ആൺസുഹൃത്തുമായി ചേർന്ന് ലഹരിമരുന്ന് കച്ചവടം നടത്തിയത് സോഫ്റ്റ്‌വെയർ എൻജിനീയർ; വിതരണക്കാരിൽനിന്ന് ലഹരിവസ്തുക്കൾ വാങ്ങിയിരുന്നത് ഡാർക്ക് വെബിലൂടെ; യുവതിയടക്കം നാല് പേർ പിടിയിൽ
ഹൈദരാബാദ്: സോഫ്റ്റ്‌വെയർ എൻജിനീയർ ഉൾപ്പെടെ നാലുപേരെ ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ഹൈദരാബാദ് പോലീസ്. സോഫ്റ്റ്‌വെയർ എൻജിനീയറായ സുഷ്മിതാദേവി (21, ലില്ലി), ഇവരുടെ ആൺസുഹൃത്തും ഇവന്റ് മാനേജറുമായ ഉമ്മിദി ഇമ്മാനുവൽ (25), ലഹരിമരുന്ന് വിതരണക്കാരനായ ജി. സായ്കുമാർ (28), ഉപഭോക്താവായ താരക ലക്ഷ്മീകാന്ത് അയ്യപ്പ (24) എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കൽനിന്ന് മൂന്നുലക്ഷം രൂപയോളം മതിപ്പുവരുന്ന വിവിധതരം മയക്കുമരുന്നുകളും പണവും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഹൈഡ്രോപോണിക് കഞ്ചാവ് (22 ഗ്രാം), എംഡിഎംഎ (5 ഗ്രാം), ആറ് എൽഎസ്ഡി സ്റ്റാമ്പുകൾ, എക്റ്റസി ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരം. കൂടാതെ 50,000 രൂപയും നാല് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു.
ഇമ്മാനുവലും സുഷ്മിതയും ചേർന്നാണ് ലഹരിമരുന്ന് ശൃംഖല നിയന്ത്രിച്ചിരുന്നതെന്ന് ഹൈദരാബാദ് നർക്കോട്ടിക്സ് എൻഫോഴ്സ്മെന്റ് വിഭാഗവും പ്രാദേശിക പോലീസും അറിയിച്ചു. ഡാർക്ക് വെബ് വഴിയാണ് ഇമ്മാനുവൽ വിതരണക്കാരിൽനിന്ന് ലഹരിവസ്തുക്കൾ വാങ്ങിയിരുന്നത്. പണമിടപാടുകൾക്കായി ക്രിപ്‌റ്റോ കറൻസി വാലറ്റുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ഇമ്മാനുവൽ ഇല്ലാത്ത സമയങ്ങളിൽ മയക്കുമരുന്ന് വിതരണവും ഓൺലൈൻ ഇടപാടുകളും കൈകാര്യം ചെയ്തിരുന്നത് സുഷ്മിതയായിരുന്നു. സായ്കുമാർ ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്ന ജോലി ചെയ്തിരുന്നു.