ഡിജെ പാർട്ടികൾ കേന്ദ്രീകരിച്ച് രാസലഹരി വിൽപ്പന; 'ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൽ' പിടിച്ചെടുത്തത് എൽഎസ്ഡി സ്റ്റാമ്പുകളും, കഞ്ചാവും; പാലോട് സ്വദേശിക്ക് അന്തർസംസ്ഥാന ലഹരി മാഫിയയുമായി ബന്ധം; അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും

Update: 2025-05-11 07:46 GMT

തിരുവനന്തപുരം: ഡിജെ പാർട്ടികൾ കേന്ദ്രീകരിച്ച് വൻതോതിൽ രാസലഹരി വിൽപ്പന നടത്തിയിരുന്ന യുവാവിനെ പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മാരകമായ മയക്കുമരുന്ന് സ്റ്റാമ്പുകളോടെ പ്രതി പിടിയിലായത്. ബാലരാമപുരം വെടിവച്ചാൻകോവിൽ ഭാഗത്ത് നിന്നുമാണ് മാരകമായ മയക്കുമരുന്ന് സ്റ്റാമ്പുകളുമായി പാലോട് സ്വദേശിയായ ആസിഫ് മുഹമ്മദിനെ നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതിക്ക് അന്തർസംസ്ഥാന ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നാണ് സൂചന.

486 മില്ലിഗ്രാം (18 എണ്ണം) എൽഎസ്ഡി സ്റ്റാമ്പുകളും 15 ഗ്രാമോളം കഞ്ചാവും ആസിഫിന്റെ പക്കൽ നിന്നും കണ്ടെടുത്തു. അന്തർ സംസ്ഥാനങ്ങളുമായി ബന്ധമുള്ള ആസിഫ് മുഹമ്മദ് ഇടനിലക്കാരെ തരപ്പെടുത്തിയാണ് വൻതോതിൽ തിരുവനന്തപുരത്ത് രാസലഹരി എത്തിച്ചിരുന്നത്. ഇയാളുടെ സ്‌കൂട്ടറും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും സൂചനയുണ്ട്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മണിവർണ്ണൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രമേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാൽകൃഷ്ണ, വിനോദ്, പ്രസന്നൻ, അൽത്താഫ്, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശാലിനി എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News