്ജുവിനും എഡിസണ്‍ ഡാർക്ക് വെബ് വഴി നടത്തുന്ന കെറ്റാമെലോൺ ലഹരി ഇടപാടിനെ കുറിച്ച് അറിയാമായിരുന്നോ എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. 2022ൽ കൊച്ചിയിൽ കെറ്റമിൻ പിടിച്ച കേസിലാണ് ഡിയോളും ഭാര്യയും അറസ്റ്റിലായത്.
ഓസ്ട്രേലിയയിലേക്ക് കെറ്റമിൻ അയയ്ക്കാൻ എഡിസൺ ഇവരെ സഹായിച്ചിരുന്നു എന്നാണ് വിവരം. എൻജിനീയറിങ് പഠനകാലത്തു സഹപാഠികളായിരുന്നു എഡിസണും അരുണും ഡിയോളും. 2023ല്‍ കൊച്ചി ഫോറിന്‍ ഓഫിസില്‍ പിടിച്ചെടുത്ത കെറ്റമിനുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഡിയോളിലേക്കും ഭാര്യയിലേക്കും എന്‍സിബി സംഘത്തെ എത്തിച്ചത്. യാദൃച്ഛികമാണ് രണ്ടു കേസും ഒരുമിച്ചു വന്നതെങ്കിലും എഡിസനിലേക്ക് നീണ്ട അന്വേഷണം ഡിയോളിനെ കണ്ടെത്തുന്നതില്‍ സഹായിച്ചുവെന്ന് എന്‍സിബി വൃത്തങ്ങള്‍ വ്യക്തമാക്കി. ജൂണ്‍ 30നാണ് എഡിസണെ മൂവാറ്റുപുഴയിലെ വീട്ടില്‍ നിന്ന് എന്‍സിബി അറസ്റ്റ് ചെയ്യുന്നതും പിറ്റേന്ന് കോടതിയില്‍ ഹാജരാക്കുന്നതും.
ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുള്ള കാര്യങ്ങളാണ് കസ്റ്റഡി അപേക്ഷയ്ക്കായി സമര്‍പ്പിച്ചിട്ടുള്ളത്. കോടതി ഇതു പരിശോധിക്കുന്നതായാണ് തങ്ങള്‍ മനസിലാക്കുന്നതെന്നും തിങ്കളാഴ്ച തന്നെ ഇവരെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും എന്‍സിബി വൃത്തങ്ങള്‍ പറഞ്ഞു. 2023ല്‍ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള 'സംബാദ' കാര്‍ട്ടലിനെ പൂട്ടിയതോടു കൂടി അവിടെ വന്ന ശൂന്യത മനസിലാക്കി എഡിസന്‍ സ്വയം ആ സ്ഥാനത്തേക്ക് അവരോധിക്കപ്പെടുകയായിരുന്നു എന്നാണ് എന്‍സിബി വൃത്തങ്ങള്‍ പറയുന്നത്. ഡല്‍ഹി കേന്ദ്രമാക്കിയുള്ള ആളെയും ജയ്പുര്‍ കേന്ദ്രീകരിച്ചുള്ള ആളെയും അറസ്റ്റ് ചെയ്തതോടെ ഇക്കൂട്ടത്തിലുണ്ടായിരുന്ന മൂന്നാമന്‍ ഈ മേഖലയില്‍ നിന്ന് പിന്മാറി.
ഇതോടെയാണ് എഡിസന്‍ സാധ്യതകള്‍ മനസിലാക്കിയതും ലഹരി ഇടപാടില്‍ കെറ്റാമെലാണ്‍ എന്ന ബ്രാന്‍ഡ് സൃഷ്ടിക്കുന്നതും. ഇത് പൂര്‍ണമായി ഡാര്‍ക്ക്‌നെറ്റ് കേന്ദ്രീകൃതമായിരുന്നു. ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ കൃത്യമായി കൃത്യ സമയത്ത് എത്തിച്ചു എന്നു മാത്രമല്ല, ഏതെങ്കിലും പാഴ്‌സലുകള്‍ നഷ്ടപ്പെട്ടാല്‍ അതിന് നഷ്ടപരിഹാരം കൊടുക്കുന്നത്ര കാര്യങ്ങള്‍ ചെയ്താണ് എഡിസണ്‍ ഡാര്‍ക്ക്‌നെറ്റ് ലഹരി ഇടപാടില്‍ തന്റെ വിശ്വാസ്യത ഊട്ടിയുറപ്പിച്ചത്.
എഡിസനൊപ്പം അറസ്റ്റിലായ അരുണ്‍ തോമസിനു ലഹരി ഇടപാടിലുള്ള പങ്കാളിത്തം സംബന്ധിച്ചും എന്‍സിബി കൂടുതല്‍ വിവരങ്ങള്‍ തേടുന്നുണ്ട്. നിലവില്‍ ലഹരി വില്‍പനയ്ക്കുള്ള കെപറിയര്‍ സര്‍വീസില്‍ പങ്കുവഹിച്ചു എന്നതാണ് അരുണിനെതിരായി എന്‍സിബി കണ്ടെത്തിയിട്ടുള്ള വിവരങ്ങള്‍.
രാജ്യത്ത് പലയിടങ്ങളിലായി ജോലി ചെയ്തിരുന്ന എഡിസന്‍ നാട്ടിലേക്ക് പോരുന്നതിന് മുന്‍പ് ബെംഗളുരുവിലാണ് ഒടുവിലായി ജോലി ചെയ്തത്. ഇതിനു ശേഷമായിരുന്നു ആലുവയില്‍ റസ്റ്ററന്റ് തുടങ്ങിയതും കോവിഡ് സമയത്ത് ഇതു പൂട്ടിയതും. പിന്നാലെ വീട് കേന്ദ്രീകരിച്ച് എല്‍എസ്ഡി, കെറ്റമിന്‍ വില്‍പനയിലേക്ക് തിരിയുകയായിരുന്നു. അതേസമയം രണ്ടു വര്‍ഷത്തിനിടയില്‍ ആറായിരത്തോളം ലഹരി ഇടപാടുകള്‍ എഡിസന്‍ നടത്തിയിട്ടുണ്ടെന്നാണ് എന്‍സിബി വെളിപ്പെടുത്തിയത്.
തെളിവുകളൊന്നും അവശേഷിപ്പിക്കാത്ത മൊനേരൊ ക്രിപ്റ്റോ കറന്‍സി വഴിയായിരുന്നു എഡിസന്റെ ഇടപാടുകള്‍. വീട്ടില്‍ നടത്തിയ റെയ്ഡില്‍ 70 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറന്‍സിയും 35 ലക്ഷം രൂപ വിലവരുന്ന 847 എല്‍എസ്ഡി സ്റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമിനും എന്‍സിബി പിടിച്ചെടുത്തിരുന്നു. അതിനു തലേന്ന് കൊച്ചി ഫോറിന്‍ പോസ്റ്റ് ഓഫിസില്‍ എഡിസന്റെ പേരിലെത്തിയ പാഴ്സലില്‍ നിന്ന് 280 എല്‍എസ്ഡി സ്റ്റാംപുകളും പിടികൂടിയിരുന്നു.