കസ്റ്റംസ് ട്രിബ്യൂണലില്‍ പോകാതെ ഹൈക്കോടതിയെ സമീപിച്ചത് തിരിച്ചടിയായി; വാഹനം വിട്ടുകിട്ടണമെന്ന ദുല്‍ഖറിന്റെ ആവശ്യം വീണ്ടും കസ്റ്റംസിന്റെ കോര്‍ട്ടില്‍; പിന്നാലെ ഇഡിയും കളത്തില്‍ ഇറങ്ങിയതോടെ ദുല്‍ഖര്‍ സല്‍മാന് കൂടുതല്‍ കുരുക്ക്; ഇഡിയെയും കടുപ്പിച്ചതോടെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടുകിട്ടുന്നത് എളുപ്പമാകില്ല

കസ്റ്റംസ് ട്രിബ്യൂണലില്‍ പോകാതെ ഹൈക്കോടതിയെ സമീപിച്ചത് തിരിച്ചടിയായി

Update: 2025-10-08 07:08 GMT

കൊച്ചി: ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കസ്റ്റംസ് കസ്റ്റഡിയില്‍ നിന്നു വിട്ടുകിട്ടണമെന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ മോഹം അതിമോഹമാകുമോ? ഓപ്പറേഷന്‍ നുമ്‌ഖോറുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന് കസ്റ്റംസിനെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ പന്ത് വീണ്ടും കസ്റ്റംസിന്റെ കോര്‍ട്ടിലാണ്.

കസ്റ്റംസ് നിയമപ്രകാരം വാഹനം വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്നും ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും കോടതി കസ്റ്റംസിനു നിര്‍ദേശം നല്‍കിയത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് കടുപ്പിക്കാനാകും കസ്റ്റംസ് ശ്രമിക്കുക. ഇതിനിടെയാണ് ഇഡിയും കളത്തില്‍ ഇറങ്ങിയത്. ഇതോടെ ദുല്‍ഖറിന് വാഹനം എളുപ്പം വീണ്ടെടുക്കാമെന്ന മോഹങ്ങള്‍ക്ക് മേല്‍ തിരിച്ചടിയായിരിക്കയാണ്.

നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത തന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കസ്റ്റംസ് പിടിച്ചെടുത്തെന്നും ഇത് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്. കസ്റ്റംസ് ആവശ്യം നിരസിക്കുകയാണെങ്കില്‍ രേഖകളടക്കം അതിന്റെ കാരണങ്ങള്‍ ഹൈക്കോടതിയെ അറിയിക്കണമെന്ന് മാത്രമാണ് കോടതി വിധി. ഇതോടെ കസ്റ്റംസിന് തന്നെയാണ് ഇനിയും കാര്യങ്ങളിലെ നിയന്ത്രണം.

ദുല്‍ഖറിന്റെ ഹര്‍ജി നിലനില്‍ക്കില്ല എന്നായിരുന്നു കസ്റ്റംസിന്റെ വാദം. നിയമപ്രകാരം പരിശോധന നടത്താനും പിടിച്ചെടുക്കാനും കസ്റ്റംസിന് അധികാരമുണ്ട്. അന്വേഷണം ആദ്യഘട്ടത്തിലാണ്. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും വാഹനം പിടിച്ചെടുത്തതും. രാജ്യത്തേക്ക് കടത്തിയ 150ലേറെ വാഹനങ്ങള്‍ കേരളത്തിലുണ്ട്. ദുല്‍ഖറിന്റെ മറ്റു രണ്ടു കാറുകള്‍ കൂടി പിടിച്ചെടുത്തിട്ടുണ്ട്. അവ പിടിച്ചെടുത്തതിനെ നടന്‍ എതിര്‍ത്തിട്ടില്ല. വാഹനം വിട്ടുകിട്ടുന്നതിനു വേണ്ടി അപ്പലറ്റ് ട്രിബ്യൂണലിനെയോ അതുകഴിഞ്ഞ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനേയോ സമീപിക്കാവുന്നതാണെന്നും കസ്റ്റംസ് വാദിച്ചു.


Full View

എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാതെയാണ് വാഹനം പിടിച്ചെടുത്തതെന്ന് ദുല്‍ഖറിന്റെ അഭിഭാഷകന്‍ വാദിച്ചു. 2004ല്‍ റെഡ് ക്രോസിനു വേണ്ടി യുകെയില്‍നിന്ന് ഡല്‍ഹിയില്‍ ഇറക്കുമതി ചെയ്ത വിവിധ മന്ത്രാലയങ്ങളുടെ അനുമതിയുള്ള വാഹനമാണിത്. അവിടെനിന്ന് 2012ല്‍ തമിഴ്‌നാട് സ്വദേശി വാങ്ങി. പിന്നീടും കൈമറിഞ്ഞാണ് താന്‍ വാങ്ങിയതെന്നും അതിന് എല്ലാ രേഖകളുമുണ്ടെന്നും ദുല്‍ഖര്‍ വാദിച്ചു.

പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടതു സംബന്ധിച്ച് കോടതി കസ്റ്റംസിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചു. ആദ്യ റജിസ്‌ട്രേഷന്‍ വ്യാജമാണ് എന്നു പറയാന്‍ എന്താണ് കാരണമെന്നും ഇതിനു തെളിവുകള്‍ ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. വാഹനങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ അതിനെക്കുറിച്ച് പ്രാഥമികമായ അന്വേഷണം നടത്തുന്ന കാര്യത്തെക്കുറിച്ചും കോടതി ചോദിച്ചു. എന്നാല്‍ തങ്ങള്‍ക്ക് അതിന് അധികാരമുണ്ടെന്ന് വകുപ്പുകള്‍ നിരത്തി കസ്റ്റംസ് വിശദീകരിച്ചു.

പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത് പോലെയല്ല കസ്റ്റംസ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുന്നത്. 110 എ എന്ന സെക്ഷന്‍ ഉപയോഗിച്ചാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുക. ഈ വാഹനം സൂക്ഷിക്കേണ്ടത് ഉടമ തന്നെയാണ്. നിബന്ധനകളോടെ അവര്‍ക്ക് തന്നെ വിട്ടുകൊടുക്കുകയാണ് ചെയ്യാറാണ്. റെയ്ഡില്‍ പിടിച്ചെടുത്ത 34 കാറും ഇങ്ങനെ ഉടമക്ക് തന്നെ വിട്ടുകൊടുക്കുകയാണ് ഉണ്ടായത്.

എന്നാല്‍ സ്വര്‍ണം പിടിച്ചെടുക്കുന്നതു പോലെയല്ല വാഹനങ്ങളെന്നു കോടതി ചൂണ്ടിക്കാട്ടി. 20 കൊല്ലമായി ഇവിടെ ഓടിക്കൊണ്ടിരുന്ന, ഒരാള്‍ പണം കൊടുത്ത് വാങ്ങിയ വാഹനമാണ് പിടിച്ചെടുക്കുന്നത് എന്ന് കോടതി പറഞ്ഞു. ഒട്ടേറെ അധികൃതരിലൂടെ കടന്നു പോന്നതായിരിക്കുമല്ലോ വാഹനത്തിന്റെ രേഖകള്‍ എന്നും കോടതി പരാമര്‍ശിച്ചു. തുടര്‍ന്നാണ് വാഹനം വിട്ടുകിട്ടുന്നതിനു കസ്റ്റംസിനെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

കസ്റ്റംസ് നിയമത്തിലെ 110(എ) അനുസരിച്ച് പിടിച്ചെടുക്കപ്പെട്ട വാഹനത്തിന്റെ ഉടമയ്ക്ക് വാഹനം താല്‍ക്കാലികമായി വിട്ടുകിട്ടാന്‍ കസ്റ്റംസിനെ സമീപിക്കാം. വാഹനത്തിന്റെ തുടക്കം മുതലുള്ള രേഖകള്‍ സഹിതമായിരിക്കണം അപേക്ഷിക്കേണ്ടത്. ബോണ്ടും സെക്യൂരിറ്റിയും കെട്ടിവയ്ക്കണം. ഇത് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാന്‍ കസ്റ്റംസിന് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ദുല്‍ഖറിനു വാഹനം വിട്ടുകിട്ടുമോ എന്നറിയുക. ഭൂട്ടാനില്‍നിന്ന് വാഹനങ്ങള്‍ ഇന്ത്യയിലേക്കു കടത്തുന്നുവെന്നും ഇത്തരത്തില്‍ കടത്തിയ 150ലേറെ വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നും കാട്ടി കസ്റ്റംസ് നടത്തിയ റെയ്ഡില്‍ ഇതുവരെ 40 വാഹനങ്ങളാണ് പിടികൂടിയിട്ടുള്ളത്.

കസ്റ്റംസ് പരിശോധനയ്ക്കു പിന്നാലെയാണ് ഇ.ഡിയും റെയ്ഡും ഇന്ന് നടക്കുന്നത്. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോള്‍ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലുമാണ് റെയ്ഡ്. കടവന്ത്രയിലെ വീട്ടിലാണ് ദുല്‍ഖര്‍ താമസിക്കുന്നത്. അമിത് ചക്കാലയ്ക്കല്‍, വിദേശ വ്യവസായി വിജേഷ് വര്‍ഗീസ്, വാഹന ഡീലര്‍മാര്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും റെയ്ഡ് എന്നാണ് വിവരം. ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് ഇ.ഡിയുടെ വിശദീകരണം.

ഇന്ത്യയിലേക്ക് ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂസര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും റജിസ്‌ട്രേഷനിലും ഏര്‍പ്പെട്ടിരിക്കുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ശൃംഖല വ്യാജ രേഖകളും അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, മറ്റു സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വ്യാജ ആര്‍ടിഒ റജിസ്‌ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തി.

പിന്നീട് വാഹനങ്ങള്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി ആരംഭിച്ചത്. അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിര്‍ത്തി കടന്നുള്ള പണമടയ്ക്കലും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ഇ.ഡി അധികൃതര്‍ വിശദീകരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദുല്‍ഖറിന് മുന്നില്‍ വാഹനം വിട്ടുകിട്ടുന്നതിന് വെല്ലുവിളികള്‍ ഏറെയാണ്.

Tags:    

Similar News