രണ്ടു കുട്ടികളെ ഇടിച്ചുതെറിപ്പിച്ച് കൊന്നിട്ട് റോഡിലൂടെ പാഞ്ഞോട്ടം; ജീവന് വേണ്ടി പിടയുന്ന ആ സഹോദരന്മാരെ കണ്ട് കലി കയറി നാട്ടുകാർ ചെയ്തത്; കാർ വളഞ്ഞുള്ള ചെയ്‌സിങ്ങിൽ കാൽ പോലും നിലത്ത് ഉറയ്ക്കാതെ ഒരാൾ; നടുക്കം മാറാതെ നാട്ടുകാർ
പൽവാൽ: ഹരിയാനയിലെ പൽവാലിൽ മദ്യലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച പുതിയ കാറിടിച്ച് സഹോദരങ്ങളായ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു. മറ്റ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നൂഹ് ഡിഎസ്പി ഓഫീസിലെ റീഡറായ ഹെഡ് കോൺസ്റ്റബിൾ നരേന്ദർ സിംഗ് ആണ് വാഹനമോടിച്ചിരുന്നത്.
തിങ്കളാഴ്ച ഉച്ചയോടെ ഉട്ടാവർ ഗ്രാമത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. സ്കൂൾ വിട്ട് മുത്തച്ഛനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 9നും 13നും ഇടയിൽ പ്രായമുള്ള മൂന്ന് സഹോദരന്മാരെയാണ് ഇയാൾ ഓടിച്ചുവന്ന കാർ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ 13കാരനായ മൊഹമ്മദ് ആര്യനും 9കാരനായ മൊഹമ്മദ് അഹ്സാനും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന 7 വയസുകാരനായ മൊഹമ്മദ് അർജാൻ ഗുരുതരാവസ്ഥയിൽ നൽഹാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിന് പിന്നാലെ വാഹനമോടിച്ച നരേന്ദർ സിംഗ്, കാറുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി. ഇയാൾ യൂണിഫോമിൽ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടസ്ഥലത്ത് നിന്ന് ഏകദേശം പത്ത് കിലോമീറ്റർ അകലെ ഒരു ഗ്രാമത്തിലേക്ക് പോകുകയായിരുന്നു ഇയാൾ. നാട്ടുകാർ കാർ തടഞ്ഞ് നിർത്തുകയും അക്രമിക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ മരിച്ചവരുടെ മുത്തച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമിതവേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.