പോലീസ് ജീപ്പ് വീട്ടുമുറ്റത്ത് ഇരച്ചെത്തി; കതക് അടച്ച് ആത്മഹത്യഭീഷണി മുഴക്കി അമ്മയും മകളും; കാര്യം അറിഞ്ഞ് എത്തിയ നാട്ടുകാർക്ക് ഞെട്ടൽ; കൊല്ലത്ത് അറസ്റ്റിനിടെ നടന്നത്!

Update: 2025-05-01 08:14 GMT

അഞ്ചല്‍: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരിപരിശോധനയ്ക്കായി എത്തിയ പോലീസിനെ മർദിച്ച കേസിൽ അമ്മയെയും മകളെയും അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ കരുകോണ്‍ സ്വദേശികളായ സന്‍സ (49), മകള്‍ നജുമ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ രണ്ടുപേരും വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.

ഒട്ടേറെ കഞ്ചാവ് കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച കരുകോണ്‍ ഷാഹിദയുടെ വീട്ടിലാണ് കഴിഞ്ഞദിവസം ഡാന്‍സാഫ് അംഗങ്ങളും വനിതാ പോലീസും അടങ്ങിയ സംഘം പരിശോധനയ്‌ക്കെത്തിയത്. ഷാഹിദയുടെ മകള്‍ സന്‍സയും കൊച്ചുമകള്‍ നജുമയും ചേര്‍ന്ന് പോലീസിനെ തടയുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് കേസ്. ഡാന്‍സാഫ് എസ്ഐ ബാലാജിക്കും സിവില്‍ പോലീസ് ഓഫീസര്‍ ആദര്‍ശിനും വനിതാ പോലീസ് ഉദ്യോഗസ്ഥ നിഷയ്ക്കുമാണ് മര്‍ദനമേറ്റത്.

കൂടുതല്‍ പോലീസ് എത്തിയപ്പോഴേക്കും സന്‍സയും നജുമയും രക്ഷപ്പെട്ടു. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 46 ഗ്രാം കഞ്ചാവും, 1,64,855 രൂപയും പോലീസ് കണ്ടെടുത്തു. പ്രതികളെ പിടികൂടാനായി ബുധനാഴ്ച വീട്ടിൽ എത്തിയ പോലീസ് സംഘത്തെ കണ്ട് പ്രതികള്‍ വീടിന്റെ കതക് അടയ്ക്കുകയും ആത്മഹത്യഭീഷണി മുഴക്കുകയും തുടര്‍ന്ന് വിഷം കഴിക്കുകയുമായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

പിന്നാലെ ബലപ്രയോഗത്തിലൂടെ പോലീസ് വീട്ടില്‍ കടന്ന് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അഞ്ചലിലെ സര്‍ക്കാര്‍ ആശുപത്രിയിലും പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയും ചെയ്തു.

Tags:    

Similar News